ലണ്ടന്‍ തെരുവില്‍ വീണ്ടും 'ഇറാന്‍ അനുകൂലികളുടെ' പ്രതിഷേധം; തടയാനാവാതെ ഷബാന മഹ്‌മൂദ്

ലണ്ടന്‍ തെരുവില്‍ വീണ്ടും 'ഇറാന്‍ അനുകൂലികളുടെ' പ്രതിഷേധം; തടയാനാവാതെ ഷബാന മഹ്‌മൂദ്

Update: 2026-03-12 05:02 GMT

ലണ്ടന്‍: വാരാന്ത്യത്തില്‍ നടത്താനിരുന്ന ഇറാന്‍ അനുകൂല പ്രകടനം, പരിപാടിയില്‍ മാറ്റം വരുത്തി ഒരിടത്ത് നിന്ന് പ്രതിഷേധിക്കുന്ന പരിപാടിയാക്കി മാറ്റും. അത് തടയുവാന്‍ തനിക്ക് കഴിയില്ലെന്നാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് പറയുന്നത്. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കും എന്നതിനാല്‍ വാര്‍ഷിക അല്‍ ക്വദ്‌സ് ദിന മാര്‍ച്ച് തടയണമെന്ന മെട്രോപോളിറ്റന്‍ പോലീസിന്റെ അഭ്യര്‍ത്ഥന നേരത്തെ ഹോം സെക്രട്ടറി അംഗീകരിച്ചിരുന്നു. വരുന്ന ഞായറാഴ്ച്ചയായിരുന്നു മാര്‍ച്ച് നടക്കാനിരുന്നത്., ഇപ്പോള്‍ അതിനു പകരമായി ഒരിടത്ത് മാത്രം കൂട്ടം ചേര്‍ന്ന് നിന്ന് പ്രതിഷേധിക്കാനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്.

പബ്ലിക് ഓര്‍ഡര്‍ ആക്റ്റിലെ സെക്ഷന്‍ 13 അനുസരിച്ച് അധികൃതര്‍ക്ക് മാര്‍ച്ചുകള്‍ നിരോധിക്കാനുള്ള അധികാരമുണ്ട്. എന്നാല്‍, ഒരിടത്ത് ജനം കൂട്ടുംകൂടുന്നത് നിരോധിക്കാന്‍ സമാനമായ നിയമങ്ങളില്ല. അതുകൊണ്ടു തന്നെ, ഒരിടത്ത് കൂട്ടും ചേര്‍ന്നുള്ള പ്രതിഷേധം നിരോധിക്കാനാവില്ലെന്നാണ് ഷബാന മഹ്‌മൂദ് എം പിമാരോട് പറഞ്ഞത്. അതിനു പകരമായി, ഇത് എവിടെ നടത്തണം എന്നതും എത്ര സമയം നടത്താമെന്നും ഉള്ളത് പോലീസിന് തീരുമാനിക്കാം. അതുവഴി, മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാതെ സമാധാനപരമായി പ്രതിഷേധിക്കാന്‍ കഴിയും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ കുറ്റകൃത്യങ്ങളോ നടക്കുകയാണെങ്കില്‍ നിയമാനുസൃത നടപടികള്‍ കൈക്കൊള്ളാനും പോലീസിന് കഴിയും.

തലസ്ഥാനത്തെ, അതീവ പ്രാധാന്യമുള്ള ട്രഫല്‍ഗര്‍ ചത്വരം പോലുള്ള ഇടങ്ങളില്‍ ഈ പ്രതിഷേധം നടത്താന്‍ പോലീസ് അനുവദിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ഈ പരിപാടിയുടെ സംഘാടകരായ ഇസ്ലാമിക് ഹ്യുമന്‍ റൈറ്റ്‌സ് കമ്മീഷന്‍ ഇറാന്‍ ഭരണകൂടവുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ് എന്നാണ് ഹോം സെക്രട്ടറി പറഞ്ഞത്. ബ്രിട്ടീഷ് സൈനിക ആസ്ഥാനങ്ങളെയും സഖ്യകക്ഷികളെയും ഇറാന്‍ ആക്രമിക്കുന്ന സമയത്താണ് ഇത്തരത്തില്‍ ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രകടനം എന്നും ഷബാന മഹ്‌മൂദ് ചൂണ്ടിക്കാട്ടി.

Tags:    

Similar News