'മതിലിൽ മോദി വിരുദ്ധ ചുവരെഴുത്ത്; നാമഫലകത്തിലും കേടുവരുത്തി..'; യു.എസിൽ ക്ഷേത്രത്തിനുനേരെ അതിക്രമം; എല്ലാം അന്വേഷിക്കുമെന്ന് പോലീസ്
ന്യൂയോർക്ക്: അമേരിക്കയിലെ ഇൻഡ്യാനയിൽ, ഗ്രീൻവുഡ് സിറ്റിയിലെ ബാപ്സ് സ്വാമിനാരായണ ക്ഷേത്രത്തിന് നേരെ അതിക്രമം. ക്ഷേത്രത്തിന്റെ നാമഫലകം തകർക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷമുയർത്തുന്ന ചുവരെഴുത്തുകൾ നടത്തുകയും ചെയ്തു. ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് സംഭവത്തെ അപലപിക്കുകയും അക്രമികളെ കണ്ടെത്താൻ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ ഒരു വർഷത്തിനിടെ നാലാം തവണയാണ് യു.എസിലെ ബാപ്സ് ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ മാർച്ചിൽ കാലിഫോർണിയയിലെ ബാപ്സ് ക്ഷേത്രവും അക്രമിക്കപ്പെട്ടിരുന്നു. ഈ സംഭവങ്ങൾ പ്രവാസി ഇന്ത്യൻ സമൂഹത്തിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ക്ഷേത്രങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ വർഗ്ഗീയ വിദ്വേഷത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. അക്രമികളെ ഉടൻ കണ്ടെത്തണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും കോൺസുലേറ്റ് ആവശ്യപ്പെട്ടു.