സുഡാനിലെ പച്ചക്കറി മാർക്കറ്റിൽ ഷെല്ലാക്രമണം; വൻ പൊട്ടിത്തെറി ശബ്ദം;നാട്ടുകാർ കുതറിയോടി; 54 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; പിന്നിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സെന്ന് നിഗമനം
By : സ്വന്തം ലേഖകൻ
Update: 2025-02-02 06:51 GMT
ഖാർത്തും: സുഡാനിലെ പച്ചക്കറി മാർക്കറ്റിൽ വൻ ഷെല്ലാക്രമണം. ദാരുണ സംഭവത്തിൽ 54 പേരുടെ ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. സുഡാനിലെ ഗ്രേറ്റർ ഖാർത്തൂം മേഖലയിലെ ഒംഡർമാനിലെ പച്ചക്കറി മാർക്കറ്റിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ 54 പേർ കൊല്ലപ്പെട്ടു.
അർദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സാണ് (ആർ.എസ്.എഫ് ) ആക്രമണം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
സുഡാൻ സൈന്യവും ആർ.എസ്.എഫും തമ്മിലെ ആഭ്യന്തര യുദ്ധം തുടരുന്നതിനിടെയാണ് ആക്രമണം. തുടർച്ചയായ ആക്രമണം മൂലം പ്രദേശത്തെ ആശുപത്രികളുടെ പ്രവർത്തനവും ഏറെക്കുറെ നിലച്ച അവസ്ഥയിലാണ്. 2023 ഏപ്രിൽ മുതലാണ് രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ ഒരു ലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് കണക്കുകൾ.