കണ്ണൂര്‍ 'പിജെ ഫാന്‍സ്' സമ്പൂര്‍ണ്ണമായും പുറത്ത്; കോടിയേരിയുടെ അഭാവത്തില്‍ കരുത്തു കാട്ടാന്‍ ശ്രമിച്ച ഗോവിന്ദനും തിരിച്ചടി; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശ്വസ്തനും ജില്ലാ കമ്മറ്റിയില്‍ നിന്നും പുറത്ത്; ആന്തൂര്‍ നഗരസഭാ ചെയര്‍മാനെ വെട്ടിനിരത്തിയതും പിണറായിസം
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ അടിമുതല്‍ മുടിവരെ നിറഞ്ഞുനിന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഒരു കാലത്തെ അതീവ വിശ്വസ്തനായ ആന്തൂര്‍ നഗരസഭാ ചെയര്‍മാന് ജില്ലാ കമ്മിറ്റി അംഗത്വം നഷ്ടമായിത് ചര്‍ച്ചകളില്‍. ആന്തൂര്‍ നഗരസഭാ ചെയര്‍മാനും ദീര്‍ഘകാലം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുമായ പി. മുകുന്ദനാണ് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായി വെട്ടിനിരത്തപ്പെട്ടത്. എല്ലാ അര്‍ത്ഥത്തിലും കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിടി മുറുക്കിയതിന്റെ സൂചനയാണ് ഇത്. കോഴിക്കോടും വയനാടും നേരത്തെ സമാന രീതിയില്‍ പിണറായി വിജയന്‍ അനുകൂലികള്‍ മുന്‍തൂക്കം നേടിയിരുന്നു.
തളിപ്പറമ്പില്‍ കഴിഞ്ഞ ദിവസംനടന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലാണ് ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി. മുകുന്ദനെ ഒഴിവാക്കിയത്. നിലവില്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ ഉള്‍പെടെ 14 നേതാക്കളെ ഒഴിവാക്കുന്നതിന്റെ കൂട്ടത്തിലാണ് നൈസായി പി. മുകുന്ദനെയും ജില്ലാ നേതൃത്വം തഴഞ്ഞത്. എന്നാല്‍ ഈക്കാര്യത്തില്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായ എം.വി ഗോവിന്ദന്‍ ഇടപെട്ടില്ലെന്നു പരാതിയുയര്‍ന്നിട്ടുണ്ട്. ഗോവിന്ദന് നേതൃത്വത്തില്‍ കരുത്തില്ലെന്ന സന്ദേശം നല്‍കാന്‍ കൂടിയാണ് ഈ നീക്കമെന്നും വിലയിരുത്തലുണ്ട്. കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ പി ജയരാജന് ഇനി മേധാവിത്വവും ഉണ്ടാകില്ല. ഇതുറപ്പിക്കുന്ന തരത്തിലാണ് പുതിയ കമ്മറ്റി. ഇതിനൊപ്പമാണ് ഗോവിന്ദനും തിരിച്ചടി നല്‍കിയത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വിശ്വസ്തനും മുന്‍ ജില്ലാ കമ്മിറ്റിയംഗവും ദീര്‍ഘകാലം ഏരിയാ സെക്രട്ടറിയുമായിരുന്ന നേതാവിനെയാണ് ഒരു ടേം ബാക്കി നില്‍ക്കവെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ആസുത്രിതമായി വെട്ടി നിരത്തിയത്.
പ്രായപരിധി കവിയാത്ത പി. മുകുന്ദനെ ഒഴിവാക്കിയത് ആന്തൂര്‍ നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണെന്നാണ് സൂചന.
സംസ്ഥാന കമ്മിറ്റിയംഗങ്ങളെയും പ്രായപരിധി കഴിഞ്ഞവരെയും. ഒഴിവാക്കുന്ന കൂട്ടത്തില്‍ പി. മുകുന്ദനെയും ഒഴിവാക്കുകയായിരുന്നു. ആന്തൂര്‍ നഗരസഭാ ചെയര്‍മാനായ പി. മുകുന്ദന്‍ തളിപ്പറമ്പ് മേഖലയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്.
ഇദ്ദേഹത്തിന് പകരമാണ് തളിപ്പറമ്പില്‍ നിന്നുള്ള സി.എം കൃഷ്ണനെ ജില്ലാ കമ്മിറ്റിയിലെടുത്തത്. പി.കെ ശ്യാമളയ്ക്കു ശേഷം പ്രതിപക്ഷമില്ലാത്ത ആന്തൂര്‍ നഗരസഭയിലെ ചെയര്‍മാനാണ് പി. മുകുന്ദന്‍. ഭരണതലത്തില്‍ ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ച്ചയില്‍ നേരത്തെ പി. മുകുന്ദനെതിരെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടന്നിരുന്നു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സോഷ്യല്‍ മീഡിയയിലും പാര്‍ട്ടി അനുഭാവികള്‍ രംഗത്തുവന്നിരുന്നു. ആന്തൂര്‍ നഗരസഭയിലെ ഭരണപരാജയത്തെ കുറിച്ചു കഴിഞ്ഞ ഏരിയ. സമ്മേളനത്തിലും ചര്‍ച്ചയായി.
ഇതേ തുടര്‍ന്നാണ് മുകുന്ദനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും നീക്കിയതെന്നാണ് വിവരം. പ്രതിപക്ഷമില്ലാതെ സി.പി.എം ഭരിക്കുന്ന കേരളത്തിലെ ഏക നഗരസഭയാണ് ആന്തൂര്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പല വാര്‍ഡുകളിലും ഇവിടെ മത്സരിക്കാന്‍ പോലും മറ്റു പാര്‍ട്ടിക്കാര്‍ തയ്യാറാകാറില്ല. പി. മുകുന്ദനെ തരംതാഴ്ത്തിയത് പാര്‍ട്ടിക്കുള്ളില്‍ ചൂടേറിയചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
പാര്‍ട്ടി തീരുമാനം വേദനാജനകമാണെങ്കിലും അംഗീകരിച്ചു മുന്‍പോട്ടു പോകുമെന്ന് അദ്ദേഹം അടുത്ത വൃത്തങ്ങളോട് പ്രതികരിച്ചു. പി.മുകുന്ദനെതിരെ നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം രഹസ്യമായ നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ പരിണിത ഫലമാണ് ഇക്കുറിയുണ്ടായ വെട്ടിനിരത്തല്‍.