ചാർജ് വച്ച് ഫോൺ ഉപയോഗിക്കുന്നതിനിടെ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിച്ചു; പെൺകുട്ടി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം

Update: 2026-03-13 17:39 GMT

ബെയ്‌ജിങ്‌: ചൈനയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം. മാർച്ച് ഒമ്പതിന് നടന്ന സംഭവത്തിൽ, ഫോൺ ഉപയോഗിക്കുകയായിരുന്ന പെൺകുട്ടി അത്ഭുതകരമായി വലിയ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സോഫയിലിരുന്ന് ഫോൺ മുഖത്തിനടുത്ത് വെച്ച് ഉപയോഗിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ചൈനീസ് മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, അപകടസമയത്ത് ഫോൺ ചാർജ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങളിൽ, ഏതാനും നിമിഷങ്ങൾക്കകം ഉഗ്രശബ്ദത്തോടെ ഫോൺ പൊട്ടിത്തെറിക്കുകയും, അപ്രതീക്ഷിതമായ ഈ ആഘാതത്തിൽ പെൺകുട്ടി ഞെട്ടി ബാലൻസ് തെറ്റി സോഫയിൽ നിന്ന് താഴെ വീഴുകയുമായിരുന്നു.

ഗുരുതരമായ പരിക്കുകളില്ലാതെ പെൺകുട്ടി രക്ഷപ്പെട്ടത് ഭാഗ്യവശാലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭയന്ന് നിലവിളിച്ചുകൊണ്ട് ഫോൺ ഉപേക്ഷിച്ച് പെൺകുട്ടി ഓടിപ്പോകുന്നതും, ഫോണിൽ നിന്ന് തീ ആളിക്കത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഈ വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ മൊബൈൽ ഫോണുകളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയർന്നിരിക്കുന്നത്. ചാർജ് ചെയ്യുമ്പോഴോ അമിതമായി ഉപയോഗിക്കുമ്പോഴോ ഫോണുകൾ അമിതമായി ചൂടാകുന്നത് അപകടകരമായേക്കാമെന്ന ഓർമ്മപ്പെടുത്തലാണ് ഈ സംഭവമെന്ന് പലരും അഭിപ്രായപ്പെട്ടു. രാത്രിയിൽ ഫോൺ ചാർജ് ചെയ്തുകൊണ്ട് സമീപം ഉറങ്ങുന്നതിന്റെ അപകടങ്ങളെക്കുറിച്ചും നിരവധി പേർ ആശങ്ക പങ്കുവെച്ചു.

Tags:    

Similar News