റഷ്യയിലെ കുരില്‍ ദ്വീപുകള്‍ക്ക് സമീപം ഭൂകമ്പം; 7.0 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു
റഷ്യയിലെ കുരില്‍ ദ്വീപുകള്‍ക്ക് സമീപം ഭൂകമ്പം; 7.0 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു
മോസ്‌കോ: റഷ്യയിലെ കുരില്‍ ദ്വീപുകള്‍ക്കു സമീപം ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തി കിഴക്കന്‍ ഉപദ്വീപായ കംചട്കയ്ക്ക് സമീപമാണ് കുരില്‍ ദ്വീപുകള്‍ സ്ഥിതിചെയ്യുന്നത്. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും സാധ്യത കുറവാണെന്ന് കണ്ടെത്തി പിന്‍വലിച്ചു. കംചട്കയിലെ മൂന്ന് തീരപ്രദേശങ്ങള്‍ക്കായിരുന്നു ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നത്.
പസഫിക് സുനാമി വാണിങ് സിസ്റ്റവും യുഎസ് ജിയോളജിക്കല്‍ സര്‍വേയും കുരില്‍ ദ്വീപിന് സമീപമുണ്ടായ ഭൂകമ്പത്തിന്റെ തീവ്രതയെ കുറിച്ച് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. പ്രതീക്ഷിക്കുന്ന തിരകളുടെ ഉയരം കുറവാണ്. എന്നിരുന്നാലും തീരത്തുനിന്ന് മാറണമെന്ന് മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചിരുന്നതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കംചട്കയിലെ ദീര്‍ഘകാലമായി സുഷുപ്തിയിലായിരുന്ന ക്രാഷെനിന്നിക്കോവ് അഗ്‌നിപര്‍വതം ഞായറാഴ്ച സജീവമായി. അറുന്നൂറ് കൊല്ലത്തിനിടെ ആദ്യമായാണ് അഗ്‌നിപര്‍വതം സജീവമാകുന്നത്. കഴിഞ്ഞയാഴ്ച കംചട്ക ഉപദ്വീപില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് സുനാമി മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിരുന്നു. ഇന്നത്തെ ഭൂചലനത്തിനും അഗ്‌നിപര്‍വതം വീണ്ടും സജീവമായതിനും കഴിഞ്ഞയാഴ്ചത്തെ ഭൂകമ്പവുമായി ബന്ധമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
കംചട്ക ഉപദ്വീപിന്റെ തെക്കേയറ്റത്തോടു ചേര്‍ന്നാണ് കുരില്‍ ദ്വീപുകളുടെ സ്ഥാനം. കഴിഞ്ഞയാഴ്ചയുണ്ടായ ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങള്‍ അടുത്തയാഴ്ചകളില്‍ ഉണ്ടായേക്കാമെന്ന് നേരത്തെ റഷ്യന്‍ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.