ഭാര്യയെ കൊന്ന് അടുക്കളത്തോട്ടത്തില്‍ കുഴിച്ചിട്ട ഭര്‍ത്താവ് ജയിലിലേക്ക്: ജീവപര്യന്തം തടവ് വിധിച്ച് കോടതി
ഭാര്യയെ കൊന്ന് അടുക്കളത്തോട്ടത്തില്‍ കുഴിച്ചിട്ട ഭര്‍ത്താവ് ജയിലിലേക്ക്: ജീവപര്യന്തം തടവ് വിധിച്ച് കോടതി
ലണ്ടന്‍: സ്വന്തം ഭാര്യയെ കൊന്ന് തങ്ങളുടെ മുന്‍ വീടിന്റെ അടുക്കളത്തോട്ടത്തില്‍ കുഴിച്ചിട്ട ഭര്‍ത്താവിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. പരോള്‍ ലഭിക്കുന്നതിനു പോലും ചുരുങ്ങിയത് 26 വര്‍ഷം കഴിയേണ്ടി വരും. കാര്‍ഡിഫിലെ കാതേയില്‍ നിന്നും 2025 ഏപ്രില്‍ 12 ന് ആയിരുന്നു പാരിയ വീസി എന്ന 37 കാരി അപ്രത്യക്ഷയായത്. ഒരാഴ്ച്ച കഴിഞ്ഞാണ് അവരുടെ മൃതദേഷം ഇവര്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന, നഗരപ്രാന്തത്തിലെ വീട്ടിലെ തോട്ടത്തില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റിലായ ഭര്‍ത്താവ് അലിരെസ അസ്‌കാരി എന്ന 42 കാരന്‍ ജനുവരിയില്‍ നടന്ന വിചാരണയില്‍ കുറ്റം സമ്മതിച്ചിരുന്നു.
ക്രൂരമായ കൊലപാതകം മറച്ചു വയ്ക്കുന്നതിനായി അസ്‌കാരി സാധ്യമായതെല്ലാം ചെയ്തു എന്നായിരുന്നു കാര്‍ഡിഫ് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ ജഡ്ജി നിരീക്ഷിച്ചത്. അതിനോടൊപ്പം മാനസികാരോഗ്യ പ്രശ്‌നമുണ്ടെന്ന വ്യാജ അവകാശവാദം ഉയര്‍ത്തിയതിനും കോടതി പ്രതിയെ ശാസിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വീസിയുടെ കഴുത്തില്‍ നാല് കുത്തുകളും നെഞ്ചില്‍ രണ്ട് കുത്തുകളും ഏറ്റതായി കണ്ടെത്തിയിരുന്നു. വീസിയുടെ മൃതദേഹം മറവുചെയ്യാന്‍ സഹായിച്ചതിന് അസ്‌കാരിയുടെ അമ്മായി മറിയം ഡെലെവറിക്കും അഞ്ച് വര്‍ഷവും ആറ് മാസവും തടവ് ലഭിച്ചിട്ടുണ്ട്.