പാകിസ്താനിലെ കറാച്ചിയില്‍ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം; ആറു പേര്‍ മരിച്ചു: 20 പേര്‍ക്ക് പരിക്ക്

പാകിസ്താനിലെ കറാച്ചിയില്‍ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം; ആറു പേര്‍ മരിച്ചു

Update: 2026-01-19 04:07 GMT

കറാച്ചി: പാകിസ്ഥാനില്‍ കറാച്ചി നഗരത്തിലെ ഷോപ്പിംഗ് മാളിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറു പേര്‍ മരിച്ചു. 20 പേര്‍ക്കു പരിക്കേറ്റു. നഗര മധ്യത്തിലെ ഗുല്‍ പ്ലാസ ഷോപ്പിംഗ് മാളില്‍ ശനിയാഴ്ച രാത്രി പത്തിനാണ് അപകടമുണ്ടായത്. അഗ്‌നിശമനസേന ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ഇന്നലെ വരെ തീ പൂര്‍ണമായി അണയ്ക്കാന്‍ കഴിഞ്ഞില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്നാണ് അധികൃതരുടെ അനുമാനം.

താഴത്തെ നിലയിലുണ്ടായ തീ അതിവേഗം മുകള്‍നിലകളിലേക്കു വ്യാപിക്കുകയായിരുന്നു. കടുത്ത ചൂടു മൂലം കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്നുവീണു. കെട്ടിടത്തില്‍ ബലക്ഷയം സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. 24 മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നുവീണതോടെ കാണാതായ 65 ലധികം പേര്‍ക്കായി കറാച്ചിയിലെ അഗ്‌നിശമന സേനാംഗങ്ങള്‍ തെരച്ചില്‍ നടത്തി. ആരെങ്കിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

1,200-ലധികം കടകള്‍ സ്ഥിതി ചെയ്യുന്ന മാളില്‍ വായുസഞ്ചാരമില്ലാത്തത് കെട്ടിടം പുക കൊണ്ട് നിറയാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാനും കാരണമായി. 20 വര്‍ഷത്തെ കഠിനാധ്വാനം എല്ലാം പോയെന്ന് ഒരു കടയുടമ യാസ്മീന്‍ ബാനോ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് സംശയിക്കുന്നതായി സിന്ധ് പൊലീസ് മേധാവി ജാവേദ് ആലം ഓധോ പറഞ്ഞു. അപകടമുണ്ടായി 23 മണിക്കൂറിനുശേഷം സ്ഥലത്തെത്തിയ മേയര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു.

Tags:    

Similar News