ഒരു ചെറിയ കൈയബദ്ധം നാറ്റിക്കരുത്..; തന്റെ കുഞ്ഞിപ്പൂച്ചയുടെ അമിത സ്നേഹപ്രകടനം എല്ലാം നഷ്ടപ്പെടുത്തി; ചൈനീസ് യുവതിയുടെ ജോലി തെറിച്ചത് ഇങ്ങനെ; പൂച്ച സർ ആളൊരു കില്ലാഡി തന്നെ!
ബെയ്‌ജിങ്: ചൈനയിൽ സ്വന്തം വളർത്തുപൂച്ച കാരണം യുവതിക്ക് ജോലിയും ബോണസും നഷ്ടമായി. ജനുവരി 5നാണ് ചൈനയിലെ ചോങ്‌കിംഗിൽ താമസിക്കുന്ന ഇരുപത്തിയഞ്ചുകാരിയായ യുവതിയുടെ ജോലി വളർത്തുപൂച്ച കാരണം നഷ്ട്ടമായിരിക്കുന്നത്. ഒൻപത് പൂച്ചകളോടൊപ്പം താമസിക്കുന്ന യുവതി തന്റെ ജോലി രാജിവയ്ക്കാനായി തീരുമാനിക്കുകയും അതിനായി ലാപ്ടോപ്പിൽ മെയിൽ തയ്യാറാക്കി വെക്കുകയും ചെയ്തു. പിന്നീട് തന്റെയും പൂച്ചകളുടെയും ചിലവിനായി ജോലി ആവശ്യമാണെന്ന് തോന്നിയതോടെ യുവതി ആശയക്കുഴപ്പത്തിലായി.
സന്ദേശം അയക്കാൻ മടിച്ചിരുന്ന യുവതിയ്ക്ക് മുന്നിലേക്ക് വളർത്തുപൂച്ച എത്തുകയും മേശപ്പുറത്തേക്ക് ചാടി കയറി ലാപ്‌ടോപ്പിലെ എൻ്റർ ബട്ടൺ അമർത്തുകയും ചെയ്തു. ഇതോടെ രാജിക്കത്ത് ഉള്‍പ്പെട്ട ഇ മെയില്‍ തൊഴില്‍മേധാവിക്ക് പോവുകയും മെയിൽ കമ്പനി സ്വീകരിച്ചതിന്റെ ഭാഗമായി യുവതിക്ക് ജോലിയും വർഷാവസാനം ലഭിക്കാനുള്ള ബോണസ് നഷ്ടപ്പെടുകയും ചെയ്തു.
ഇതോടെ യുവതി കാര്യങ്ങൾ വിശദീകരിക്കാൻ ബോസിനെ ബന്ധപ്പെടുകയും, തെളിവിനായി സി.സി.ടി.വി ദൃശ്യങ്ങൾ നൽകാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ബോസ് അതെല്ലാം നിഷേധിക്കുകയും ചെയ്തു. സംഭവം യുവതി സമൂഹ മാധ്യമത്തിൽ പങ്കുവച്ചതോടെ നിരവധിപേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. സംഭവം സത്യമാണെന്നും തെളിവായി സി.സി.ടി.വി ദൃശ്യങ്ങൾ തന്റെ പക്കലുമുണ്ടെന്നുമാണ് യുവതി ഉയർത്തുന്ന വാദം.