- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപ് വധശ്രമവും, അമേരിക്കന്‍ രാഷ്ട്രീയത്തിലെ രക്തചരിത്രവും
ഡോ അഭിലാഷ് ജി രമേഷ്, അസി.പ്രൊഫസര്‍, പൊളിറ്റിക്കല്‍ സയന്‍സ്
സെന്‍സറിങ് നടപടിയുടെ ഏറ്റവും തീവ്രമായ രൂപമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്ന പ്രശസ്ത നാടകകൃത്തും ചിന്തകനും ആയ ബെര്‍ണാഡ് ഷായുടെ വാക്കുകള്‍ ഏതെങ്കിലും സമൂഹത്തില്‍ അത്രമേല്‍ പ്രസക്തം ആണെങ്കില്‍ അത് അമേരിക്കന്‍ ഐക്യനാടുകള്‍ ആണ്.
അമേരിക്കന്‍ രാഷ്ട്രീയ ചരിത്രം രാഷ്ട്രതലവന്മാരുടെ ചോരയില്‍ കുതിര്‍ന്ന ഏടുകള്‍ കൊണ്ട് കൂടി …എഴുതപ്പെട്ടതാണ് എന്ന മുഖവുര അതിശയോക്തി തെല്ലും കലരാത്ത യാഥാര്‍ത്ഥ്യം മാത്രമാണ്.
അസാസിനേഷന്‍ , വാക്കും ചരിത്രവും
പതിനൊന്നാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ നിസാറി ഇസ്മായിലിയ എന്ന ഷിയ വിഭാഗത്തില്‍ ഉള്‍പ്പെട്ട മത - രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും രൂപം കൊണ്ടതാണ്.
ഇന്നത്തെ ഉത്തര ഇറാനിലെ എല്‍ ബുര്‍സ് മലനിരകള്‍ കേന്ദ്രമായി ഭരിച്ചിരുന്ന നിസാറികള്‍ക്ക് തങ്ങളുടെ പ്രാദേശിക എതിരാളികളായ അബ്ബാസിദ്, സെല്‍ജുക്ക് ഭരണകൂടങ്ങളെ നേര്‍ക്കുനേര്‍ നേരിടാനുള്ള സേനാബലം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തന്ത്രങ്ങളും , നുഴഞ്ഞുകയറ്റവും ഉപയോഗിച്ച് അബ്ബാസിദ്, സെല്‍ജുക്ക് ഭരണകൂടങ്ങളിലെ പ്രധാനപ്പെട്ട സൈനിക , രാഷ്ട്രീയ നേതൃത്വങ്ങളുടെ നേര്‍ക്ക് ആക്രമണം നടത്തുകയുണ്ടായി.
നിസാറികളെ സംബന്ധിച്ച അനവധി കഥകള്‍ യുറോപ്പിലെ കുരിശുയുദ്ധ പോരാളികള്‍ തങ്ങളുടെ നാടുകളില്‍ പ്രചരിപ്പിക്കുകയും , നിസാറികള്‍ ഹശീഷ് എന്ന മയക്കുമരുന്ന് ഉപയോഗിച്ചാണ് അക്രമങ്ങള്‍ക്ക് പുറപ്പെടുന്നത് എന്ന പ്രചരണം നടന്നു. ഇതരത്തില്‍ ഹാശീഷ് ഉപയോഗിക്കുന്നവര്‍ അഥവാ ഹശീഷി എന്ന വാക്കില്‍ നിന്നാണ് അസാസിന്‍ എന്ന പദം ഇംഗ്ലീഷ് ഭാഷയില്‍ പ്രയോഗത്തില്‍ വന്നത്.
അമേരിക്കന്‍ രാഷ്ട്രീയവും കൊലപാതകങ്ങളും
അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തില്‍ എന്നൊക്കെ വ്യാപകമായ മാറ്റങ്ങള്‍ക്ക് കളമൊ രുങ്ങുന്നുവോ, എന്നൊക്കെ ആ മാറ്റങ്ങളുടെ നേതൃത്വം നല്‍കിയവര്‍ കൊല്ലപ്പെടുകയോ വധശ്രമത്തിന് വിധേയരാവുകയോ ചെയ്യപ്പെട്ടിട്ടുണ്ട്.
ഏബ്രഹാം ലിങ്കണ്‍, ജെയിംസ് ഗാര്‍ഫീല്‍ഡ്, വില്ല്യം മക് കിന്‍ലി, ജോണ്‍ എഫ് കെന്നഡി , എന്നിങ്ങനെ പ്രസിഡന്റുമാരും റവ: മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, റോബര്‍ട്ട് എ ഫ് കെന്നഡി, എന്നീ പ്രമുഖ വ്യക്തിത്വങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ ജെറാള്‍ഡ് ഫോര്‍ഡ്, റൊണാള്‍ഡ് റെയ്ഗന്‍, എന്നിവരും ഇപ്പൊള്‍ മുന്‍ പ്രസിഡന്റും , റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്‍ പ്രമുഖനും ആയ ഡൊണാള്‍ഡ് ട്രംപും വധശ്രമങ്ങളില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവര്‍ ആണ്.
2008 ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും വിവിധ സമിതികള്‍ക്കും വേണ്ടി പ്രസിദ്ധീകരിച്ച കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് പ്രസിഡന്റുമാര്‍, നിയുക്ത പ്രസിഡന്റുമാര്‍, സ്ഥാനാര്‍ഥികള്‍ എന്നിവര്‍ക്ക് നേരെ പതിനഞ്ച് പ്രത്യേക അവസരങ്ങളില്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതില്‍ അഞ്ച് ആക്രമണ ശ്രമങ്ങള്‍ മരണത്തില്‍ കലാശിച്ചു എന്നുമാണ്. അതുപോലെ തന്നെ പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ച 45 പേരില്‍ 13 പേര്‍ (29ശതമാനം ) ഏതെങ്കിലും തരത്തിലുള്ള വധശ്രമത്തിന് വിധേയരായി എന്നുമാണ്. ഈ കണക്കിലേക്ക് ഇപ്പോള്‍ ട്രമ്പിന്റെ പേരും കൂട്ടിച്ചേര്‍ക്കപ്പെട്ടു.
വധശ്രമത്തില്‍ നിന്ന് രക്ഷപെട്ടവരില്‍ ജെറാള്‍ഡ് ഫോര്‍ഡ് (രണ്ടു തവണ), റൊണാള്‍ഡ് റെയ്ഗന്‍ (ഒരു തവണ), ബില്‍ ക്ലിന്റണ്‍ (ഒരു തവണ ) ജോര്‍ജ് ഡബ്ല്യൂ. ബുഷ് (ഒരു തവണ - ഗ്രനേഡ് ആക്രമണം ) എന്നിങ്ങനെയാണ്.
അമേരിക്കന്‍ രാഷ്ടീയ ചരിത്രം ; ബാലറ്റും ബുള്ളറ്റും സമാധാനവും
അമേരിക്ക രാഷ്ട്രീയ അതിക്രമങ്ങള്‍ക്ക് അന്യമായ രാജ്യമല്ല, പ്രത്യേകിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ അമേരിക്കന്‍ സമൂഹത്തില്‍ അക്രമോത്സുകതയുടെ ആക്കം കൂട്ടുന്നു. പക്ഷേ അക്രമത്തിന്റെയും ഹിംസയുടെയും തുടര്‍ച്ചകള്‍ക്ക് അമേരിക്കന്‍ സമൂഹത്തില്‍ വ്യാപകമായ ആഘാതങ്ങള്‍ ഏല്‍പ്പിക്കുവാനോ, ആ രാജ്യത്തെ ജനാധിപത്യ പ്രയാണത്തെ തടയാനോ സാധിച്ചിട്ടില്ല. ഇത്തരത്തില്‍ അമേരിക്ക വിഭാഗീയ, വിദ്വേഷ വഴികളില്‍ നിന്ന് തിരികെ നടന്നത് അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വം കാട്ടിയ മാതൃകകളില്‍ കൂടിയല്ല, മറിച്ച് , മിതത്വത്തിന്റെ ആശയപ്രചാരകരുടെ ഇടപെടല്‍ കൊണ്ടുകൂടിയാണ്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് കൊല്ലപ്പെട്ട ശേഷവും , ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകത്തിന് ശേഷവും അമേരിക്കന്‍ സമൂഹം ചിന്നഭിന്നമായില്ല എന്നത് ഈ സമൂഹത്തിന്റെ ഉള്ളറകളിലേക്ക് വ്യാപിച്ച ജനാധിപത്യ ബോധത്തിന്റെ കരുത്താണ്.
ഇടതുപക്ഷ തീവ്ര വിഭാഗങ്ങള്‍ വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്കയിലുടനീളം വലിയ പ്രക്ഷോഭങ്ങള്‍ ആണ് വിയറ്റ്‌നാം യുദ്ധത്തിനെതിരെ അഴിച്ചു വിട്ടത്, വെതര്‍മാന്‍ പോലെയുള്ള യുദ്ധ വിരുദ്ധ ഗ്രൂപ്പുകള്‍ കലാപം ലക്ഷ്യമിട്ട് ബോംബ് സ്ഫോടനങ്ങള്‍ നടത്തുകയും, ചെയ്തപ്പോഴും അമേരിക്കന്‍ രാഷ്ട്രം എന്ന ആശയം തകര്‍ന്നില്ല. കഴിഞ്ഞ പത്തു വര്‍ഷമായി നടക്കുന്ന ധ്രുവീകരണ രാഷ്ട്രീയത്തിന്റെ മാതൃക, ബി എല്‍ എം (ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍) , കാപ്പിറ്റോള്‍ ഹില്‍ പ്രക്ഷോഭം , തുടരുന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ നേരെയുള്ള ആക്രമണങ്ങള്‍ എന്നിവയ്ക്കും അപ്പുറം അമേരിക്കന്‍ ജനാധിപത്യം ഉലയാതെ തന്നെ നിലകൊള്ളുന്നു. ഇന്നലെ നടന്ന ഡൊണാള്‍ഡ് ട്രംപ് വധശ്രമത്തിന് ശേഷവും അമേരിക്കയിലെ മിതവാദികളും , സമാധാന വാദികളും ജനാധിപത്യത്തിന്റെ മാതൃക സധൈര്യം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ വിജയിക്കുന്നത് അമേരിക്കന്‍ രാഷ്ട്രത്തിന്റെ സൈദ്ധാന്തിക അടിത്തറയായ സ്വാതന്ത്ര്യവും ജനാധിപത്യവും കൂടിയാകും.
പോസ്റ്റ് സ്‌ക്രിപ്റ്റ്: 1981 ല്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനെ വധിക്കാന്‍ ശ്രമിച്ച ജോണ്‍ ഹിക്ക്‌ലി ജൂനിയര്‍ പറഞ്ഞത് താന്‍ ഈ കൃത്യം ചെയ്തത് ജൂഡി ഫോസ്റ്റര്‍ എന്ന അന്നത്തെ പ്രശസ്ത നടിയുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ വേണ്ടിയാണ് എന്നാണ്.
1987 ല്‍ ലുയിസിയാനയിലെ റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ റൊണാള്‍ഡ് റെയ്ഗന്‍ വിശ്വസിച്ചത് തനിക്ക് നേരെ മറ്റൊരു ഷാര്‍പ്പ് ഷൂട്ടര്‍ കൂടി വെടിയുതിര്‍ത്തു എന്നാണ്. യോഗവേദിയിലെ ഒരു ബലൂണ്‍ പൊട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞത് ' നിങ്ങള്‍ക്ക് ഉന്നം പിഴച്ചു ' എന്നാണ്.