സ്വകാര്യ ജയിലുകള്‍ വന്നാല്‍ എന്താണ് കുഴപ്പം? ഈ രംഗത്ത് അല്പം കോമ്പറ്റിഷന്‍ വരുന്നത് നല്ല കാര്യമാണ്. എവിടെയാണ് കൂടുതല്‍ നന്നായി ജയില്‍വാസികളുടെ പരിവര്‍ത്തനം നടക്കുന്നതെന്ന് പഠിക്കാമല്ലോ; സര്‍ക്കാര്‍ പരിഗണയ്ക്കായി നിര്‍ദ്ദേശങ്ങളുമായി മുരളി തുമ്മാരുകുടി
സ്വകാര്യ ജയിലുകള്‍ വന്നാല്‍ എന്താണ് കുഴപ്പം?
ജയില്‍ സംവിധാനത്തിലും സ്വകാര്യവല്‍ക്കരണം വരണം
ഗോവിന്ദച്ചാമി ജയില്‍ ചാടിയതിനെ തുടര്‍ന്ന് നമ്മുടെ ജയില്‍ സംവിധാനങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണല്ലോ. ജയില്‍ സംവിധാനങ്ങളില്‍ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ ഒരു കമ്മീഷനെ നിയമിച്ചു എന്ന് വായിച്ചു. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ശ്രീ. ജേക്കബ് പുന്നൂസ് സാര്‍ Jacob Punnoosല അതില്‍ ഉണ്ടെന്നതും ആശാവഹമാണ്.
ജയിലുകളിലെ തിരക്ക് ഒഴിവാക്കാന്‍ പുതിയ ജയിലുകള്‍ ഉണ്ടാക്കണം എന്ന നിര്‍ദ്ദേശവും വായിച്ചു. നല്ലത്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള നമ്മുടെ നേതാക്കളില്‍ പലരും ജയില്‍വാസം അനുഭവിച്ചിട്ടുള്ളവരാണ്. അതുകൊണ്ട് തന്നെ ജയിലിനെക്കുറിച്ചും ആവശ്യമായ പരിഷ്‌കരണത്തെക്കുറിച്ചും അവര്‍ക്ക് കൂടുതല്‍ അറിവും വ്യക്തമായ അഭിപ്രായങ്ങളും കാണും.
കുറ്റവാളികളുടെ എണ്ണം പൊതുവില്‍ കുറവുള്ള സ്ഥലമാണ് കേരളം. കേരളത്തിലെ ശരാശരി മനുഷ്യര്‍ക്ക് ജയിലിനെക്കുറിച്ചുള്ള അറിവ് കൂടുതലും സിനിമ കണ്ടിട്ടുള്ളതാണ്. എന്റെ കാര്യവും വ്യത്യസ്തമല്ല. അടുത്തയിടെയായി കേരള പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ചിലരും ജയിലില്‍ കിടന്ന വെള്ളത്തൂവല്‍ സ്റ്റീഫനെപ്പോലെ ചിലരും 'ചരിത്രം എന്നിലൂടെ' എന്ന സഫാരി ടി.വി. പരമ്പരയില്‍ ജയിലിനെപ്പറ്റി കൂടുതല്‍ ഫസ്റ്റ് പേഴ്‌സണ്‍ വിവരണങ്ങള്‍ തന്നിട്ടുണ്ട്.
എന്റെ ഒരു സുഹൃത്ത് കേരള പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വ്വീസില്‍ ഉള്ളതുകൊണ്ട് കേരളത്തിലെ ഏറ്റവും പുതിയ ജയിലുകളില്‍ ഒന്നായ പാലക്കാട് ജയില്‍ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരവും കിട്ടിയിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ എന്റെ അറിവ് കൂടുതലും മറ്റു രാജ്യങ്ങളിലെ ജയിലുകള്‍ കണ്ടും അവിടുത്തെ രീതികള്‍ പഠിച്ചും ഉള്ളതാണ്. കേരളത്തിലേക്കാള്‍ വളരെ നല്ലതും വളരെ മോശവുമായ ജയിലുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മറ്റെല്ലാ കാര്യങ്ങളെയും പോലെ ഈ വിഷയത്തിലും കേരളം നമ്പര്‍ വണ്ണും ഇന്ത്യക്ക് മാതൃകയും ആകണമെന്നതിനാല്‍ ഈ വിഷയത്തില്‍ എന്റെ കുറച്ച് അഭിപ്രായങ്ങള്‍ പറയാം.
1. കുറ്റവാളികളുടെ എണ്ണം കൂടുന്നതനുസരിച്ച് തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ ജയിലുകള്‍ ഉണ്ടാക്കുക എന്നതല്ല ജയിലില്‍ അടക്കപ്പെടേണ്ട കുറ്റവാളികളുടെ എണ്ണം കുറയ്ക്കുക എന്നതായിരിക്കണം നമ്മുടെ സമൂഹത്തിന്റെ ഒന്നാമത്തെ ലക്ഷ്യം.
2. ജയില്‍ എന്നത് കുറ്റവാളികളെ ശിക്ഷിക്കാനുള്ള സ്ഥലമല്ല, മറിച്ച് ജയില്‍ ആണ് ശിക്ഷ. ഒരു തെറ്റ് ചെയ്തതിനാല്‍ സമൂഹത്തില്‍ നിന്നും അവര്‍ ഒരു നിശ്ചിത കാലത്തേക്ക് മാറ്റി നിര്‍ത്തപ്പെടുകയാണ്. അവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ലാതാകുന്നു, അതാണ് ശിക്ഷ. അല്ലാതെ ജയിലില്‍ എത്തുമ്പോള്‍ അവരെ അടിക്കുകയോ മറ്റു തരത്തില്‍ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുക അല്ല ജയിലിന്റെ ലക്ഷ്യം. ജയിലില്‍ ഉള്ളവര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള പാത്രം പോലും കൊടുക്കാന്‍ വൈകിപ്പിക്കുന്നതില്‍ ആനന്ദം കാണുന്ന ജയില്‍ ഉദ്യോഗസ്ഥരെപ്പറ്റി ജോസഫ് സാര്‍ അദ്ദേഹത്തിന്റെ അനുഭവങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതൊന്നും ഈ നൂറ്റാണ്ടിന് ചേര്‍ന്ന രീതിയല്ല.
3. ജയിലില്‍ എത്തുന്നവരില്‍ ബഹുഭൂരിപക്ഷം ആളുകളെയും പരിവര്‍ത്തനത്തിന് വിധേയരാക്കി തിരിച്ച് സമൂഹത്തില്‍ ജീവിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വ്വീസ് ശ്രദ്ധിക്കേണ്ട കാര്യം. ചെയ്ത തെറ്റിന്റെ കാഠിന്യം കൊണ്ട് ഇനി പൊതുസമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹതയില്ല എന്ന് നമ്മുടെ നിയമ സംവിധാനം കണ്ടെത്തിയ ആളുകള്‍ ഒഴിച്ച് മറ്റുള്ളവരുടെ കാര്യമാണ് പറയുന്നത്.
4. നമ്മുടെ ജയിലില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചില രീതികള്‍ റിട്ടയറായ ഒരു ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഒരിക്കല്‍ വായിച്ചു. ജയില്‍ പുള്ളികള്‍ മുണ്ടുടുക്കണം എന്നതും കേരളീയഭക്ഷണമാണ് മെനു എന്നതുമാണ്. കേരളത്തിന് പുറത്തുനിന്നും വിദേശത്തുനിന്നും ഉള്ള കുറ്റവാളികള്‍ കേരളത്തില്‍ കൂടുകയാണ്. അവര്‍ക്ക് കേരളീയ വസ്ത്രവും ഭക്ഷണവും മാത്രമേ കൊടുക്കൂ എന്ന് നിര്‍ബന്ധിക്കുന്നതില്‍ ഒരു കാര്യവുമില്ല. അതൊക്കെ എന്നേ മാറ്റേണ്ടതാണ്.
5. ജയിലില്‍ മിക്ക സ്ഥലങ്ങളിലും ആളുകള്‍ നിലത്ത് പായയിലാണ് കിടക്കുന്നത് എന്ന് വായിച്ചു. തലയിണ നല്‍കില്ല എന്നും. ഇതൊക്കെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രീതികളാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെപ്പോലെ തലയിണയൊന്നും ഇന്നൊരു ലക്ഷ്വറി അല്ല. ഇന്ന് കേരളത്തില്‍ ആരാണ് പായയില്‍ കിടക്കുന്നത്? കുറച്ചു നാള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ പായ തന്നെ ഇല്ലാതാകും. സ്വാതന്ത്ര്യം മാറ്റിവെയ്ക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ജയിലിലുള്ളവര്‍ക്ക് ആരോഗ്യത്തോടെ അവിടെ ജീവിക്കാനുള്ള സംവിധാനമാണ് ഒരുക്കേണ്ടത്. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ നമ്മള്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറേണ്ട കാര്യമില്ല, പാരമ്പര്യത്തില്‍ പിടിച്ചു തൂങ്ങേണ്ട കാര്യവുമില്ല.
6. സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടേണ്ടവരെ, വിചാരണ തടവുകാര്‍ ഉള്‍പ്പടെ, ചില സാഹചര്യങ്ങളില്‍ നിബന്ധനകളോടെ, ശരീരത്തില്‍ ഒരു ഇലക്ട്രോണിക് ടാഗിംഗ് ബ്രേസ്ലെറ്റ് ഘടിപ്പിച്ച് വീട്ടിലിരുത്തുന്ന രീതി ഇപ്പോള്‍ പല രാജ്യങ്ങളിലുമുണ്ട്. ഇത്തരം പുതിയ സാങ്കേതിക സാധ്യതകള്‍ നമ്മളും അന്വേഷിക്കണം, നിയമത്തിന്റെ ഭാഗമാക്കണം, നടപ്പിലാക്കണം. കേരളത്തിലെപോലെ അടുത്ത വീട്ടിലെ കാര്യങ്ങളിലേക്ക് ഭൂതക്കണ്ണാടിയുമായി ഇരിക്കുന്ന ഒരു സമൂഹം ഉള്ളിടത്ത് അമേരിക്കയേക്കാള്‍ ഫലപ്രദമായി നമുക്കിത് നടപ്പിലാക്കാനാകും.
7. കേരളത്തിലെ പല ജയിലുകളും, പ്രത്യേകിച്ച് പഴയ ജയിലുകള്‍, പൂജപ്പുര ഉള്‍പ്പടെ, നഗരത്തിന്റെ നടുക്ക്, വളരെയധികം സ്ഥലം അപഹരിച്ച് പഴയ കാലത്തെ നിര്‍മ്മിതിയായി ഒന്നോ രണ്ടോ നിലയില്‍ നിര്‍മ്മിച്ചതാണ്. സുരക്ഷയും കോടതിയില്‍ കക്ഷിയെ ഹാജരാക്കാനുള്ള യാത്രാസൗകര്യവും ആലോചിച്ചായിരിക്കണം അക്കാലത്ത് ജയിലുകള്‍ നഗരത്തില്‍ത്തന്നെ ഉണ്ടാക്കിയത്. ഇന്നിപ്പോള്‍ അതിന്റെ ഒരാവശ്യവുമില്ല. നഗര മധ്യത്തില്‍ പ്രൈം സ്‌പോട്ടില്‍ ഹെക്ടര്‍ കണക്കിന് സ്ഥലമാണ് നൂറ്റാണ്ടുകളായി പഴയ രീതിയിലുള്ള ഈ കെട്ടിടങ്ങള്‍ അപഹരിക്കുന്നത്. യാത്രാസംവിധാനങ്ങള്‍ മെച്ചപ്പെടുകകയും ഓണ്‍ലൈന്‍ കോടതി വരെ സാധ്യമാവുകയും ചെയ്യുന്ന ഈ കാലത്ത് ഈ ജയിലുകള്‍ നഗരത്തില്‍ നിന്നും മാറ്റി പല നിലകളിലുള്ള വീഡിയോ കോണ്‍ഫറന്‍സ് അടക്കമുള്ള ആധുനിക സൗകര്യങ്ങളുള്ള ചെറിയ ഒരു കാമ്പസിലേക്ക് മാറ്റാം.
നഗര മധ്യത്തില്‍ മറ്റാവശ്യങ്ങള്‍ക്ക് സ്ഥലം ലഭ്യമാകുകയും ചെയ്യും. ഏതെങ്കിലും ഒരു പ്രൈവറ്റ് റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് ഇപ്പോഴത്തെ സ്ഥലം വിട്ടുകൊടുക്കാമെന്ന് പറഞ്ഞാല്‍ പൂജപ്പുരയിലെ ജയിലിനേക്കാള്‍ ഇരട്ടി ജയില്‍പ്പുള്ളികളെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള, ആധുനികമായ നിരീക്ഷണ സൗകര്യങ്ങളും കോടതി സൗകര്യങ്ങളുമുളള കെട്ടിടങ്ങള്‍ പൂജപ്പുരയിലെ സ്ഥലത്തിന്റെ മൂന്നിലൊന്ന് സ്ഥലത്ത് തലസ്ഥാനത്തിന്റെ അമ്പത് കിലോമീറ്ററിനുള്ളില്‍ ഉണ്ടാക്കിത്തരും. ഇതൊരു ലേലം വിളി ആക്കിയാല്‍ മതി, ആക്കണം.
സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള സ്ഥലം കണ്ടെത്തി, പുതിയ കെട്ടിടവും ഉണ്ടാക്കി, സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ പണവും നല്‍കുന്നവര്‍ക്ക് പൂജപ്പുരയിലെ സ്ഥലം കൊടുക്കും എന്ന് പറഞ്ഞാല്‍ മതി. (ലക്നൗ നഗരത്തിന്റെ നടുക്ക് ഇപ്പോള്‍ നമ്മള്‍ കാണുന്ന വമ്പന്‍ പാര്‍ക്കുകള്‍ അവിടുത്തെ ജയിലുകള്‍ ആയിരുന്നു). ഇത് പൂജപ്പുരയില്‍ മാത്രമല്ല കണ്ണൂര്‍ ഉള്‍പ്പടെ അനവധി നഗരങ്ങളില്‍ ചെയ്ത് നോക്കാവുന്ന ഐഡിയ ആണ്. സര്‍ക്കാരിന് നല്ല സംവിധാനം ഉണ്ടാകും, കുറച്ചു കാശ് കയ്യില്‍ വരികയും ചെയ്യും.
8. അമേരിക്ക ഉള്‍പ്പെടെയുള്ള അനവധി രാജ്യങ്ങളില്‍ ഇപ്പോള്‍ സ്വകാര്യ ജയിലുകളുണ്ട്. സര്‍ക്കാരിന്റെ ചിലവുകള്‍ കുറക്കുക, സ്വകാര്യമേഖലയുടെ കാര്യക്ഷമതയും ക്രിയേറ്റിവിറ്റിയും ഉപയോഗപ്പെടുത്തുക. സ്വകാര്യ മേഖല എന്ന് പറയുമ്പോള്‍ ചതുര്‍ത്ഥിയാകുന്ന മലയാളിയെ സമാധാനിപ്പിക്കാന്‍ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷനോ സഹകരണമേഖലയോ ആകാം. എന്താണെങ്കിലും ഈ രംഗത്ത് അല്പം കോമ്പറ്റിഷന്‍ വരുന്നത് നല്ല കാര്യമാണ്. എവിടെയാണ് കൂടുതല്‍ നന്നായി ജയില്‍വാസികളുടെ പരിവര്‍ത്തനം നടക്കുന്നതെന്ന് പഠിക്കുകയും ചെയ്യാമല്ലോ.
സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വെയ്ക്കുന്നു
മുരളി തുമ്മാരുകുടി
Chief Minister's Office, Kerala