സ്ത്രീ സുരക്ഷാ പെന്‍ഷന് 3820 കോടി; ക്ഷേമപെന്‍ഷന് 14,500 കോടി; കണക്ട് സ്‌കോളര്‍ഷിപ്പിന് 400 കോടി; ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപ കൂട്ടി; സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക പ്രശ്‌നം പരിഹരിക്കും; അംഗണവാടി വര്‍ക്കര്‍മാര്‍ക്കും നേട്ടം; ജനപ്രയി ബജറ്റ് അവതരണം തുടങ്ങി; കേരളം ന്യൂ നോര്‍മല്‍ സൃഷ്ടിച്ചിരിക്കുന്നുവെന്ന് ധനമന്ത്രി

Update: 2026-01-29 03:53 GMT

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നു. ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ''കേരളം ന്യൂ നോര്‍മല്‍ സൃഷ്ടിച്ചിരിക്കുന്നു, പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയെന്ന ചാരുതാര്‍ഥ്യം സര്‍ക്കാരിനുണ്ട്. ധനനിലയില്‍ വലിയ പുരോഗതി കേരളത്തിന് സംഭവിച്ചു'' ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. കൂടുതല്‍ നല്ല കേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ രാവിലെ പറഞ്ഞിരുന്നു. വികസനത്തിനും ക്ഷേമത്തിനും പ്രാധാന്യം നല്‍കുന്ന ബജറ്റാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിനെ പ്രതീക്ഷയോടെയാണ് കേരളം നോക്കിക്കാണുന്നത്.

അംഗണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസവേതനത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചു. ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 500 രൂപ വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക പ്രശ്‌നം പരിഹരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. നികുതിദായകര്‍ക്ക് പുരസ്‌കാരത്തിനായി 5 കോടി മാറ്റി വച്ചു. സാക്ഷരതാ പ്രേരക് മാര്‍ക്ക് പ്രതിമാസം 1000 രൂപയുടെ വര്‍ധനവ്. അശമാര്‍ക്കും 1000 രൂപ കൂട്ടി. സ്ത്രീ സുരക്ഷാ പെന്‍ഷന് 3820 കോടി നീക്കിവെക്കുന്നതായി മന്ത്രി അറിയിച്ചു. ക്ഷേമപെന്‍ഷന് 14,500 കോടിയും കണക്ട് സ്‌കോളര്‍ഷിപ്പിന് 400 കോടിയും നീക്കിവെച്ചു. ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപ കൂട്ടുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന് മുന്‍പായി പറഞ്ഞിരുന്നു. സ്വപ്ന ബജറ്റ് അല്ല, പ്രായോഗികമായ ബറ്റാകും അവതരിപ്പിക്കുക. ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യാന്‍കഴിയുന്ന കാര്യങ്ങളേ പറയൂ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, എക്കാലത്തെയും പോലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ പ്രാധാന്യം നല്‍കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്ന ജനകീയ ബജറ്റായിരിക്കും ഇതെന്ന് ധനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളില്‍ വര്‍ധനവുണ്ടാകുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്ന പ്രധാന കാര്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്നലെ സഭയില്‍ സമര്‍പ്പിച്ചിരുന്നു.

കാര്‍ഷിക, വ്യവസായ മേഖലകളില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയത് സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. അതേസമയം, കേന്ദ്ര വിഹിതത്തില്‍ ഉണ്ടായ കുറവുകള്‍ പരിഹരിക്കാന്‍ തനത് വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളും ബാലഗോപാലിന്റെ ആറാമത്തെ ബജറ്റില്‍ ഉള്‍പ്പെടും.

Similar News