എ.ഐ ഉപയോഗിച്ച് വ്യാജ ബോംബാക്രമണ ചിത്രം നിര്‍മിച്ച യുവാവ് പിടിയില്‍

Update: 2026-03-04 12:14 GMT

മനാമ: ബഹ്റൈനിലെ ഒരു ജനവാസ മേഖലയില്‍ ബോംബാക്രമണം നടന്നതായി കാണിക്കുന്ന വ്യാജ ചിത്രം എ.ഐ ഉപയോഗിച്ച് നിര്‍മിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് പിടിയില്‍. ഏകദേശം 15,000 ഫോളോവേഴ്‌സ് ഉള്ള തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് ഇയാള്‍ ഇത് പങ്കുവെച്ചത്. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ തോതിലുള്ള ഭീതിയും ആശങ്കയും പടര്‍ന്നു. പിന്നാലെയാണ് യുവാവിനെ സൈബര്‍ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തത്.

പ്രതിയെ റിമാന്‍ഡ് ചെയ്തതായി സൈബര്‍ ക്രൈം പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന അസാധാരണ സാഹചര്യം മുതലെടുത്ത്, ഒരു താമസസ്ഥലത്ത് വലിയ രീതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ചിത്രമാണ് പ്രതി നിര്‍മിച്ചത്.

പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. ഇയാള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി സൈബര്‍ വിഭാഗം പിടിച്ചെടുത്തു. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതോ പൊതുജനങ്ങളില്‍ ഭീതി പരത്തുന്നതോ ആയ വ്യാജ ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്.

ബഹ്റൈന്‍ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 169 പ്രകാരം, ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാം. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത് സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Similar News