ബ്രസീലിനെ ദുരതത്തിലാക്കി മിന്നല്‍ പ്രളയം; 25 മരണം, 40 പേരെ കാണാനില്ല
ബ്രസീലിനെ ദുരതത്തിലാക്കി മിന്നല്‍ പ്രളയം; 25 മരണം, 40 പേരെ കാണാനില്ല
ബെലോ ഹൊറിസോണ്ടെ: തെക്കുകിഴക്കന്‍ ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്ത് അതിശക്തമായ മഴയെത്തുടര്‍ന്നുള്ള പ്രളയത്തിലും ഉരുള്‍പൊട്ടലിലും 25 പേര്‍ മരിച്ചു. നാല്‍പ്പതിലധികം പേരെ കാണാതായതായാണ് വിവരം. തിങ്കളാഴ്ച മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ ജുയിസ് ഡി ഫോറ, ഉബ എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
റിയോ ഡി ജനീറോയില്‍ നിന്ന് 310 കിലോമീറ്റര്‍ അകലെയുള്ള ജുയിസ് ഡി ഫോറ, ഉബ നഗരങ്ങളില്‍ നിന്ന് 440-ഓളം പേരെ വീടുകളില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്രദേശത്തെ നദികള്‍ കരകവിഞ്ഞൊഴുകുന്നതും വീടുകള്‍ക്കുള്ളില്‍ വെള്ളം കയറിയതും ജനജീവിതത്തെ സാരമായി ബാധിച്ചു. ദുരന്തബാധിത പ്രദേശങ്ങളില്‍ സുരക്ഷാ സേനയും ഫയര്‍ഫോഴ്സും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ അറിയിച്ചു.
ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള ചരിഞ്ഞ പ്രദേശങ്ങളില്‍ നിന്നും താഴ്വരകളില്‍ നിന്നും മാറിനില്‍ക്കാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി മാസത്തില്‍ ലഭിക്കേണ്ട ശരാശരി മഴയുടെ ഇരട്ടിയിലധികം കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ലഭിച്ചതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. പലയിടങ്ങളിലും ചെളി നിറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. വരും ദിവസങ്ങളിലും പ്രദേശത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.