വേലിയേറ്റ സമയത്ത് ചൂണ്ടയിടാൻ ഇറങ്ങി; മീനിന് പകരം വലയിൽ കുരുങ്ങിയത് ഭീകരൻ മുതല; 14കാരന്റെ കാലിലും വയറിലും ഗുരുതര പരിക്ക്

Update: 2025-10-27 14:57 GMT

സ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ വേലിയേറ്റ സമയത്ത് കടലിൽ മീൻ പിടിക്കുകയായിരുന്ന 14-കാരന് മുതലയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. കാലിലും വയറിലുമായി പരിക്കേറ്റ കുട്ടിയെ നോർത്ത് കെയ്റൻസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേപ് ട്രൈബുലേഷൻ തീരദേശ സമൂഹത്തിലെ അംഗമായ കുട്ടിയും അയൽവാസികളും ചേർന്നാണ് മൈൽ ബീച്ചിൽ മീൻ പിടിക്കാൻ പോയത്. അപ്രതീക്ഷിതമായി എത്തിയ മുതല കുട്ടിയെ ആക്രമിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

മുതലയുടെ ആക്രമണത്തെ തുടർന്ന്, കുട്ടിയെ ആക്രമിച്ച മുതലയെ കണ്ടെത്താൻ അധികൃതർ ഡ്രോണുകളും ബോട്ടുകളും ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രദേശത്ത് മുതലകളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ബീച്ചിൽ മുതലകളുടെ സാന്നിധ്യം സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഓസ്ട്രേലിയയിൽ ഒക്ടോബർ മാസം മുതലകളുടെ പ്രജനന കാലമാണ്. ഈ സമയത്ത് മുതലകൾ കൂടുതൽ ആക്രമണ സ്വഭാവം കാണിക്കുമെന്നും, പ്രത്യേകിച്ച് ആൺ മുതലകളാണ് കൂടുതൽ അപകടകാരികളാകുന്നതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ തവണ ഇതേ മേഖലയിൽ ഒക്ടോബർ 22-ന് ഒരു ക്രീക്ക് ഭാഗത്തും മുതലയെ കണ്ടിരുന്നു.

Tags:    

Similar News