പരാതികളില്‍ കോടതി ജാമ്യം നല്‍കിയിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാന്‍ ഉറച്ച് ഭരണപക്ഷം; എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച; മുരളി പെരുനെല്ലി അധ്യക്ഷനായ ഒമ്പതംഗ സമിതിയില്‍ എട്ടുപേരും ഭരണപക്ഷക്കാര്‍; റോജിയും ലത്തീഫും എന്ത് ചെയ്യും? രാഹുലിനോടുള്ള കലിപ്പ് തീര്‍ക്കാന്‍ ഉറച്ച് പിണറായി

രാഹുലിനോടുള്ള കലിപ്പ് തീര്‍ക്കാന്‍ ഉറച്ച് പിണറായി

Update: 2026-01-29 12:25 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതി പരിഗണിക്കാന്‍ നിയമസഭ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജസ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് ( തിങ്കളാഴ്ച) യോഗം ചേരും. സിപിഎം എംഎല്‍എ ഡി.കെ. മുരളി നല്‍കിയ പരാതിയാണ് മുരളി പെരുനെല്ലി അധ്യക്ഷനായ സമിതി പരിശോധിക്കുന്നത്.

അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന അംഗങ്ങളെ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഭയില്‍ നിന്ന് പുറത്താക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ട്. സമിതി റിപ്പോര്‍ട്ട് നല്‍കിയാല്‍, ശിക്ഷാ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി സഭയില്‍ പ്രമേയം അവതരിപ്പിക്കും. സഭ ഇത് പാസാക്കിയാല്‍ ശാസന മുതല്‍ പുറത്താക്കല്‍ വരെയുള്ള നടപടികള്‍ സ്വീകരിക്കാം. കോടതിയുടെ നിരീക്ഷണങ്ങളും അതിജീവിതമാരുടെ പരാതികളും മുന്‍നിര്‍ത്തിയാണ് വാമനപുരം എംഎല്‍എ ഡി.കെ. മുരളി രാഹുലിനെതിരെ പരാതി നല്‍കിയത്.

മുരളി പെരുനെല്ലി അധ്യക്ഷനായ ഒമ്പതംഗ സമിതിയില്‍ എട്ടുപേരും ഭരണപക്ഷത്തോട് ആഭിമുഖ്യമുള്ളവരാണ്. യു.എ. ലത്തീഫ് (മുസ്ലിം ലീഗ്), റോജി എം. ജോണ്‍ (കോണ്‍ഗ്രസ്) എന്നിവരാണ് സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍. രാഹുലിനെ കോണ്‍ഗ്രസ് നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സാഹചര്യത്തില്‍, സമിതിയില്‍ ഇവര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണ്ണായകമാണ്.

പരാതിക്കാരനായ ഡി.കെ. മുരളിയുടെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും മൊഴി സമിതി രേഖപ്പെടുത്തും. വിയോജിപ്പുള്ളവര്‍ക്ക് റിപ്പോര്‍ട്ടില്‍ അത് രേഖപ്പെടുത്താമെങ്കിലും ഭൂരിപക്ഷ തീരുമാനം സഭയുടെ പരിഗണനയ്ക്ക് എത്തും.

നടപടികള്‍ ഇങ്ങനെ:

ഫെബ്രുവരി 2: എത്തിക്‌സ് കമ്മിറ്റി യോഗം ചേര്‍ന്ന് മൊഴികളും തെളിവുകളും പരിശോധിക്കും. കോടതി നിരീക്ഷണങ്ങളും മറ്റ് രേഖകളും പരാതിക്കാരന്‍ ഹാജരാക്കണം. ഈ സഭാ സമ്മേളനത്തില്‍ തന്നെ സമിതി റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും. 'നിയമസഭയുടെ അന്തസിന് നിരക്കാത്ത കുറ്റകൃത്യങ്ങള്‍ ചെയ്ത അംഗത്തിനെതിരെ ഉചിതമായ നടപടി വേണമെന്നാണ് പരാതിക്കാരനായ ഡി.കെ. മുരളി എംഎല്‍എ ആവശ്യപ്പെട്ടിരിക്കുന്നത്.


മുരളി പെരുനെല്ലി അദ്ധ്യക്ഷനായ സമിതിയില്‍, എം.വി. ഗോവിന്ദന്‍, കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്‍, എച്ച്. സലാം, പി. ബാലചന്ദ്രന്‍, മാത്യു ടി. തോമസ്, യു.എ. ലത്തീഫ്, റോജി എം. ജോണ്‍. എന്നിവര്‍ അംഗങ്ങളാണ്.

Tags:    

Similar News