'തൊഴിലുറപ്പ് പദ്ധതി ഭേദഗതി സംസ്ഥാനത്തിന് തിരിച്ചടിയായി; കേന്ദ്രത്തില്‍ നിന്നു ലഭിക്കാനുള്ള കുടിശിക 5650 കോടി; ജിഎസ്ടി വിഹിതത്തില്‍ കുറവ, വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു; ദേശീയപാത പദ്ധതിയില്‍ ചെലവഴിച്ചിരിക്കുന്ന തുക കടമെടുപ്പ് പരിധിയില്‍ പെടുത്തുന്നത് പ്രതിസന്ധി'; നയപ്രഖ്യാപനത്തില്‍ കേന്ദ്രവിമര്‍ശനം വായിച്ച് ഗവര്‍ണര്‍
'തൊഴിലുറപ്പ് പദ്ധതി ഭേദഗതി സംസ്ഥാനത്തിന് തിരിച്ചടിയായി
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാനത്തെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി തിരിച്ചടിയായി എന്നതുള്‍പ്പെടെയുള്ള കേന്ദ്രവിമര്‍ശനം നയപ്രഖ്യാപന പ്രസംഗത്തില്‍ വായിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.
തൊഴിലുറപ്പു പദ്ധതിയില്‍ കേന്ദ്രം നടത്തിയ ഭേദഗതികളും 100 പ്രവൃത്തിദിവസം 60 ദിവസമായി കുറച്ചതും സംസ്ഥാനത്തിനു തിരിച്ചടിയാണെന്നും പദ്ധതി പഴയ നിലയില്‍ നടപ്പാക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അതിദാരിദ്ര്യനിര്‍മാര്‍ജനം ഉള്‍പ്പെടെ സര്‍ക്കാരിന്റെ നേട്ടങ്ങളും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ എടുത്തുപറഞ്ഞു. കേരളം വികസനപാതയില്‍ കുതിക്കുന്നുവെന്നും പത്തുവര്‍ഷത്തിനുള്ളില്‍ മികച്ച മുന്നേറ്റം നടത്തിയെന്നും ഗവര്‍ണര്‍ നിയമസഭയില്‍ വ്യക്തമാക്കി.
''തൊഴിലുറപ്പു പദ്ധതിയില്‍ കേന്ദ്രം നടത്തിയ ഭേദഗതികളും 100 പ്രവൃത്തിദിവസം 60 ദിവസമായി കുറച്ചതും സംസ്ഥാനത്തിനു തിരിച്ചടിയാണെന്നും പദ്ധതി പഴയ നിലയില്‍ നടപ്പാക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ പദ്ധതികളില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കാനുള്ള കുടിശിക 5650 കോടി രൂപയാണ്. ജിഎസ്ടി വിഹിതത്തില്‍ കുറവുണ്ട്. വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു. ദേശീയപാത പദ്ധതിയില്‍ ചെലവഴിച്ചിരിക്കുന്ന തുക കടമെടുപ്പ് പരിധിയില്‍ പെടുത്തുന്നത് പ്രതിസന്ധിയാണ്'' ഗവര്‍ണര്‍ പറഞ്ഞു.
'ആരോഗ്യ ജാഗ്രതാ കലണ്ടര്‍ സംസ്ഥാനത്ത് കൊണ്ടുവരും. 4500 കോടി രൂപ ഇതുവരെ കാരുണ്യക്കായി ചെലവഴിച്ചുകഴിഞ്ഞു. ആശമാരുടെ വേതനം 7000ത്തില്‍ നിന്ന് 8000ആയി ഉയര്‍ത്തി. കേരളത്തിന്റെ തനത് വരുമാനം വര്‍ദ്ധിച്ചു. പൊതു കടം കുറഞ്ഞു. സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം പണം നീക്കി വെച്ചു. സാമ്പത്തിക സുസ്ഥിരതക്ക് നിയമപരവും ഭരണഘടനാപരവുമായ എല്ലാ വഴികളും തേടും. പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തും. ഭൂരഹിത ഭവനരഹിത ലക്ഷ്യത്തിലേക്ക് കേരളം അടുക്കുന്നു. സംസ്ഥാനത്തെ ക്രമ സമാധാനം സുരക്ഷിതമായ നിലയിലാണുള്ളത്. '. ഗവര്‍ണര്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.
കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയെ വിമര്‍ശിക്കുന്ന ഭാഗവും ഗവര്‍ണര്‍ വായിച്ചു. ധൂര്‍ത്താണ് സാമ്പത്തിക ഞെരുക്കത്തിന് കാരണമെന്ന വാദം നയപ്രഖ്യാപനം തള്ളുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. തന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നടത്തുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള അവസാന നിയമസഭാ സമ്മേളനത്തിനാണ് നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമിട്ടത്. നയപ്രഖ്യാപന പ്രസംഗത്തിനായി സഭയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, മന്ത്രി എം.ബി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
ഇത്തവണ മാര്‍ച്ച് 26 വരെയാണ് സഭ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം സഭ പിരിയും. 29ന് 2026-27 വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും. തുടര്‍ന്ന് 2 മുതല്‍ 5 വരെ ബജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഫെബ്രുവരി 6 മുതല്‍ 22 വരെ സഭ ചേരില്ല.
