ഈസ്റ്റര്‍ യാത്രകളും റദ്ദാക്കേണ്ടി വരും..! യുദ്ധത്തിന് പിന്നാലെ വിമാനടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍

ഈസ്റ്റര്‍ യാത്രകളും റദ്ദാക്കേണ്ടി വരും..! യുദ്ധത്തിന് പിന്നാലെ വിമാനടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍

Update: 2026-03-14 08:03 GMT

ലണ്ടന്‍: മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷം ടൂറിസം മേഖലയേയും പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങി. ഈസ്റ്ററിന് ഏതാനും ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കവെ വിമാനടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചതോടെ പലരും ഒഴിവുകാല യാത്രകള്‍ റദ്ദാക്കിയിരിക്കുകയാണ്. വിമാന ഇന്ധനത്തിന്റെ വില കുത്തനെ ഉയര്‍ന്നതോടെ ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികള്‍ എല്ലാം തന്നെ ഈയാഴ്ച്ച നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചു കഴിഞ്ഞു. അതില്‍ അവസാനമായി ഹോങ്കോംഗ് ആസ്ഥാനമായ കാത്തെ പസഫിക് ആണ് ഇന്നലെ അവരുടെ നിരക്കുകളിലെ വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. ഇറാന്‍ യുദ്ധത്തിന്റെ ഫലമായി ക്രൂഡോയില്‍ വിലയില്‍ മൂന്നിലൊന്നിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വ്യാഴാഴ്ച്ച ക്രൂഡോയില്‍ വില ബാരലിന് 100 ഡോളര്‍ വരെ എത്തിയിരുന്നു.

യുദ്ധത്തിന്റെ ഫലമായി, പ്രധാന എണ്ണക്കടത്ത് റൂട്ട് ആയ ഹോര്‍മൂസ് കടലിടുക്ക് അടച്ചിട്ടതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ലോക വിപണിയിലെ മൊത്ത എണ്ണയുടെ അഞ്ചിലൊന്ന് പോകുന്നത് ഇതുവഴിയാണ്. ഇതുവഴി പോകുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. ചില കപ്പലുകള്‍ക്ക് നേരെ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യൂറോപ്പിലെ വിമാനക്കമ്പനികള്‍ക്ക് ആവശ്യമായ ഇന്ധനത്തിന്റെ പകുതിയോളം നല്‍കുന്നത് ഗള്‍ഫ് രാജ്യങ്ങളാണ്. ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചെങ്കിലും, ഇതിനോടകം ബുക്ക് ചെയ്തവര്‍ക്ക് അധിക തുക നല്‍കേണ്ടതായി വരില്ല.

യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് വടക്ക് പടിഞ്ഞാറന്‍ യൂറോപ്പില്‍ ഒരു ടണ്‍ ജെറ്റ് ഫ്യുവലിന്റെ വില 830 ഡോളര്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് ടണ്ണിന് 1500 ഡോളറിലധികമായി വര്‍ദ്ധിച്ചിട്ടുണ്ട്. അതായത്, ഏതാണ്ട് ഇരട്ടിയോളമായി ഇന്ധനവില ഉയര്‍ന്നു എന്ന് സാരം. ഈ പശ്ചാത്തലത്തിലാണ് വിമാനക്കമ്പനികള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കാത്തെ പസിഫിക്കിന്റെ പുതുക്കിയ നിരക്കുകള്‍ ഈ മാസം 18 മുതലായിരിക്കും പ്രാബല്യത്തില്‍ വരിക.

Tags:    

Similar News