ഹരിയാനയില്‍ ആദ്യ പുനര്‍ ജീവനം; മഹാരാഷ്ട്രയിലും ഡബിള്‍ എഞ്ചിന്‍ എത്തിയത് പരിവാര്‍ ഏകോപനത്തില്‍; ജാര്‍ഖണ്ഡിലെ പിഴവുകള്‍ തിരിച്ചറിഞ്ഞ് ഡല്‍ഹിയിലും നാഗ്പൂരിലെ ഇടപെടലുകള്‍; ലോക്‌സഭയിലെ 'കേവല ഭൂരിപക്ഷം' ഇല്ലായ്മയെ അഞ്ചില്‍ മൂന്നും നേടി അതിജീവിച്ച താമരക്കാറ്റ്; ഇന്ദ്രപ്രസ്ഥത്തില്‍ ബിജെപി വീണ്ടും അധികാരം പിടിക്കുന്നതും ആര്‍ എസ് എസ് കരുത്തില്‍

Update: 2025-02-08 09:50 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഡല്‍ഹി ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് നടന്നത് അഞ്ചിടത്താണ്. അതില്‍ ഹരിയാനയും മഹാരാഷ്ട്രയും ഡല്‍ഹിയും ബിജെപി പിടിച്ചു. ജാര്‍ഖണ്ഡില്‍ ജെഎംഎം അധികാരത്തില്‍ എത്തി. ജമ്മു കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സും. ആതായത് അഞ്ചില്‍ മൂന്നിടത്ത് ബിജെപി ഭരണമെത്തി. അതില്‍ ഹരിയാനയില്‍ അധികാരം കിട്ടുമെന്ന് ബിജെപി പോലും പ്രതീക്ഷിച്ചിരുന്നില്ല.

ലോക്‌സഭയില്‍ നരേന്ദ്ര മോദിക്ക് കേവല ഭൂരിപക്ഷം നഷ്ടമായതു കൊണ്ട് തന്നെ ഹരിയാനയില്‍ തകരുമെന്ന് കരുതിയവരെ ഞെട്ടിച്ചാണ് ബിജെപി അധികാരം പിടിച്ചത്. അതിന് പിന്നാലെ മഹാരാഷ്ട്രയിലും അധികാരം പിടിച്ചു. അതിന് പിന്നില്‍ ആര്‍ എസ് എസിന്റെ അതിശക്തമായ ഇടപെടലുണ്ടായിരുന്നു. ബിജെപി നേതാക്കളുടെ ബഹളമില്ലാതെ സംഘടനാ തലത്തില്‍ നിശബ്ദ വിപ്ലവം ആര്‍ എസ് എസ് മഹാരാഷ്ട്രയില്‍ നടത്തി. മിക്കവാറും സ്ഥാനാര്‍ത്ഥികളെ അവര്‍ നിശ്ചയിച്ചു. പ്രചരണത്തിനും മുന്നിട്ടിറങ്ങി. അങ്ങനെ മഹാരാഷ്ട്രയില്‍ താമര വരിഞ്ഞു. ആര്‍ എസ് എസ് ആഗ്രഹിച്ചതു പോലെ ദേവേന്ദ്ര ഫഡ്‌നാവീസ് മുഖ്യമന്ത്രിയുമായി. നാഗ്പൂരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ഇപ്പോള്‍ മഹാരാഷ്ട്രയിലെ ഭരണം. ഇത് തന്ത്രമാണ് ഡല്‍ഹിയിലും സംഭവിച്ചത്. ബിജെപിയെ മുന്നില്‍ നിര്‍ത്തി ആര്‍ എസ് എസ് ഡല്‍ഹി പിടിച്ചു. ഹിന്ദുത്വ അജണ്ട ചര്‍ച്ചയാക്കാതെ തന്നെ സംഘടനാ കരുത്തില്‍ ഡല്‍ഹിയിലും ഭരണ നേട്ടം സാധിച്ചെടുക്കുകയാണ് ആര്‍ എസ് എസ് ചെയ്തത്.

ഹനുമാന്‍ ഭക്തി ചര്‍ച്ചയാക്കുന്ന കെജ്രിവാളിന്റെ തന്ത്രം തിരിച്ചറിഞ്ഞായിരുന്നു ഇതെല്ലാം. ഹിന്ദു വോട്ടുകള്‍ ഭിന്നിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ആര്‍ എസ് എസ് ഇടപെടലാണ് ഡല്‍ഹിയിലെ സൂപ്പര്‍ സ്റ്റാര്‍. നരേന്ദ്ര മോദിയുടെ പ്രചരണങ്ങളില്‍ ആളുകളെ എത്തിച്ചും ബിജെപി അനുകൂല വികാരം സൃഷ്ടിച്ചു. മധ്യവര്‍ഗ്ഗത്തെ കൂടെ നിര്‍ത്താനുള്ള ബജറ്റ് പ്രഖ്യാപനം കൂടിയായപ്പോള്‍ എല്ലാം വിജയിച്ചു. 1993 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി ആദ്യമായി ഡല്‍ഹിയില്‍ അധികാരത്തില്‍ എത്തിയത്. അന്ന് 70ല്‍ 49 സീറ്റെന്ന മികച്ച ഭൂരിപക്ഷം ബിജെപിക്കു ലഭിച്ചിരുന്നു. മദന്‍ ലാല്‍ ഖുറാനയുടെ നേതൃത്വത്തിലായിരുന്നു ആ വിജയം. മാതൃകാഭരണം കാഴ്ചവയ്ക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും പാര്‍ട്ടിയിലെ പടലപിണക്കങ്ങള്‍ മൂലം ഭരണം തുടക്കത്തിലേ പാളി. തര്‍ക്കം തീര്‍ക്കാന്‍ 1996 ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഖുറാനയ്ക്കു പകരം സാഹിബ് സിങ് വര്‍മയെത്തി.

1998ല്‍ വീണ്ടും മുഖ്യമന്ത്രി മാറി. നിയമസഭയില്‍ അംഗമല്ലാതിരുന്ന സുഷമ സ്വരാജിനായിരുന്നു മുഖ്യമന്ത്രിയാക്കി. കേന്ദ്രമന്ത്രി പദവി രാജിവച്ച സുഷമ 52 ദിവസം അധികാരത്തിലിരുന്നു. പിന്നാലെ ഷീലാ ദീക്ഷിത് യുഗം എത്തി. പൊലീസ് ഓഫിസര്‍ ആയിരുന്ന കിരണ്‍ ബേദിയെ വരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു നോക്കിയെങ്കിലും ബിജെപിക്ക് ഭരണത്തില്‍ എത്താന്‍ കഴിഞ്ഞില്ല. ഇവിടെയാണ് സംഘടനാ കരുത്തില്‍ ബിജെപിയെ ആര്‍ എസ് എസ് വീണ്ടും അധികാരത്തില്‍ എത്തിക്കുന്നത്. കെജ്രിവാളിനെ തോല്‍പ്പിച്ച ന്യൂഡല്‍ഹി മണ്ഡലത്തില്‍ അടക്കം ആര്‍ എസ് എസ് ഇടപെടല്‍ അതിശക്തമായിരുന്നു. കെജ്രിവാളിന്റെ ഹനുമാന്‍ ഭക്തി കാരണം ആര്‍ എസ് എസ് വോട്ടുകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മിയിലേക്ക് പോകുന്നുവെന്ന വിലയിരുത്തല്‍ ബിജെപിക്കുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണ്ണ വിജയം നേടിയിട്ടും നിയമസഭയില്‍ ക്ലച്ച് പിടിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ഇതു കൊണ്ട് തന്നെ ആര്‍ എസ് എസിനെ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ച് അവര്‍ പറയുന്നത് അനുസരിക്കുകയായിരുന്നു ബിജെപി ചെയ്തത്.

2014ല്‍ മോദി അധികാരത്തില്‍ എത്തിയെങ്കിലും ഡല്‍ഹി ഭരണം ബാലികേറാമലയായി തുടര്‍ന്നു. 2014, 2019, 2024 പൊതുതിരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയിലെ മുഴുവന്‍ ലോക്‌സഭാ മണ്ഡലങ്ങളിലും വിജയിച്ച ബിജെപിക്കു പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ മികച്ച വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് വന്‍ പ്രഖ്യാപനങ്ങളുമായി എഎപിയും കേജ്രിവാളും രംഗത്തെത്തുന്നതോടെ ലോക്‌സഭാ നിയമസഭാ വോട്ടിങ് പാറ്റേണിലും ഈ വ്യത്യാസം പ്രകടമായി. ഇതിന് കാരണം ഹിന്ദുത്വയില്‍ ഊന്നിയുള്ള കെജ്രിവാളിന്റെ പരീക്ഷണമായിരുന്നു. ലോക്‌സഭയില്‍ അയോധ്യയെ ആളിക്കത്തിച്ച് നടത്തിയ പരീക്ഷണം പാളിയതോടെ വികസനവും മധ്യവര്‍ഗ്ഗ ക്ഷേവും മഹാരാഷ്ട്രയില്‍ ബിജെപി പ്രചരണായുധമാക്കി. അത് തന്നെ ഡല്‍ഹിയിലും തുടര്‍ന്നു. ഈ രാഷ്ട്രീയ മാറ്റത്തിന് ആര്‍ എസ് എസ് പിന്തുണ കൂടിയായപ്പോള്‍ ഡല്‍ഹിയും ബിജെപി പക്ഷത്ത് എത്തിയെന്നതാണ് രാഷ്ട്രീയ യാഥാര്‍ത്ഥ്യം. ഇനി വോട്ടെടുപ്പ് ബീഹാറിലാണ്. അവിടെയും എന്‍ഡിഎ അധികാരം നിലനിര്‍ത്താനുള്ള ഇടപെടല്‍ ആര്‍ എസ് എസ് നടത്തുമെന്ന് തന്നെയാണ് ബിജെപി വിലയിരുത്തല്‍. ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സംഘടനാപരമായ തീരുമാനങ്ങളില്‍ ആര്‍ എസ് എസിനോടും അഭിപ്രായം തേടുന്നത് പതിവാക്കിയിട്ടുണ്ടിപ്പോള്‍. അതിന്റെ പ്രതിഫലനം ഡല്‍ഹിയിലെ പ്രവര്‍ത്തന ഏകോപനത്തിലും പ്രതിഫലിച്ചു.

അപ്രതീക്ഷിത തിരിച്ചടിയാണ് ഹരിയാണയില്‍ കോണ്‍ഗ്രസിനുണ്ടായത്. ലോക്സഭാ തിരഞ്ഞെടുപ്പ് നല്‍കിയ ആത്മവിശ്വാസവും ഭരണവിരുദ്ധ വികാരവും കര്‍ഷക-ഗുസ്തി സമരങ്ങളുടെ അമര്‍ഷവുമടക്കം ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസിന് നിരാശയായിരുന്നു ഫലം. എന്നാല്‍ പ്രതികൂല ഘടകങ്ങളെല്ലാം അനുകൂലമാക്കിയുള്ള രാഷ്ട്രീയ തന്ത്രത്തില്‍ ബിജെപി നേടിയതാകട്ടെ ഹരിയാണയില്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവും. എതിരാളികളെ അമ്പരപ്പിച്ചും പ്രവചനങ്ങളെ പൊളിച്ചെഴുതിയും നടത്തിയ വിസ്മയിപ്പിക്കുന്ന ബിജെപിയുടെ വിജയത്തിന് പിന്നില്‍ ആര്‍എസ്എസിന്റെ സഹായമാണെന്നാണ് വിലയിരുത്തപ്പെട്ടത്. ഹരിയാണയില്‍ വെല്ലുവിളി നിറഞ്ഞ ഘട്ടത്തില്‍ പാര്‍ട്ടിയുടെ പുനരുജ്ജീവനം ഏറ്റെടുത്ത ആര്‍എസ്എസ് സമാനമായൊരു നീക്കം തിരഞ്ഞെടുപ്പ് ഗോദയായി മാറിയ മഹാരാഷ്ട്രയിലും നടത്തി. മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് അനുകൂലമായി പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിന് വിപുലമായ ജനസമ്പര്‍ക്ക പരിപാടിക്ക് രാഷ്ട്രീയ സ്വയംസേവക് സംഘം (ആര്‍എസ്എസ്) മുന്നിട്ടിറങ്ങി. ആര്‍എസ്എസ് അതിന്റെ എല്ലാ അനുബന്ധ സംഘടനകളേയും ഏകോപിപ്പിച്ചായിരുന്നു നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരച്ചിടിക്ക് പിന്നാലെയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ ആര്‍എസ്എസ് ഏറ്റെടുത്തത്. ഇത് ഡല്ഡഹിയിലും സംഭവിച്ചു.

കഴിഞ്ഞ വിജയദശമിയുടെ ഭാഗമായി നാഗ്പുരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗവും അതിന് മുമ്പ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയും ചര്‍ച്ചയായി. ബംഗ്ലാദേശിലെ ആക്രമണ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കും ഇതൊരു പാഠമാണെന്നും ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയും മോഹന്‍ ഭാഗവത് ഉയര്‍ത്തുകയുണ്ടായി. പ്രതിപക്ഷ പാര്‍ട്ടി ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ച പ്രധാനമന്ത്രി 'ഹിന്ദുക്കള്‍ എത്രത്തോളം വിഭജിക്കപ്പെടുന്നുവോ അത്രയും നേട്ടമുണ്ടാകുമെന്ന് കോണ്‍ഗ്രസിന് അറിയാം' എന്നും പ്രസ്താവന നടത്തുകയുണ്ടായി. ഹിന്ദു ഏകീകരണം ആവശ്യപ്പെട്ടുള്ള പുതിയ നീക്കം പ്രതിപക്ഷത്തിന്റെ ജാതി അടിസ്ഥാനമാക്കിയുള്ള തന്ത്രത്തിനുള്ള മറുതന്ത്രമായി മാറി. ബിജെപി പ്രവര്‍ത്തകര്‍ ആര്‍എസ്എസ് സ്വയംസേവകര്‍ക്കൊപ്പം ഹിന്ദു ഐക്യത്തിന്റെ ഈ സന്ദേശവുമായി ഡല്‍ഹിയിലും സജീവമായിരുന്നു. പക്ഷേ പ്രത്യക്ഷത്തില്‍ അതാരും കണ്ടതുമില്ല.

ഒരു മാസത്തോളം ബിജെപിയും ആര്‍എസ്എസ്എസ് പ്രവര്‍ത്തകരും വലിയ ഏകോപനത്തോടെ വീടുംതോറും നടത്തിയ പ്രചാരണം ഡല്‍ഹിയിലും വിജയമായി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച തിരിച്ചടി മറികടക്കുക എന്ന വെല്ലുവിളിയെ ഡല്‍ഹിയിലെ വിജയത്തോടെ ആര്‍ എസ് എസ് മറികടക്കുകായണ്. ഇനി ബീഹാറിലും പരിവാര്‍ തന്ത്രം അധികാരം നേടാന്‍ സജീവ ഇടപെടലുകള്‍ക്കുണ്ടാകുമെന്ന് ഉറപ്പ്.

Tags:    

Similar News