മതമല്ല..മതമല്ല മതമല്ല..പ്രശ്നം; എരിയുന്ന വയറിലെ തീയാണ് പ്രശ്നം; അത് ആദ്യം മനസ്സിലാക്ക്..!! ബജറ്റ് അവതരണത്തിനിടെ അക്കാര്യം പെട്ടെന്ന് ഓർമ്മവന്ന ധനമന്ത്രി; മുസ്ലീം ലീഗ് നേതാവിന്റെ വിവാദ പ്രസ്താവനകൾ എല്ലാം തള്ളിക്കൊണ്ട് പ്രസംഗം; വാക്കുകൾ ചർച്ചകളിൽ

Update: 2026-01-29 05:09 GMT

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയുടെ വിവാദ പരാമർശം തള്ളി കൊണ്ട് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. 'മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നല്ല. മതമല്ല മതമല്ല മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം' എന്നാണ് സർക്കാരിനെ നയിക്കുന്നതെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ എൻ ബാല​ഗോപാൽ വ്യക്തമാക്കി. കെ എം ഷാജിയുടെ വിവാദ പരാമർശം തള്ളികൊണ്ടാണ് ബജറ്റ് പ്രസംഗത്തിൽ ഇക്കാര്യം ധനമന്ത്രി പറഞ്ഞത്.

അതേസമയം, സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ചും കേന്ദ്ര സർക്കാരിന്റെ അവഗണനയെക്കുറിച്ചും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ നടത്തി. രണ്ടാം പിണറായി സർക്കാരിന്റെ അവസാന പൂർണ്ണരൂപത്തിലുള്ള ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ നടത്തിയ പ്രസംഗം കേരളത്തിന്റെ സാമ്പത്തിക പ്രതിരോധത്തിന്റെ നേർച്ചിത്രമാണ് നൽകുന്നത്.

കേന്ദ്ര സർക്കാരിന്റെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും വിഹിതം വെട്ടിക്കുറയ്ക്കലും കേരളത്തെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുമ്പോഴും, സംസ്ഥാനത്തിന്റെ കടം ഇപ്പോഴും താങ്ങാവുന്ന പരിധിയിലാണെന്ന ആത്മവിശ്വാസമാണ് അദ്ദേഹം പങ്കുവെച്ചത്.

കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം അതിശക്തമായ ഭാഷയിലാണ് ധനമന്ത്രി വിമർശിച്ചത്. നികുതി വിഹിതം വെട്ടിക്കുറച്ചും, വായ്പാ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സാമ്പത്തിക വർഷാവസാനത്തിൽ കേരളത്തെ കരുതിക്കൂട്ടി ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് ഉണ്ടായത്. എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും സംസ്ഥാനം തനത് നികുതി വരുമാനത്തിൽ കൈവരിച്ച നേട്ടം എടുത്തുപറയേണ്ടതാണ്. കേന്ദ്രത്തിന്റെ സഹായം കുറഞ്ഞെങ്കിലും കേരളം സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ കടത്തെക്കുറിച്ചുള്ള കണക്കുകൾ ധനമന്ത്രി സഭയിൽ അവതരിപ്പിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ പൊതുകടം 12.60 ശതമാനമായിരുന്നെങ്കിൽ, 2024-25 വർഷത്തിൽ അത് 15.68 ശതമാനത്തിലേക്ക് ഉയർന്നു. അതുപോലെ, പൊതുകടവും സംസ്ഥാനത്തിന്റെ ആഭ്യന്തര വളർച്ചയും (GSDP) തമ്മിലുള്ള അനുപാതം മുൻ വർഷത്തെ 23.60 ശതമാനത്തിൽ നിന്ന് 24.83 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. കടം വർദ്ധിക്കുന്നുണ്ടെങ്കിലും അത് സംസ്ഥാനത്തിന്റെ വളർച്ചയെ ബാധിക്കുന്ന തരത്തിലുള്ളതല്ലെന്നും, വികസന ആവശ്യങ്ങൾക്കായി ചെലവഴിക്കുന്ന തുക നാടിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക ഞെരുക്കത്തിനിടയിലും സാധാരണക്കാരെ ബാധിക്കുന്ന ക്ഷേമ പ്രവർത്തനങ്ങളിൽ സർക്കാർ പിന്നോട്ടുപോയിട്ടില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 54,000 കോടി രൂപയാണ് ക്ഷേമ പെൻഷനായി ജനങ്ങളിലേക്ക് എത്തിച്ചത്. ഇത് രണ്ടാം പിണറായി സർക്കാരിന്റെ സാമൂഹിക സുരക്ഷാ പ്രതിബദ്ധതയുടെ തെളിവാണ്. കേന്ദ്രം തടസ്സങ്ങൾ സൃഷ്ടിക്കുമ്പോഴും തൊടുന്യായം പറഞ്ഞ് അർഹമായ വിഹിതം വെട്ടുമ്പോഴും വികസന പദ്ധതികൾ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാരിന് സാധിക്കുന്നുണ്ട്.

നാല് വർഷത്തിനിടെ കേരളം കൈവരിച്ച പുരോഗതി ഗുണപരമാണെന്ന് ധനമന്ത്രി അവകാശപ്പെട്ടു. കേന്ദ്രം ഫണ്ടുകൾ തടഞ്ഞുവെച്ച് സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുമ്പോഴും, വിഭവസമാഹരണത്തിലൂടെയും കൃത്യമായ ആസൂത്രണത്തിലൂടെയും കേരളം പിടിച്ചുനിൽക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അനാവശ്യമായ ഭീതി പരത്തേണ്ടതില്ലെന്നും, പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോകാനുള്ള കരുത്ത് കേരളത്തിനുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം ബജറ്റ് പ്രസംഗം തുടർന്നത്.

Tags:    

Similar News