കഴുത്തറ്റം വെള്ളത്തില്‍ നിന്ന് ലൈവ് റിപ്പോർട്ടിംഗ്; പെടുന്നനെ ഒഴുക്ക് വർധിച്ചു; പാകിസ്താൻ മാധ്യമപ്രവർത്തകൻ ഒഴുക്കിൽപ്പെട്ടു

Update: 2025-07-19 10:52 GMT

റാവൽപിണ്ടി: പാകിസ്താനിലെ റാവൽപിണ്ടിയിൽ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകൻ ഒഴുക്കിൽപ്പെട്ടു. റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപം റിപ്പോർട്ടിംഗ് നടത്തുന്നതിനിടെയാണ് ദാരുണമായ സംഭവം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണിപ്പോൾ. കഴുത്തറ്റം വെള്ളത്തില്‍ കൈയില്‍ മൈക്രോഫോണുമായി നിന്നായിരുന്നു റിപ്പോര്‍ട്ടര്‍ ലൈവ് നൽകിക്കൊണ്ടിരുന്നത്. ഇതിനിടെ വെള്ളത്തിന്റെ ഒഴുക്ക് വർധിക്കുന്നത് വീഡിയോയിൽ കാണാം.

ഒഴുക്കിൽ പെട്ട് പിന്നോട്ട് നീങ്ങുമ്പോഴും ഇയാൾ മൈക്രോഫോനിലൂടെ സംസാരിക്കുന്നുണ്ട്. 'കണ്ടോ, വെള്ളം എന്നെ പിന്നോട്ട് വലിക്കുന്നു. ഇവിടെ തുടരാൻ വളരെ ബുദ്ധിമുട്ടാണ്. എനിക്ക് എന്നെത്തന്നെ സുരക്ഷിതമാക്കേണ്ടതുണ്ട്.' എന്നാണ് വീഡിയോ അവസാനിക്കുന്നതിന് മുൻപ് റിപ്പോർട്ടർ പറയുന്നത്. റിപ്പോർട്ടർ ആരാണെന്ന വിവരം ലഭ്യമായിട്ടില്ല. സംഭവം പാക് സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ട്.  അപകടകരമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്ന മാധ്യമപ്രവർത്തകരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ചിലർ പങ്കുവെച്ചു.



അതേസമയം, ജൂൺ 26 മുതൽ തുടർച്ചയായി പെയ്യുന്ന മഴ പാകിസ്താനിൽ വൻനാശനഷ്ടങ്ങൾക്കും ഒട്ടേറെ പേരുടെ മരണത്തിനും കാരണമായി. കുറഞ്ഞത് 116 പേർ മരിക്കുകയും 250 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത് - 44. ഖൈബർ പഖ്തുൻഖ്വയിൽ 37, സിന്ധിൽ 18, ബലൂചിസ്ഥാനിൽ 19 എന്നിങ്ങനെയാണ് മരണനിരക്ക്. വെള്ളപ്പൊക്കം ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിട്ടുണ്ട്. നൂറുകണക്കിന് വീടുകൾ നശിച്ചു, വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യ സേവനങ്ങളും തടസ്സപ്പെട്ടു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്ന റാവൽപിണ്ടി ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

Tags:    

Similar News