നൊന്ത് പ്രസവിച്ച അമ്മ വരെ അവനെ വേണ്ടെന്ന് പറഞ്ഞു; മറ്റുള്ളവരും അകറ്റിനിർത്തിയതോടെ തീർത്തും ഒറ്റപ്പെട്ടു; പിന്നാലെ കുരങ്ങൻ കുഞ്ഞിന് കൂട്ടായത് ഒരു 'പാവ'

Update: 2026-02-20 06:32 GMT

ഇച്ചിക്കാവ സിറ്റി: ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിൽ അമ്മയും സ്വന്തം സമൂഹവും ഉപേക്ഷിച്ച ഏഴു മാസം പ്രായമുള്ള ജാപ്പനീസ് മക്കാക്കു കുരങ്ങൻ കുഞ്ഞായ 'പഞ്ച്', ഒരു കളിപ്പാട്ടത്തെ കൂട്ടുകാരനാക്കി ഏകാന്തതയെ അതിജീവിക്കുന്നു. പഞ്ചിന്റെ ഹൃദയസ്പർശിയായ കഥ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ലോകമെമ്പാടുമുള്ള നെറ്റിസെൻസിന്റെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

2025 ജൂലൈയിൽ ജനിച്ച പഞ്ചിനെ ഏതാനും ദിവസങ്ങൾക്കകം അമ്മ ഉപേക്ഷിക്കുകയായിരുന്നു. ഇതിന്റെ കാരണം വ്യക്തമല്ല. പിന്നീട്, മൃഗശാലയിലെ മറ്റ് മക്കാക്കു കുരങ്ങുകളും പഞ്ചിനെ അടുപ്പിക്കാതെയായി. ഇതോടെ വിഷാദാവസ്ഥയിലായ പഞ്ചിന് മൃഗശാലാ അധികൃതർ 'ഓറ-മാമ' എന്ന് പേരിട്ട ഒരു സ്റ്റഫ് ചെയ്ത ഒറാങ്ങ് ഗുട്ടാൻ പാവയെ സമ്മാനിച്ചു. അതിനുശേഷം, ഈ പാവയാണ് പഞ്ചിന്റെ ഏക കൂട്ടുകാരൻ. എവിടെ പോകുമ്പോഴും കളിപ്പാട്ടം കൈയിൽ കരുതുന്ന പഞ്ച്, അതിന്റെ കൂടെയാണ് ഉറങ്ങുന്നതും കളിക്കുന്നതുമെല്ലാം.

പഞ്ചിന്റെ ഏകാന്തത സമൂഹ മാധ്യമ ഉപയോക്താക്കളെ വല്ലാതെ വേദനിപ്പിച്ചു. തുടർന്ന്, #KeepGoingPunch എന്ന ഹാഷ്ടാഗ് പ്രചാരത്തിൽ വരികയും പഞ്ചിന്റെ നൂറുകണക്കിന് വീഡിയോകൾ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെക്കപ്പെടുകയും ചെയ്തു. ലോകമെമ്പാടുമുള്ള ആളുകൾ അവനെ ഏറ്റെടുക്കുകയും നിരവധി കളിപ്പാട്ടങ്ങൾ സമ്മാനമായി അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മനുഷ്യർക്കിടയിലെ തന്റെ പ്രശസ്തിയെക്കുറിച്ച് പഞ്ച് അജ്ഞനാണ്.

മനുഷ്യർ വളർത്തുന്ന മക്കാക്കുക്കൾക്ക് സ്വന്തം സമൂഹത്തിന്റെ രീതികളുമായി പൊരുത്തപ്പെടാൻ പ്രയാസമുണ്ടാകുന്നത് മൃഗശാലാ അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്. പഞ്ച് ഇപ്പോൾ പഴയതിനേക്കാൾ തന്റെ വംശത്തോട് കൂടുതൽ അടുത്തിഴപഴകാൻ ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും, പുറത്തുവിട്ട വീഡിയോകളിൽ മറ്റ് മക്കാക്കുക്കൾ പഞ്ചിനെ തട്ടിമാറ്റുന്ന ദൃശ്യങ്ങളാണ് കൂടുതലും കാണാൻ സാധിക്കുന്നത്. പഞ്ചിന് സ്വന്തം കുടുംബത്തോടൊപ്പം ചേർന്ന് സാധാരണ ജീവിതം നയിക്കാൻ കഴിയട്ടെയെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ ആശംസിക്കുന്നത്.

Tags:    

Similar News