'ഭരിക്കാന്‍ ഒരു കസേരക്ക് വേണ്ടി സരിനും ഇരിക്കാന്‍ ഒരു കസേരക്ക് വേണ്ടി സന്ദീപും': സ്വിച്ച് ഹിറ്റ്: ആര്‍എസ്പി നേതാവ് സി കൃഷ്ണചന്ദ്രന്റെ കുറിപ്പ്
ആര്‍എസ്പി നേതാവ് സി കൃഷ്്ണചന്ദ്രന്റെ കുറിപ്പ്
'സ്വിച്ച് ഹിറ്റ്'
സന്ദീപ് വാര്യര്‍ ബിജെപി വിട്ടപ്പോള്‍;
ഒറ്റുകാരന്‍, ചതിയന്‍, ചീള് കേസ്, അപ്രസക്തന്‍,
കൂടെ ആരുമില്ലാത്തവന്‍, പ്രാദേശിക നേതാവ്
ഇത് കേള്‍ക്കുന്ന;
ജന്മനാ സംഘപ്രവര്‍ത്തകരായ,
അവസരവാദവും ചതിയുമില്ലാത്ത,
പെരുത്ത കേസുകളായ,
രാജ്യാന്തര തലത്തില്‍ പ്രസക്തരായ,
പ്രക്ഷോഭ സമരങ്ങളുടെ നായകരായ,
കൂടെ ജനകോടികളുള്ള
രാമന്‍ നായര്‍ ജി,
ടോം വടക്കന്‍ ജി,
കെ എസ് രാധാകൃഷ്ണന്‍ ജി,
പന്തളം പ്രതാപന്‍ ജി,
രഘുനാഥ് ജി,
അനില്‍ ആന്റണി ജി,
പദ്മജാ ജി,
ഒരായുസ്സില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കൊണ്ട് എന്തൊക്കെ നേടാമോ, അതെല്ലാം നേടിയതിന് ശേഷം;
ബിജെപിയെ ഒരു റിട്ടയര്‍മെന്റ് ഹോമായി കണക്കാക്കി കേരളത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോയ ചുറുചുറുക്കുള്ള ചെറുപ്പക്കാരായ 'പ്രമുഖര്‍'.
അഥവാ, കോണ്‍ഗ്രസ് എന്ന മുങ്ങുന്ന കപ്പലില്‍ നിന്നും 'ടൈറ്റാനിക്' തേടി പോയവര്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും, പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനത്തിലും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുരേന്ദ്രന്‍ ജി കാണിക്കുന്ന ഉത്സാഹവും, പ്രതിബദ്ധതയും സ്വന്തം പാര്‍ട്ടിയില്‍ കാണിച്ചിരുന്നെങ്കില്‍; പാലക്കാട് ശോഭാ സുരേന്ദ്രന്റെ അപ്രീതി കാണേണ്ടി വരില്ലായിരുന്നു, സന്ദീപ് വാര്യര്‍ പാര്‍ട്ടി വിടുകയുമില്ലായിരുന്നു...
സെലക്റ്റീവ് കമ്മ്യൂണല്‍ മാനിഫെസ്റ്റോയുമായി കേരളത്തില്‍ അലഞ്ഞ് തിരിയുന്ന സിപിഎമ്മിന്റെ ദയനീയ അവസ്ഥയും പരിശോധിക്കപ്പെടേണ്ടതാണ്. കൊടുങ്ങല്ലൂര്‍ ഭരണിക്ക് പാടുന്നത് പോലെ ഫേസ്ബുക്കില്‍ പിണറായി വിജയനെയും, പാര്‍ട്ടിയെയും, സര്‍ക്കാരിനെയും കുറിച്ച് പുലമ്പിയിരുന്ന സരിന്‍, കോണ്‍ഗ്രസ് സീറ്റ് കൊടുക്കാത്തപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ ഉത്തമ കമ്മ്യൂണിസ്റ്റാകുന്നു, ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകുന്നു, ഭരണിപ്പാട്ട് ഫ്രീക്വന്‍സി തിരിച്ച് കോണ്‍ഗ്രസിന് നേരെയാക്കുന്നു.
സരിന്‍, സങ്കിയെന്ന് വിളിച്ച 'ബാലേട്ടനും,റഹീമിക്കയും' സരിന്റെ വാഴ്ത്തുപാട്ടുകാരാകുന്നു. നടന്ന യഥാര്‍ത്ഥ കുഴലൂത്തിനെ സ്മരിക്കുന്ന തരത്തില്‍ തന്നെ ചിഹ്നവും. ഭാവിയിലെങ്കിലും, ആരായാലും ഏത് പാര്‍ട്ടി ആയാലും ആള്‍ക്കാര്‍ പാര്‍ട്ടി മാറി വരുമ്പോള്‍ കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട. ലളിതമായി പറഞ്ഞാല്‍, പ്രത്യയശാസ്ത്ര വൈരുദ്ധ്യത്തേക്കാളുപരി സുരക്ഷിതമായ, സ്ഥാനമാനങ്ങള്‍ക്കായുള്ള ഒരു മേച്ചില്‍പ്പുറം.
മാറുന്നവരും ഒരു കാര്യം ശ്രദ്ധിക്കുക; രാഷ്ട്രീയ ജീവിതത്തില്‍ മാറ്റമൊക്കെ അനിവാര്യമാണ് പക്ഷേ അത്രയും കാലം വിശ്വസിച്ച പ്രത്യയശാസ്ത്രത്തെയും, നേതാക്കളെയും, സഹപ്രവര്‍ത്തകരെയും ഒരു നിമിഷം കൊണ്ട് തള്ളി പറയുമ്പോള്‍, നിങ്ങളുടെ നിലവാരം നിങ്ങളറിയാതെ തന്നെ അളക്കപ്പെടും.
ഒരു കാര്യം കൂടി;
അവസരവാദ രാഷ്ട്രീയത്തെയും, ചുവടുമാറ്റത്തെയും കീറി മുറിച്ച് മാധ്യമ വിചാരണ നടത്തുന്ന പ്രമുഖ ദൃശ്യ മാധ്യമ ജേര്‍ണലിസ്റ്റുകള്‍ ഒന്നോര്‍ക്കണം; മെച്ചപ്പെട്ട അവസരങ്ങള്‍ തേടി, ഫ്‌ലോറുകള്‍ പലതും മാറി കയറിയവരാണ് നമ്മളുമെന്നത്.
പാലക്കാട് പാര്‍ട്ടി മാറിയതിനെ ഇങ്ങനെ പറഞ്ഞവസാനിപ്പിക്കാം;
'ഭരിക്കാന്‍ ഒരു കസേരക്ക് വേണ്ടി സരിനും
ഇരിക്കാന്‍ ഒരു കസേരക്ക് വേണ്ടി സന്ദീപും...'