സദ്ദാമിന്റെ അടുക്കളയിലെ രാസായുധം പോലെ മഡുറോയുടെ ഡ്രഗ് കാര്‍ട്ടലും ഒരു വെറും തിരക്കഥയോ? 36 ട്രില്യണ്‍ ഡോളറിന്റെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ അമേരിക്ക വെനിസ്വേലന്‍ എണ്ണ കൊള്ളയടിക്കുന്നതോ? വരാനിരിക്കുന്നത് ഭീകരമായ ആഗോള മാന്ദ്യം? ലോകത്തെ കറക്കി വീഴ്ത്താന്‍ ട്രംപിസം ഇറങ്ങുമ്പോള്‍!
ഹരിദാസ് പി ബി
ലോകം മുഴുവന്‍, മീഡിയകള്‍ നിറയെ, ട്രംപിന്റെ വെനിസ്വേല അധിനിവേശം, ആക്രമണം, 'തഗ്ഗറി' ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണല്ലോ. ഒരു രാജ്യത്തു കടന്നു ചെന്ന്, അവിടത്തെ ഭരണാധികാരിയെ വലിച്ചിഴച്ചു (dragged ), വിലങ്ങിട്ട് കടത്തി കൊണ്ടുപോയി, സ്വന്തം നാട്ടില്‍ വിചാരണക്ക് വിധേയനാക്കുകയാണ് ട്രംപ്. 'We're Going to Run It' എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. വെനിസ്വെല ഞങ്ങളുടെ വരുതിയിലായിരിക്കും എന്നതാണ് അതിനര്‍ത്ഥം.
ഈ അക്രമത്തിന് കൊടുക്കുന്ന ന്യായീകരണങ്ങളിലൊന്ന് മഡുറോ ഡ്രഗ് കാര്‍ട്ടല്‍ നേതാവായി പ്രവര്‍ത്തിക്കുന്നു എന്നുപറഞ്ഞാണ്. കൊളംബിയയും വെനിസ്വലയും മെക്‌സിക്കോയും അടങ്ങുന്ന പ്രദേശങ്ങളില്‍ നിന്ന് ഡ്രഗ് മാഫിയകള്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്ത വര്‍ഷങ്ങളായി നമ്മള്‍ വായിക്കുന്നതാണ്. എന്നുവെച്ചു് ഒരു രാഷ്ട്ര തലവന്‍, ചൈനയോടും റഷ്യയോടും രാഷ്ട്രത്തലവനായി ഇടപാടുകള്‍ നടത്തുന്ന ഒരു വ്യക്തിത്വം ഡ്രഗ് സിണ്ടിക്കേറ്റ് ആയി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വായിക്കുമ്പോള്‍ അതിലെവിടെയോ ഒരു സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഇല്ലേ. ഇത് സദ്ദാം ഹുസ്സൈന്‍ ന്റെ അടുക്കളയില്‍ വെപ്പണ്‍സ് ഓഫ് മാസ്സ് ഡിസ്ട്രക്ഷന്‍ ഒളിച്ചുവെച്ചിരിക്കുന്നു എന്നതുപോലത്തെ ഒരു കണ്ടുപിടുത്തമാകാനാണ് സാധ്യത. നമുക്ക് കാത്തിരുന്നു കാണാം.
എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും സ്വജന പക്ഷപാതിത്വത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും വെനിസ്വേലയില്‍ ഒരു ഭരണവ്യവസ്ഥയുണ്ട്, ജുഡീഷ്യറി പ്രവര്‍ത്തിക്കുന്നുണ്ട്, പോലീസ് സംവിധാനങ്ങളുണ്ട്, പട്ടാളമുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറി നടന്നിരിക്കാം. എന്നുവെച്ചു് ഇനിയൊരു രാജ്യം അവിടെക്കേറി ഭരണാധികാരിയെ വിലങ്ങിട്ട് കൊണ്ടുപോകുക എന്നത് ശക്തന്റെ ഗുണ്ടായിസം അല്ലാതാകുന്നില്ല. അങ്ങനെയെങ്കില്‍ ഇത് ലോകത്തെവിടയൊക്കെ നിങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നണ്ട്. ഇറാന്‍ ? നോര്‍ത്ത് കൊറിയ? ആഫ്രിക്കന്‍ രാജ്യങ്ങള്‍? നമ്മുടെ ഹീറോ ട്രംപ് കൊളംബിയയുടെ പേരും കൂട്ടത്തില്‍ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്.
മഡുറോ ക്യൂബയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് കേഡറുകള്‍ക്ക് ഉള്ള ട്രെയിനിങ് പങ്കെടുത്ത വ്യക്തിത്വം ആണ്. ഒരു കമ്മ്യൂണിസ്റ്റ് ആശയമാണ് അദ്ദേഹത്തിനുള്ളത്. സ്വാഭാവികമായും ഏകാധിപത്യo കൂടപ്പിറപ്പാണ്. എന്നുവെച്ചു് ഡ്രഗ് കാര്‍ട്ടല്‍ മാഫിയ ആണെന്നൊക്കെ പറയുന്നത് ദുരുദ്ദേശത്തോടെ ആകാനാണ് സാധ്യത. അമേരിക്കക്കാരനെ വിശ്വസിച്ചുകൂട. കമ്മ്യൂണിസ്റ്റ് ഭരണത്തിലെല്ലായിടത്തുമെന്നപോലെ ഇവിടെയും
കാര്യപ്രാപ്തിയില്ലായ്മ, ദുര്‍ഭരണം, വൈതാളികത, സ്വജന പക്ഷപാതം മുതലായ എല്ലാ ദുര്‍നീതികളും വെനിസ്വേലയില്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. വന്‍ എണ്ണ സമ്പത്തുണ്ടായിട്ടും, പ്രകൃതി സമ്പത്തുണ്ടായിട്ടും ജനങ്ങള്‍ ദുരിതത്തിലാണ്. ഇന്‍ഫ്ളേഷനില്‍ പൊറുതിമുട്ടിയാണ് അവര്‍ ജീവിക്കുന്നത്. എന്ന് വെച്ച് വേറൊരു രാജ്യം ആക്രമിച്ചു് കേറിച്ചെന്ന് അര്‍ദ്ധരാത്രിഅവിടത്തെ ഭരണാധികാരിയെ പിടിച്ചുകൊണ്ടുപോകുക എന്ന് വെച്ചാല്‍ അതൊരു ദാദാഗിരി അധിനിവേശം തന്നെയാണ്. വെനിസ്വേലന്‍ ജനതയില്‍ വലിയൊരു പങ്ക് മഡുറോയുടെ പതനത്തില്‍ ആഘോഴിക്കുകയാണ് എന്നത് ഒരു സാധുതയല്ല, ന്യായീകരണമല്ല.
നിങ്ങള്‍ക്ക് ഒരു രാജ്യത്തേക്ക് ജനാധിപത്യ വ്യവസ്ഥകളും ഭരണക്രമങ്ങളും സദ്ഭരണങ്ങളും 'import' ചെയ്യാന്‍ സാദ്ധ്യമല്ല. import ചെയ്ത് സിസ്റ്റങ്ങളെ നന്നാക്കിയെടുക്കാന്‍ കഴിയില്ല. അവിടത്തെ ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ്, ആവശ്യമെങ്കില്‍ കലാപങ്ങളുണ്ടാക്കി, ഭരണമാറ്റങ്ങള്‍, സദ്ഭരണം സ്വയം ഉണ്ടാക്കിയെടുക്കുക എന്നത് മാത്രമാണ് അതിന്റെ ശരിയായ വഴി. മറ്റു രാജ്യങ്ങളിലെ ജനതക്ക് വെളിയിയിലിരുന്ന് ധാര്‍മിക പിന്തുണ നല്‍കലല്ലാത്ത ഇതിലൊന്നും ചെയ്യാനില്ല. അത്യാവശ്യമെങ്കില്‍ ഒരു അന്താരാഷ്ട്ര അംഗീകാരമുള്ള ഇടപെടല്‍ മനസ്സിലാക്കാം. ഇത് പക്ഷെ സ്ട്രോങ്ങ്മാന്‍ ദാദാഗിരി മാത്രമാണ്.
ഇവിടെയാണ് ട്രംപിസം മനസ്സിലാക്കേണ്ടത്. ഞാന്‍ ഉദ്ദേശിക്കുന്ന ട്രംപിസത്തില്‍ ശ്രീ ഡൊണാള്‍ഡ് ട്രംപ് മാത്രമല്ല ഉള്‍ക്കൊള്ളുന്നത്. അതില്‍ ഒരു വൈറ്റ് സുപ്രീമസിസ്റ്റ് അമേരിക്കന്‍ മാനസികാവസ്ഥകൂടി, അവരുടെ സാമ്പത്തിക താല്പര്യങ്ങള്‍ കൂടി, ഉള്‍കൊള്ളുന്നു. നമുക്ക് പരിശോധിക്കാം.
ട്രംപിസത്തെ നമ്മള്‍ പരിചയപ്പെടുന്നത് നമുക്ക് പരിചിതമായ ലോക പതിവ്കളെ, നടപടിക്രമങ്ങളെ തൃണവല്‍ക്കരിച്ചുകൊണ്ട് തോന്നും പടി താരിഫുകള്‍ പ്രഖ്യാപിക്കുന്ന ഒരു ട്രംപിനെ വായിച്ചുകൊണ്ടാണ്. ആദ്യമേ തന്നെ മനസ്സിലാക്കേണ്ടതെന്തെന്നാല്‍ പലരും ധരിച്ചിരിക്കാവുന്നതുപോലെ ട്രംപിസം വീണ്ടുവിചാരമില്ലാത്ത, എടുത്തുചാടി എടുക്കുന്ന ചില തീരുമാനങ്ങളല്ല, നിലപാടുകളല്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്തില്‍, സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങാന്‍ കൂട്ടാക്കാത്ത ഒരു ബിസിനസ്സ്മാന്‍, അമേരിക്കയുടെ പ്രത്യേക സാഹചര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളാണവ. ആ തീരുമാനങ്ങള്‍ ഒരു ബിസ്സിനെസ്സ് വിജയം നേടിയ, ഗോദാസക്തന്‍ (WWF കമ്പക്കാരന്‍) - ആ ധാര്‍ഷ്ട്യങ്ങളില്‍ നിന്ന് മോചിതനല്ലാത്ത ഒരു വ്യക്തിത്വം, കൂസലില്ലാത്ത എടുക്കുന്ന ചില തീരുമാനങ്ങളാണവ. അവ അന്താരാഷ്ട്ര വ്യവസ്ഥാപിത മാതൃകകളെ, നടപടിക്രമങ്ങളെ, തൃണവല്‍ക്കരിക്കുന്നവയാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന ലോക ശക്തിമാന്‍ പൊലീസുകാരന്റെ അധികാരം ആ തീരുമാനങ്ങളില്‍ പ്രതിഫലിക്കുന്നു. അമേരിക്കന്‍ പവര്‍ അത്തരം തീരുമാനങ്ങളെടുക്കാന്‍ ട്രംപിനെ സഹായിക്കുന്നു. ഇവയുടെ ആകത്തുകയുo, 'അമേരിക്ക ഗ്രേറ്റ്' മെന്റാലിറ്റിയും ട്രംപിസത്തില്‍ കിടപ്പുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എത്തിച്ചേര്‍ന്നിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളാണ് ആ തീരുമാനങ്ങളിലെ അന്തര്‍ധാര. ഇതെല്ലാം ചേര്‍ന്നതാണ് ട്രംപിസം. ലോക സാമ്പത്തിക അവസ്ഥയെയും, ക്രമത്തെയും, ജിയോ പൊളിറ്റിക്‌സിനെയും, നമ്മള്‍ ഓരോരുത്തരും എത്തിച്ചേര്‍ന്നിരിക്കുന്നു ജീവിത നിലവാരത്തെയും, ഈ തീരുമാനങ്ങള്‍ പക്ഷെ ബാധിക്കുന്നു. നമ്മുടെയൊക്കെ, നമ്മുടെ മക്കളുടെയൊക്കെ, ഭാവി ഈ മനുഷ്യന്റെ, പതിമൂവായിരം കിലോമീറ്ററുകള്‍ക്ക് അപ്പുറമിരിക്കുന്ന ഈ മനുഷ്യന്റെ, ചില തീരുമാനങ്ങളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.
ട്രംപിന്റെ പല തീരുമാനങ്ങളും വളരെ വിജയിയായ ഒരു ബിസ്സിനെസ്സ് മാന്‍ എടുക്കുന്ന തീരുമാനങ്ങളാണ്. അതായത് ഒരു ഐഎഎസ് കാരന്‍ നീട്ടുന്ന വരകളില്‍ കണ്ണടച്ചു് ഒപ്പിടുന്ന ഒരു രാഷ്ട്രീയക്കാരനല്ല ട്രംപ്. അറിഞ്ഞു മനസ്സിലാക്കി ഒപ്പിടുന്ന തീരുമാനങ്ങളാണ് ട്രമ്പിന്റെത്. റെക്ലസ്, വീണ്ടുവിചാരമില്ലാത്തതെന്ന്, നമ്മള്‍ പറയുന്ന തീരുമാനങ്ങള്‍. അതിന്റെ ഭവിഷത്തുകള്‍ വരുമ്പോള്‍ കാണാം എന്ന ഒരു ശക്തിമാന്റെ മാനസികാവസ്ഥയില്‍ ഒപ്പിടുന്നവയാണ് അവ. അമേരിക്കന്‍ സോഷിയോ പൊളിറ്റിക്കല്‍ പവര്‍ അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നു.
അച്ഛന്‍ ട്രംപ് നല്‍കിയ ബിസിനസ്സ് അടിത്തറയില്‍, വെറും ഒരു മില്യണ്‍ ഡോളര്‍ കൊണ്ട് തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ്‌നെ, ഇപ്പോള്‍ ഏഴു ബില്യണ്‍ ഡോളര്‍ എമ്പയര്‍ ആക്കി ഉയര്‍ത്തിയ വിജയിയായ വ്യവസായി ആണ് ശ്രീ ഡൊണാള്‍ഡ് ട്രംപ് ('Bloomberg estimated his wealth at $7.08 billion in January 2025). അമേരിക്കന്‍ സ്‌റ്റൈല്‍ 'ഹയര്‍ ആന്‍ഡ് ഫയര്‍ തീരുമാനങ്ങളിലൂടെ' ഉയര്‍ന്നു വന്ന വ്യവസായിയാണ് ഡൊണാള്‍ഡ് ട്രംപ്. ഒരു മന്‍ഹട്ടന്‍ റിയല്‍ എസ്റ്റേറ്റ്മുഗള്‍ മാനസികാവസ്ഥ ട്രംപിന്റെ കൂടപ്പിറപ്പാണ്.
ഒരു ഗോദ വീരന്റെ കൂസലില്ലാത്ത തീരുമാനങ്ങള്‍ക്ക് പുറകില്‍, ട്രംപിസത്തിനു പിന്നില്‍, ചില അമേരിക്കന്‍ അവസ്ഥകള്‍ കിടപ്പുണ്ട്. അത് കൂടുതല്‍ മനസ്സിലാകണമെങ്കില്‍ അമേരിക്ക, അമേരിക്കന്‍ സാമ്രാജ്യത്വം, കോര്പറേറ്റ് അമേരിക്ക, എന്നൊക്കെ കാര്യങ്ങളെ ഉപരിപ്ലവമായി മനസ്സിലാക്കിയാല്‍ പോരാ. അമേരിക്ക ചെന്നെത്തിപ്പെട്ടിരിക്കുന്ന വിഷമസന്ധി, അങ്കലാപ്പ്, എന്നീ അവസ്ഥകള്‍ അതില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ കാല അമേരിക്കന്‍ സാമ്പത്തിക നയങ്ങള്‍, അത് അവര്‍ കൈകാര്യം ചെയ്തതിലെ ന്യൂനതകള്‍, WTO മുതലായ അന്താരാഷ്ട്ര ട്രേഡ് എഗ്രിമെന്റ്കള്‍, അത് അമേരിക്ക കഴിഞ്ഞ കാലങ്ങളില്‍ കൈകാര്യം ചെയ്ത രീതികള്‍, അമേരിക്കയുടെ സാമ്പത്തിക കാര്യങ്ങളിലെ പഴയകാല കൂസലില്ലായ്മ, എന്നീ പല ഘടകങ്ങള്‍ അതില്‍ കിടപ്പുണ്ട്. അത്തരം സന്ദിഗ്ദ്ധാവസ്ഥയെ മറികടക്കാന്‍ ട്രംപ് എന്ന മാക്കോ ബിസിനസ്സ് മാന്‍, WWF ഗോദ ആരാധകന്‍, അന്താരാഷ്ട്ര പ്രമാണങ്ങള്‍ക്ക്, കീഴ്നടപ്പുകള്‍ക്ക്, വരും വരായ്കകള്‍ മാനിക്കാതെ എടുക്കുന്ന തിരുത്തലുകളാണ്, തീരുമാനങ്ങളാണ് ഇപ്പോള്‍ നാം കാണുന്ന ട്രംപിസം.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എത്തിപെട്ടിരിക്കുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണ്. അവരെങ്ങനെ ഇവിടെ ചെന്നെത്തി. അതൊരു നീണ്ട ലേഖനത്തില്‍ മാത്രം വിശദീകരിക്കാന്‍ കഴിയുന്നൊരു വിഷയമാണ്.
അതില്‍ പ്രധാനപ്പെട്ടത് അവര്‍ വരുത്തികൂട്ടിയിരിക്കുന്ന കടബാധ്യതയാണ്. ഈ കടബാധ്യതയെ കുറിച്ചു് നേരത്തെ ചില ലേഖനങ്ങളില്‍ പറഞ്ഞിരിക്കുന്നത് കൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല. അമേരിക്കയുടെ കട ബാധ്യത ഇന്ന് എല്ലാവര്ക്കും അറിയുന്നൊരു വിഷയമാണ്. അതിന്റെ വലിപ്പം മാത്രം കുറച്ചു വരികളില്‍ ആവര്‍ത്തിക്കാം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയെകൊണ്ട് അവരുടെ കടം ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല എന്നതാണ് അതിലെ പ്രധാന പോയിന്റ്. കടത്തില്‍ നിന്ന് മുക്തരാകില്ല. ആ കടം ഇപ്പോള്‍ 36 ട്രില്യണ്‍ ഡോളറിനു മുകളിലാണ്. അതിന്റെ തോത് നമുക്ക് മനസ്സില്‍ ഉള്‍കൊള്ളാന്‍ കഴിയുന്നതിനും മുകളിലുള്ളോരു തുകയാണത്. ഓരോ വര്‍ഷവും ഈ കടത്തിന്റെ പലിശ മാത്രം ഒരു ട്രില്യണ്‍ ഡോളര്‍ വരുന്നുണ്ട് (Net interest payments reached about $970 billion in FY 2025). അതിനുപുറമെയാണ് ഒരു വര്‍ഷത്തെ ബഡ്ജറ്റ് ഡെഫിസിറ്റ് 1.78 ട്രില്യണ്‍ ഡോളര്‍. ഈ കടത്തിന്റെ പലിശ മാത്രം ...
യൂറോപ്പ്യന്‍ രാജ്യങ്ങളും ചേര്‍ന്ന് മരവിപ്പിച്ചു. തെറ്റി - കണ്ടുകെട്ടി അല്ലെങ്കില്‍ തട്ടിപ്പറിച്ചു എന്ന വാക്കാണ് കൂടുതല്‍ ശരി. അന്താരാഷ്ട്ര വ്യവസ്ഥാപിത ട്രേഡ് മാനദണ്ഡങ്ങളെ മുഴുവന്‍ തൃണവല്‍ക്കരിച്ചുകൊണ്ട് റഷ്യയുടെ ഈ പണം അവര്‍ മരവിപ്പിച്ചു. ഉക്രൈന്‍ റഷ്യ യുദ്ധത്തില്‍ ഉക്രൈനിന് ഉണ്ടായ നഷ്ടം എന്ന ന്യായീകരണമാണ് അന്ന് ഉപയോഗിച്ചത്. അതോടുകൂടി ഇനി അന്താരാഷ്ട വ്യവഹാരങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയെ വിശ്വസിച്ചു മാത്രം മുന്നോട്ടു പോയിക്കൂടാ എന്ന് ലോക രാഷ്ട്രങ്ങളില്‍ ഭീതി പരന്നു. അമേരിക്കയുടെ വിശ്വാസ്യത എന്നന്നേക്കുമായി ഇല്ലാതാക്കിയ ഒരു മണ്ടത്തരം.
ഈ യുസ് കടക്കൂമ്പാരം പ്രതിസന്ധികള്‍ ഉണ്ടാക്കാന്‍ പോകുന്നത് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന എമ്പയറിന്റെ പതനത്തിലായിരിക്കും. ഈ കടത്തിന്റെ പലിശയും അടവും എന്ന് മുടങ്ങുന്നുവോ അന്ന് യുസ് എമ്പയറിന്റെ പതനമായിരിക്കും. ഇവിടെ പതനം എന്ന വാക്ക് ചരിത്രത്തിലെ പല എമ്പയറുകളുടെയും 'പതനം' എന്ന് പഠിച്ചുവെച്ച കല്പനകളിലൂടെ കാണരുത്. ഇത് വരുന്ന വഴി വ്യത്യസ്തമായിരിക്കും. ഹൈപ്പര്‍ ഇന്‍ഫ്ളേഷന്‍, തൊഴില്‍ ശാലകളുടെ പതനം, തൊഴിലില്ലായ്മ, സിസ്റ്റങ്ങളുടെ പതിയെയുള്ള പരാജയങ്ങള്‍ എന്നിങ്ങനെയൊക്കെ ആയിരിക്കും.
ഈ കടക്കൂമ്പാരം പ്രതിസന്ധികള്‍ ഉണ്ടാക്കാന്‍ പോകുന്നത് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കക്ക് മാത്രമല്ല എന്ന് നാമെല്ലാവരും പ്രത്യേകിച്ച് മനസ്സിലാക്കിയിരിക്കണം. എന്താണ് ആ പ്രതിസന്ധി. പ്രവചിക്കുക അസാധ്യം. ഒരു ലോക മഹായുദ്ധമാകാം. അമേരിക്ക, ഇന്ത്യ, ചൈന മുതലായ രാജ്യങ്ങളില്‍ തൊഴിലില്ലായ്മ പണപ്പെരുപ്പം എന്നിങ്ങനെയാകാം. അതുമൂലം വന്‍ ജനകീയപ്രക്ഷോഭങ്ങളും ഭരണ മാറ്റങ്ങളും ലോകത്തുണ്ടാകാം. പ്രവചനീയമല്ല. ലോക രാഷ്ട്രങ്ങളെ പലതിനെയും, ഇന്ത്യ പോലെയുള്ള പല രാജ്യങ്ങളേയും, അവിടങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരത്തെയും, ഈ 'പതനം' വന്‍ തോതില്‍ താറുമാറാക്കും എന്നതാണ് ഇതിലെ ട്രാജഡി.
അവരെങ്ങനെ ഇവിടെ ചെന്നെത്തി അതൊരു നീണ്ട ലേഖനത്തില്‍ മാത്രം വിശദീകരിക്കാന്‍ കഴിയുന്നൊരു വിഷയമാണ്. ചുരുക്കി പറയാം.
Over stretched Empire. ലോക പോലീസ് ആണെന്ന് അഭിമാനിക്കുകയും അമേരിക്ക ഈസ് ഗ്രേറ്റ് എന്ന് നൂറുവട്ടം പറയുകയും ചെയ്യുന്ന ഈ എമ്പയറിന് ആ ചിലവുകള്‍ എത്ര, എങ്ങനെ കണ്ടെത്തും എന്നൊക്കെ ആലോചിക്കാന്‍ വിട്ടുപോയി. പരിചിന്തനം കാലാകാലങ്ങളില്‍ നടന്നില്ല. അവരങ്ങനെ അഭിമാനിച്ചു ജീവിച്ചുവന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്ന അമേരിക്ക ലോക മപ്പാടെ നോക്കിയാല്‍ ഏകദേശം 700 മുതല്‍ 800 വരെ മിലിറ്ററി ബേസുകള്‍, സൈനിക താവളങ്ങള്‍, നിലനിര്‍ത്തി പോരുന്നുണ്ട്. ഇവ നിലനിര്‍ത്തിപോരുന്നതിനായി ഓരോ വര്‍ഷവും 100 ബില്യണ്‍ ഡോളറിനടുത്ത് ചെലവ് വരുന്നുണ്ടായിരുന്നു. അവരുടെ പൊളിറ്റിക്കല്‍ നേതൃത്വം ആ ചെലവുകളുടെ വരവ് ദശാബ്ദങ്ങളോളം ഗൗനിച്ചില്ല അഥവാ അതൊരു നിസ്സാര തുകയായി ഗൗനിച്ചുപോന്നു. ഗര്‍വ്വം കൊണ്ടായിരിക്കാം.
ഇറാക്കിലും അഫ്ഗാനിസ്ഥാനിലും കയറി വലിയേട്ടന്‍ ചമഞ്ഞു. മതിപ്പുകണക്കനുസരിച്ചു് ചെലവ് 8 മുതല്‍ 10 ട്രില്യണ്‍ ഡോളര്‍. (According to the latest data from the Costs of War project, the total cost of U.S. operations in Iraq, Afghanistan, Syria, and Pakistan has surpassed $8 trillion....ഗൂഗിള്‍). വരവ് എവിടെ എന്നാലോചിക്കാതെയുള്ള ചിലവുകളാണ് എന്നത് പ്രത്യേകം ഓര്‍ക്കുക. ഇറാക്കിലും അഫ്ഗാനിസ്ഥാനിലും കയറി സൈനികമായി ഇടപെടേണ്ട ആവശ്യമുണ്ടായിരുന്നോ, മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നില്ലേ? ഒരു ഇവാന്‍ജെലിക്കല്‍ ക്രിസ്ത്യന്‍ മാനസികാവസ്ഥ ഇതിനു പുറകില്‍ പ്രവര്‍ത്തിച്ചിരുന്നില്ലേ? Overseas Contingency Operations (OCO), എന്നൊരു ഓമന പേരിലാണ് ഈ ചിലവുകളെല്ലാം ഉള്‍പെട്ടിരുന്നത്, അല്ലെങ്കില്‍ ന്യായീകരിക്ക പെട്ടിരുന്നത്. അമേരിക്കയില്‍ ഇത് 'Ghost Budget' എന്നാണ് വിളിക്കപ്പെട്ടിരുന്നത്.(This was often called a 'Ghost Budget' because it allowed the government to bypass the spending caps that applied to other parts of the budget (like education or infrastructure)).
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ചരിത്രത്തില്‍ ആദ്യമായി കടം എടുത്ത് മാത്രം, അതായത് പൗരനെ ടാക്സ് ചെയ്യാതെ, നടത്തിയ ഒരു യുദ്ധമാണിത്. ചുമ്മാ ആകാശത്ത് നിന്നെന്നപോലെ പണമെടുക്കുക യുദ്ധം നടത്തുക. ഒരു പക്ഷെ ഇന്നല്ലെങ്കില്‍ നാളെ ഇതൊക്കെ തിരിച്ചടിക്കും എന്ന ചിന്ത, ധാര്‍ഷ്ട്യം നിറഞ്ഞ അമേരിക്കന്‍ കളക്ടീവ് മനസ്സില്‍ തെളിഞ്ഞില്ല എന്ന് തോന്നുന്നു. ഇതിനൊക്കെ പുറമെ ഇനിയൊരു നാളെ ഉണ്ടെന്ന തോന്നലില്ലാത്തവണ്ണം അവര്‍ ഹെല്‍ത്ത് കെയറിനായുo സോഷ്യല്‍ സെക്യൂരിറ്റി മുതലായ ചിലവുകള്‍ക്കും വരവിനെ ഗൗനിക്കാതെ ചിലവുകള്‍ ചെയ്തുകൊണ്ടിരുന്നു.
അമേരിക്കയുടെ കട ബാധ്യത വന്‍ തോതില്‍ കൂടാനിടയാക്കിയ ഇനിയൊരു കാരണമാണ് താഴെ വിശദീകരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത് മുതല്‍ അമേരിക്ക ചരിത്രപരമായി കുറഞ്ഞ ഇറക്കുമതി തീരുവയുള്ള (low-tariff) ഒരു രാജ്യമാണ്. എല്ലാ ഇറക്കുമതികളിലുമുള്ള ആ രാജ്യത്തിന്റെ ശരാശരി തീരുവ നിരക്ക് ഏകദേശം 1.5% മുതല്‍ 2.0% വരെ എന്ന നിലയില്‍ സ്ഥിരമായി കുറഞ്ഞുതന്നെ തുടര്‍ന്നു. ചൈന ഉള്‍പ്പെടെയുള്ള മിക്കവാറും എല്ലാ ഡബ്ല്യു.ടി.ഒ (WTO) അംഗങ്ങള്‍ക്കും ഈ നിരക്ക് ബാധകമായിരുന്നു. ചൈനയും മറ്റു പല രാജ്യങ്ങളും ഇതിന്റെ ഗുണഭോക്താക്കളായിരുന്നു. ചൈന അവരുടെ ഇക്കോണമി തുറന്നു വിട്ടതിനുശേഷം, ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയിലേക്ക് മാറിയതിനുശേഷം, അവരുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഈ നിരക്കുകള്‍ അവരെ വളരെ സഹായിച്ചിരുന്നു. (അക്കാലത്ത് ഇന്ത്യ ഇത് പ്രയോജനപ്പെടുത്തുന്നതില്‍ പിന്നിലായിരുന്നു).
The 'Average Applied Tariff Rate' is the actual duty collected on all goods imported, weighted by the value of those imports.
Time Period
US Average Applied Tariff Rate (on all imports)
China Average Applied Tariff Rate (on all imports)
WTO Context & Policy
Pre-2001
Low (approx. 1.5% - 2.0%)
Very High (approx. 15% - 20%)
US tariffs were consistently low. China had high tariffs but dramatically cut them as a condition for WTO entry.
2001 - 2017
Very Low (approx. 1.5% - 2.0%)
Low (approx. 7.0% - 10.0%)
Both nations complied with their WTO commitments. China's rate was higher but represented a massive liberalization from its pre-2001 levels.
2018 (Start of Trade War)
Approx. 2.7% (on China-specific goods)
Approx. 8.0% (on US-specific goods)
The starting point before the retaliatory increases took effect.
പ്രായോഗികമായി ഇവിടെ സംഭവിച്ചുകൊണ്ടിരുന്നത് എന്തെന്നാല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന രാജ്യം ഡോളര്‍ എന്ന അവരുടെ മണി പ്രിന്റിങ് പ്രെസ്സില്‍ അടിച്ചു കൂട്ടുന്നു. അത് ചൈന മുതലായ രാജ്യങ്ങള്‍ക്ക് കൊടുത്ത് അവിടെ നിന്ന് വില കുറഞ്ഞ കളിപ്പാട്ടങ്ങള്‍ മുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെ, ഉപ്പ് തൊട്ടു കര്‍പ്പൂരം വരെ, ഇറക്കുമതി ചെയ്ത് അനുഭവിച്ചു് മുന്നോട്ടുപോയ്‌കൊണ്ടിരുന്നു. അമേരിക്കക്കാര്‍ക്ക് അവരുല്‍പാദിച്ചാല്‍ ഉണ്ടാകുന്ന വിലയേക്കാള്‍ കുറവില്‍ ഉത്പന്നങ്ങള്‍ ലഭിക്കുന്നു. അവരങ്ങനെ വലിയ ചിന്തയൊന്നുമില്ലാതെ ജീവിച്ചുവന്നു. അമേരിക്കന്‍ ഉല്‍പാദന മേഖല നശിച്ചുകൊണ്ടിരുന്നു. അവരുടെ IT മുതലായ പുതിയ മേഖലകള്‍ വന്‍ തോതില്‍ വിജയിച്ചിരുന്നത് കൊണ്ട് പ്രാഥമിക അടിസ്ഥാന മേഖലകള്‍ നശിക്കുന്നത് ആരും ഗൗനിച്ചില്ല. ആ ജീവിതവും ഇറാക്ക് മുതലായ രാജ്യങ്ങളിലെ ഇടപെടല്‍ മുതലായ കാരണങ്ങള്‍ കൊണ്ട് അവരുടെ കടം കുന്നു കൂടി. ഇനിയിങ്ങനെ മുന്നോട്ടുപോകാന്‍ ആവില്ല എന്ന അവസ്ഥയെത്തി. ട്രംപ് തിരഞ്ഞെടുക്കപ്പെടുന്നത് അതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നനങ്ങള്‍ ചൂണ്ടികാണിച്ചുകൊണ്ടും കൂടിയാണ്.
ട്രംപിസം തുടങ്ങിയത് WTO എന്ന അന്താരാഷ്ട ട്രേഡ് അഗ്രിമെന്റിനെ നിഷ്പ്രഭമാക്കിക്കൊണ്ടാണ്. WTO ഈസ് നൗ ഡെഡ്. അതിനെ അമേരിക്ക എന്ന ഒരൊറ്റ രാഷ്ട്രം കൊന്നു. ലോക രാഷ്ട്രങ്ങള്‍ പഞ്ചപുച്ഛമടക്കി നിന്നിരുന്ന WTO എന്ന അന്താരാഷ്ട്ര ട്രേഡ് എഗ്രിമെന്റ്, നാട്ടിലെ ഹുങ്കന്‍, അമേരിക്ക, ട്രoപ്, ലളിതമായി നിഷ്പ്രഭമാക്കി. അന്താരാഷ്ട്ര ട്രേഡ് മുന്നോട്ട് കൊണ്ടുപോകാന്‍ ലോക രാഷ്ട്രങ്ങള്‍ ദശാബ്ദങ്ങളോളം കൂടിയാലോചനകള്‍ നടത്തി രൂപീകരിച്ചെടുത്ത WTO എന്ന ബോഡി, ട്രംപ് മാസങ്ങള്‍ കൊണ്ട് നിഷ്പ്രഭമാക്കി.
എന്തൊക്കെയായിരുന്നു WTO അഗ്രിമെന്റിലെ പ്രധാന വ്യവസ്ഥകള്‍. അന്താരാഷ്ട്ര ട്രേഡ് വര്‍ദ്ധിപ്പിക്കാന്‍, സുഗമമായി മുന്നോട്ടുപോകാന്‍, ഈ എഗ്രിമെന്റ്ന്റെ തുടക്കക്കാരില്‍ ഒരാളായിരുന്ന USA ഒപ്പിട്ട വ്യവസ്ഥകള്‍ എന്തൊക്കെയായിരുന്നു. ( The U.S. Congress approved the agreement in December 1994 through the Uruguay Round Agreements Act). ദശാബ്ദങ്ങളോളം നീണ്ടുനിന്ന ബഹുതല ചര്‍ച്ചകളിലൂടെ (Multilateral negotiations) ഇറക്കുമതി തീരുവകളില്‍ ഗണ്യമായ കുറവ് നടപ്പാക്കി. തീരുവ കുറഞ്ഞപ്പോള്‍, ലോക രാഷ്ട്രങ്ങളുടെ കയറ്റിറക്കുമതി നയങ്ങളില്‍ നിലനിന്നിരുന്ന മറ്റ് പല നിയന്ത്രണങ്ങള്‍ ഇല്ലാതായപ്പോള്‍, ലോക വ്യവസായം പല മടങ്ങു ഈ കഴിഞ്ഞ ദശാബ്ദങ്ങളില്‍ വര്‍ദ്ധിച്ചു. WTO ഒരു റൂള്‍ മേക്കര്‍ ആയി, മോണിറ്റര്‍ ആയി, Dispute Settlement judge ആയും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
ഈ ശ്രമങ്ങള്‍ പ്രമുഖ വ്യാപാര രാഷ്ട്രങ്ങള്‍ക്കിടയിലുള്ള ശരാശരി തീരുവ നിരക്കുകള്‍ ഗണ്യമായി കുറയ്ക്കുന്നതില്‍ വിജയിച്ചു ഉദാഹരണത്തിന്, 1947-ല്‍ ഏകദേശം 22% ആയിരുന്നത് ഉറുഗ്വേ റൗണ്ടിന് (Uruguay Round) ശേഷം ഏകദേശം 5% ആയി കുറഞ്ഞു. നമ്മള്‍ ഇന്നനുഭവിക്കുന്ന പല ജീവിത സൗകര്യങ്ങളും ഇതിന്റെ കൂടെ വന്നതാണ്.
ഒരു ഉല്‍പ്പന്നത്തിന് നിശ്ചയിച്ചിട്ടുള്ള പരമാവധി താരിഫ് പരിധിക്ക് (tariff rate) മുകളിലായി നിലവില്‍ ഈടാക്കുന്ന നിരക്ക് (Applied tariff rate) വര്‍ദ്ധിപ്പിക്കാന്‍ പാടില്ല എന്നതാണ് പ്രധാന നിയമം. വ്യാപാര പങ്കാളികളുമായി പുനര്‍ചര്‍ച്ച നടത്താതെയും അവര്‍ക്ക് നഷ്ടപരിഹാരം (Compensation) നല്‍കാതെയും തീരുവ വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല. നിശ്ചയിച്ച പരിധിക്ക് മുകളിലേക്ക് ഏകപക്ഷീയമായി തീരുവ ഉയര്‍ത്തുന്നത് ഡബ്ല്യു.ടി.ഒ (WTO) നിയമത്തിന്റെ ലംഘനമാണ്.
വിവേചനമില്ലായ്മ (Non-Discrimination) എന്നത് ഡബ്ല്യു.ടി.ഒയുടെ അടിസ്ഥാന തത്വമാണ്. എല്ലാ അംഗരാജ്യങ്ങളെയും തുല്യമായി പരിഗണിക്കാന്‍ ഇത് ഓരോ അംഗത്തോടും നിര്‍ദ്ദേശിക്കുന്നു. ചില ഒഴിവുകള്‍ അനുവദിച്ചിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാറുകള്‍ (FTAs) അല്ലെങ്കില്‍ കസ്റ്റംസ് യൂണിയനുകള്‍ (അംഗങ്ങള്‍ക്കിടയില്‍ പലപ്പോഴും സീറോ ടാരിഫ് ആയിരിക്കും), വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കുന്ന മുന്‍ഗണനാപരമായ പരിഗണനകള്‍, ആന്റി ഡംപിംഗ് ഡ്യൂട്ടികള്‍ (Anti-Dumping Duties) തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
ട്രംപ് ഒരു 'അമേരിക്ക ഗ്രേറ്റ്' ആയിരിക്കണം എന്ന ഫണ്ടമെന്റലിസ്റ്റ് ആണെന്നറിയാമല്ലോ. (അതില്‍ തെറ്റൊന്നുമില്ല). ട്രംപിസം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന രീതിയിലാണ്, വീണ്ടുവിചാരമില്ലാത്ത, ലക്കില്ലാത്ത, ധാര്‍ഷ്ട്യത്തോടെയുള്ള അതിന്റെ നടപ്പാക്കലിലാണ് പ്രധാന പ്രശ്‌നങ്ങളൊക്കെ കിടക്കുന്നത്. ഉദാഹരണമായി അമേരിക്കക്ക് പറയാമായിരുന്നു ഞങ്ങള്‍ WTO നിന്ന് പിന്മാറുകയാണ്. ചൈനയോടും ഇന്ത്യയോടും മറ്റു രാജ്യങ്ങളോടും അമേരിക്കക്ക് ചൂണ്ടികാണിക്കാമായിരുന്നു നിങ്ങളുടെ താരിഫുകള്‍ കൂടുതലാണ്. മൂന്നു മാസത്തിനകം അല്ലെങ്കില്‍ ആറുമാസത്തിനകം കുറച്ചില്ലെങ്കില്‍ നിങ്ങളുമായുള്ള കച്ചവട നിരക്കുകള്‍ ഞങ്ങള്‍ പുനപരിശോധിക്കുന്നതാണ് എന്നിങ്ങനെ. അതിനുപകരം അമേരിക്കന്‍ ശക്തിയുടെ ബലത്തില്‍ ധാര്‍ഷ്ട്യത്തോടെ, ഒരു ഗോദ പ്രൊമോട്ടറെ പോലെ, ഒരു ഗോദ മാനേജറെ പോലെ തീരുമാനങ്ങള്‍ എടുത്തു എന്നതിലാണ് ട്രംപിസത്തിലെ പ്രധാന വൈകല്യങ്ങള്‍ കിടക്കുന്നത്. എന്നുവെച്ചു് ബാക്കികാര്യങ്ങളിലൊക്കെ ട്രംപ് ശരിയാകുന്നു എന്നൊന്നും വായിക്കരുത്. മനസ്സിലാക്കിയിടത്തോളം, ചരിത്ര ബോധ്യങ്ങള്‍ ട്രംപിന് കുറവാണ്. ലോക കീഴ്‌നടപ്പുകളും നടപടിക്രമങ്ങളും മാനിക്കാതെ കൂസലില്ലാത്ത തീരുമാനങ്ങള്‍ മറ്റുരാജ്യങ്ങള്‍ക്കെതിരെ ട്രംപ് പ്രഖ്യാപിക്കുന്നു. അതാണ് ട്രംപിസം.
ഈ താരിഫുകള്‍ കൊണ്ടൊന്നും അമേരിക്ക രക്ഷപെടാന്‍ പോകുന്നില്ലെന്ന് അമേരിക്കന്‍ ഭരണകൂടത്തിന് മനസ്സിലായി. അവരുടെ കട ബാധ്യത പ്രതിസന്ധികളില്‍ നിന്ന് എങ്ങനെ മറികടക്കാം, ആസന്നമായ സാമ്പത്തിക ഊരാക്കുടുക്ക് എങ്ങനെ പരിഹരിക്കാം എന്നൊക്കെ അവര്‍ പല വഴികളും പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നു. അതിലൊന്നാണ് വെനിസ്വലയിലെ എണ്ണ, ഗ്രീന്‌ലാന്ഡിലെ പ്രകൃതി ദ്രവ്യങ്ങള്‍ എന്നിവയിലേക്ക് ട്രംപ് എന്ന ബിസിനസ്സ് കാരന്റെ കണ്ണ് പതിയുന്നത്. അമേരിക്കന്‍ ഡോളറിനെ ഡിജിറ്റല്‍ കറന്‍സിയായി മാറ്റിയും പരിഹരിക്കാനൊക്കുമോ എന്നൊക്കെ അവര്‍ പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നു.
അമേരിക്കക്ക് വെനിസ്വലയുടെ എണ്ണ ആവശ്യമില്ല. അമേരിക്കയുടെ കൈവശം ആവശ്യത്തിലേറെ shale ഗ്യാസും എണ്ണയും ഉണ്ടെന്നാണ് ഒരു വാദം (Secretary of State Marco Rubio). പിന്നെന്തിനാണ് വെനിസ്വലയില്‍ ഇറങ്ങിയത് എന്നല്ലേ. അമേരിക്കയുടെ ഭൂഖണ്ഡത്തില്‍ മറ്റു ശക്തികള്‍ വന്ന് പ്രവര്‍ത്തിക്കുന്നത് നിയന്ത്രിക്കാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാല്‍ തൊട്ടപ്പുറത്ത് പ്രെസിഡന്റ് ട്രംപ് പറയുന്നത് 'We are going to 'run' the country' എന്നാണ്.
വെനിസ്വലയുടെ എണ്ണക്കുമേല്‍ അമേരിക്കക്ക് നിയന്ത്രണം വേണം. ഇറാനിയന്‍ ഓയില്‍, എംബാര്‍ഗൊ ആണ്. ആരും ഇറാനുമായി കച്ചവടം നടത്തരുത്. റഷ്യന്‍ ഓയില്‍ ഇന്ത്യ വാങ്ങരുത്. എന്താണ് അമേരിക്ക ഉദ്ദേശിക്കുന്നത്. എണ്ണ വില ഞങ്ങള്‍ നിയന്ത്രിക്കാം, എണ്ണ വില താഴാതെ നിയന്ത്രിക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. വില വല്ലാതെ താണാല്‍ shale ഗ്യാസ് നോണ്‍ പ്രോഫിറ്റബിള്‍ ആകും.
ഇതുകൊണ്ടൊന്നും അമേരിക്ക എത്തിപെട്ടിരിക്കുന്ന സാമ്പത്തിക ഗര്‍ത്തത്തില്‍ നിന്ന് അമേരിക്കക്ക് പുറത്തുകടക്കാനാവില്ല. വെനിസ്വെല ഓയില്‍ മാര്‍ക്കെറ്റിലെത്തിച്ചു്, ഓയില്‍ മാര്‍ക്കറ്റ് നിയന്ത്രിച്ചതുകൊണ്ടൊന്നും അമേരിക്കക്ക് അവര്‍ സൃഷ്ടിച്ച വാനോളം പൊങ്ങിനില്‍ക്കുന്ന ഫിനാന്ഷ്യല് ഇക്കോണമി ഭാരത്തില്‍ നിന്നും പുറത്തുകടക്കാന്‍ കഴിയില്ല. ലോകം ഡോളര്‍ ബേസ്ഡ് എക്കണോമിയിലേക്ക് തിരിഞ്ഞു നടക്കാതെ അമേരിക്ക രക്ഷപ്പെടില്ല. എന്നാല്‍ ലോക രാഷ്ട്രങ്ങള്‍ എല്ലാം തന്നെ, യൂറോപ്പ് അടക്കം എല്ലാവരും, അമേരിക്കയെ വിശ്വസിക്കാതെ ആയി എന്നത് മാത്രമാണ് ട്രംപിസം നേടിയെടുത്തത്.
ട്രംപ്ന്റെ വെനിസ്വലന്‍ ആക്രമത്തിലെ ധാര്‍മികത ഇല്ലായ്മയില്‍ രോഷം കൊണ്ടോ ലേഖനങ്ങള്‍ എഴുതിയോ നിങ്ങളുടെ ചിന്തകളില്‍ സമാധാനം കണ്ടെത്തി സംതൃപ്തി അടയരുത്. ട്രംപ് ഒരു വന്‍ ലോക ഇക്കോണമിക്ക് റിസഷന് ഇടവരുത്തുമോ എന്നതാണ് ആലോചിക്കേണ്ടത്. വരാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ ഭീതിതമാണ്. ലോക സാമ്പത്തിക റിസഷന്‍, തൊഴിലില്ലായ്മ, അമേരിക്ക അടക്കമുള്ള ലോക രാഷ്ട്രങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന ഇന്‍ഫ്ളേഷന്‍. അതിന്റെ ഭവിഷ്യത്തുകള്‍ ഭയാനകമാണ്. ഇങ്ങു കളിയാക്കാവിലയിലെ ഗോപാലനും ഊരൂട്ടമ്പലത്തിലെ ജോണിനും തൊഴില്‍ നഷ്ടപ്പെടും. അവര്‍ IT മേഖലയില്‍ നിന്ന് വെളിയിലാകും. അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ എക്സ് പോര്‍ട് 103 ബില്യണ്‍ ഡോളറിന്റേതാണ്. അമേരിക്കയില്‍ വലിയൊരു പട ഇന്ത്യക്കാര്‍ ജോലിചെയ്യുന്നു അവര്‍ ഇങ്ങോട്ട് വര്‍ഷംതോറും വലിയ 32 ബില്യണ്‍ ഡോളര്‍ അയച്ചുകൊണ്ടിരിക്കുന്നു. അമേരിക്കന്‍ ഇക്കണോമി ഇന്‍ഫ്ളേഷന്‍ കയത്തില്‍ പെട്ടാല്‍ ഇതില്‍ വന്‍ ഇടിവുണ്ടാകും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വ്യാവസായിക മാന്ദ്യം ബാധിക്കും, ചിലപ്പോള്‍ അത് വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കും.
ഇതൊക്കെ സഹിക്കാം. എന്നാല്‍ ട്രംപ് ലോകത്തെ ഒരു പുതിയ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുക. മൂന്നാം ലോക യുദ്ധം എന്ന വാക്ക് പല ലോക നേതാക്കളുടെ വായില്‍ നിന്നും ഉച്ഛരിക്കപ്പെടുന്നു. ട്രംപ് ഭരണം നാല് വര്‍ഷം കൂടി തുടരും. ലോകജനതക്ക് ഇത്രയേറെ ജീവിത സൗകുമാര്യങ്ങളും ടെക്‌നോളോജിക്കല്‍ നേട്ടങ്ങളും പുരോഗതികളും നേടിക്കൊടുത്ത ഒരു ജനസമൂഹം അമേരിക്കയെ പോലെ വേറൊന്ന് ചരിത്രത്തിലില്ല. മാനവികതക്ക് വേണ്ടി, ലോക നന്മക്കുവേണ്ടി ഏറ്റവും ശബ്ദമുയര്‍ത്തുന്ന, പ്രവര്‍ത്തിക്കുന്ന ജനവിഭാഗം അമേരിക്കകാരനാണ്. വിരോധാഭാസമെന്നു പറയട്ടെ അവരുടെ ഭരണകൂടം ലോകത്ത് അശാന്തിയും അക്രമങ്ങളും മരണങ്ങളും ഉണ്ടാക്കുന്നു.
