കെജ്രിവാള്‍ തോറ്റത് 4089 വോട്ടിന്; അതേ മണ്ഡലത്തില്‍ സന്ദീപ് ദീക്ഷിത്തിന് കിട്ടിയത് 4568 വോട്ടും; മനീഷ് സിസോദിയുടെ പരാജയം വെറും 675 വോട്ടിന്; കോണ്‍ഗ്രസ് പിടിച്ചത് 7350 വോട്ടും; ഡല്‍ഹിയിലെ ബിജെപി നേട്ടം 'ഇന്‍ഡ്യാ' മുന്നണിയിലെ വോട്ട് വിഭജിക്കല്‍; ഡല്‍ഹിയില്‍ ഒരു ശതമാനം പോലും വോട്ടില്ലാതെ മറ്റ് പാര്‍ട്ടികളും

Update: 2025-02-08 09:18 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്ഭുതം കൊണ്ടു വന്ന പാര്‍ട്ടിയായിരുന്നു ആംആദ്മി പാര്‍ട്ടി. അഴിമതിക്കെതിരായ പോരാട്ടം നടത്തി അതിവേഗം അധികാരത്തിലെത്തിയ അരവിന്ദ് കെജ്രിവാള്‍ മോഡല്‍. ആ രാഷ്ട്രീയ മുന്നേറ്റമാണ് ഇത്തവണ ബിജെപി കാറ്റില്‍ വീഴുന്നത്. ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേശ് സിംഗ് സാഹിബിനോട് അരവിന്ദ് കെജ്രിവാള്‍ തോറ്റത് 4089 വോട്ടിനാണ്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സന്ദീപ് ദീക്ഷിത് പിടിച്ചത് 4568 വോട്ടും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇന്‍ഡ്യാ മുന്നണിയില്‍ ഒരുമിച്ചായിരുന്നു കോണ്‍ഗ്രസും ആംആദ്മിയും. ആ ഒരുമ ഇത്തവണയുണ്ടായിരുന്നുവെങ്കില്‍ കെജ്രിവാള്‍ വീണ്ടും ഡല്‍ഹി നിയമസഭയില്‍ എത്തുമായിരുന്നു. ആംആദ്മിയിലെ രണ്ടാമന്‍ മനീഷ് സിസോദിയയെ തോല്‍പ്പിച്ചതും കോണ്‍ഗ്രസിന്റെ വോട്ടു പിടിത്തം മാത്രമാണ്. ഡല്‍ഹിയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് മിക്ക മണ്ഡലത്തിലും ആംആദ്മി തോല്‍വിക്ക് വഴിയൊരുക്കിയെന്നതാണ് വസ്തുത,

ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേശ് സാഹിബ് 30088 വോട്ടാണ് നേടിയത്. കെജ്രിവാള്‍ 25999 വോട്ടും. ഇവിടെ ത്രികോണ പോരിന്റെ പശ്ചാത്തലം പോലും സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനായില്ല. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനായ സന്ദീപ് ദീക്ഷിത്തിന് കിട്ടിയത് വെറും 4568 വോട്ടും. ഈ വോട്ടു കൂടി കെജ്രിവാളിന് കിട്ടിയിരുന്നുവെങ്കില്‍ കുറഞ്ഞത് 400 വോട്ടിന് ജയിക്കുമായിരുന്നു ആംആദ്മി പാര്‍ട്ടി. ജന്‍പുരയില്‍ മനീഷ് സിസോദിയ മികച്ച പോരാട്ടമാണ് നടത്തിയത്. 675 വോട്ടിനായിരുന്നു തോല്‍വി. ഒന്നാമനായ ബിജെപിയുടെ തര്‍വീന്ദര്‍ സിംഗ് മര്‍വയ്ക്ക് 38859 വോട്ടു കിട്ടി. മനീഷ് സിസോദിയയ്ക്ക് 38184 വോട്ടും. ഇവിടെ കോണ്‍ഗ്രസിനായി മത്സരിച്ച ഫര്‍ഹാദ് സൂരി നേടിയത് 7350 വോട്ടാണ്. അങ്ങനെ സിസോദിയയും തോറ്റു. മൂവായിരം വോട്ടില്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ബിജെപി നേടിയ സീറ്റുകളിലെല്ലാം ആംആദ്മിയ്ക്ക് വിനയായത് കോണ്‍ഗ്രസിന്റെ വോട്ടു പിടിത്തം തന്നെയാണ്.

ഡല്‍ഹി രാഷ്ട്രീയത്തില്‍ ബിജെപിയ്ക്കും ആംആദ്മിയ്ക്കും കോണ്‍ഗ്രസിനും മാത്രമേ പ്രസക്തി പോലുമുള്ളൂവെന്നും ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു. ചെറു പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ചത് ഒവൈസിയുെ എഐഎംഐഎം ആണ്. 0.75 ശതമാനം വോട്ടു കിട്ടി. മുസ്ലീം വോട്ടുകളെ കെജ്രിവാളുമായി അടുക്കാതെ കാത്തത് ഈ ഇടപെടലാണ്. സിപിഎമ്മിനും സിപിഐയ്ക്കും 0.01 ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്. ബിജെപിയുടെ സഖ്യ കക്ഷിയായി മത്സരിച്ച ജെഡിയുവിന് 0.58 ശതമാനം വോട്ടും കിട്ടി. കോണ്‍ഗ്രസിന് 6.39 ശതമാനവും. ബിഎസ് പി യ്ക്ക് 0.57 ശതമാനവും നേടാനായി. പക്ഷേ ഇതൊന്നും തിരഞ്ഞെടുപ്പിനെ ഒരു തരത്തിലും സ്വാധീനിക്കുന്നതായില്ല. ഇതെല്ലാം ഇനിയുള്ള കാലത്ത് ഡല്‍ഹി രാഷ്ട്രീയത്തെ സ്വാധീനിക്കുന്നതായി മാറുകയും ചെയ്യും. രണ്ടു പാര്‍ട്ടികളോ രണ്ടു മുന്നണികളോ തമ്മിലെ നേരിട്ടുള്ള മത്സരമെന്നതില്‍ ഉപരി കോണ്‍ഗ്രസ് പിടിച്ച ആറു ശതമാനമാണ് ഡല്‍ഹിയില്‍ നിര്‍ണ്ണായകമായത്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തകര്‍ച്ചയ്ക്കു പിന്നാലെ എഎപിക്ക് കനത്ത പ്രഹരമായി ദേശീയ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ തോല്‍വി എന്നതാണ് വസ്തുത. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപി നേതാവ് പര്‍വേശ് വര്‍മയാണ് അട്ടിമറി ജയം സ്വന്തമാക്കിയത്. ജംഗ്പുര മണ്ഡലത്തില്‍ എഎപി നേതാവ് മനീഷ് സിസോദിയയും തോറ്റു. അതേസമയം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കല്‍കാജി മണ്ഡലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി വിജയക്കൊടി പാറിച്ചു. ബിജെപിയുടെ രമേഷ് ബിധുരിയെയും കോണ്‍ഗ്രസിന്റെ അല്‍ക ലാമ്പയെയുമാണ് അതിഷി പരാജയപ്പെടുത്തിയത്. എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത് എന്നായിരുന്നു വിലയിരുത്തല്‍. എന്നിട്ടും കോണ്‍ഗ്രസിന് സീറ്റ് നേടാനായില്ല.

കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നു. 60.54% പോളിങ്ങാണ് ഇക്കുറി ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ല്‍ 70 ല്‍ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്. ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ 1.56 കോടി വോട്ടര്‍മാര്‍, 13,766 പോളിങ് സ്റ്റേഷനുകളിലായി 699 സ്ഥാനാര്‍ഥികള്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടര്‍മാരില്‍ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമായിരുന്നു.

Tags:    

Similar News