വീണ്ടും ന്യൂനമർദ്ദ ഭീഷണി; ഒമാനിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കണം; മുന്നറിയിപ്പ് നൽകി അധികൃതർ
മസ്കറ്റ്: 'ഫുറാത്ത്' ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്തിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ പ്രതികൂലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത മണിക്കൂറുകളിൽ സൗത്ത് അഷ്‌ഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും ദോഫാർ ഗവർണറേറ്റിന്‍റെ ചില ഭാഗങ്ങളിലും ഇടിയോട് കൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
ചില ഇടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും പുതിയ വിവരങ്ങൾക്ക് അനുസരിച്ച് മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
അതേസമയം, സൗദി അറേബ്യയിലും വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ മാസത്തിൽ രാജ്യത്ത് സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.
ഏപ്രിലാണ് സൗദിയിൽ മഴക്കാലം അതിന്‍റെ ഉച്ചസ്ഥായിയിലെത്തുന്ന മാസം. ഈ വർഷം മിക്ക പ്രദേശങ്ങളിലും ശരാശരിയിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനൊപ്പം ചിലയിടങ്ങളിൽ താപനില സാധാരണയേക്കാൾ ഒരു ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിൽ വ്യാപകമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ, ബന്ധപ്പെട്ട അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയും പൊതുജനങ്ങൾക്ക് ആവശ്യമായ മുൻകരുതൽ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.