സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലം വഴിമുട്ടിയെന്ന് പ്രതിപക്ഷം; എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചതോടെ സഭ യുദ്ധക്കളമായി ; സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു പോയതോടെ സഭ സത്ംഭിച്ചു; നിയമസഭയില്‍ അസാധാരണ സംഭവങ്ങള്‍
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷമായ പ്രതിഷേധം. ബഹളത്തെത്തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവെച്ചു. പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചതോടെ സഭ യുദ്ധക്കളമായി മാറി. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു പോയതോടെയാണ് നടപടികള്‍ തടസ്സപ്പെട്ടത്. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡയസിലേക്ക് ഇരച്ചുകയറിയത്. വാച്ച് ആന്‍ഡ് വാര്‍ഡ് ഇവരെ തടഞ്ഞതോടെ സഭയ്ക്കുള്ളില്‍ ഉന്തും തള്ളുമുണ്ടായി.
സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലം വഴിമുട്ടി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ഉന്നതരായ പ്രതികള്‍ക്കെല്ലാം സ്വാഭാവിക ജാമ്യം ലഭിക്കാന്‍ പോലീസ് സൗകര്യമൊരുക്കുകയാണ്. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉടന്‍ പുറത്തിറങ്ങുമെന്നും, എസ്.ഐ.ടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ സഭാനടപടികളുമായി സഹകരിക്കാനാവില്ലെന്നും നിയമസഭയ്ക്ക് അകത്തും പുറത്തും സമരം കടുപ്പിക്കുമെന്നും പ്രതിപക്ഷം പ്രഖ്യാപിച്ചു.
പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നും ജനാധിപത്യത്തെ അവഹേളിക്കുകയാണെന്നും മന്ത്രി എം.ബി. രാജേഷ് തിരിച്ചടിച്ചു. ഹൈക്കോടതിയില്‍ നിന്ന് സ്പ്രിംക്ലര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തിരിച്ചടി നേരിട്ടതിന്റെ അരിശം പ്രതിപക്ഷം സഭയില്‍ തീര്‍ക്കുകയാണെന്ന് മന്ത്രി പരിഹസിച്ചു. പാര്‍ലമെന്റില്‍ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച ദിവസം പ്രധാനമന്ത്രി മോദിക്കൊപ്പം ചായ കുടിക്കാന്‍ പോയ പ്രിയങ്ക ഗാന്ധിയുടെ അനുയായികളാണ് ഇവിടെ നാടകം കളിക്കുന്നതെന്നും മന്ത്രി ആഞ്ഞടിച്ചു. ഭരണ-പ്രതിപക്ഷ വാക്‌പോരും കൈയാങ്കളിയും നീണ്ടതോടെ സഭ അനിശ്ചിതത്വത്തിലായി. സ്പീക്കറുടെ എഴുന്നേറ്റു പോക്കും അസാധാരണമാണ്.
അന്‍വര്‍ സാദത്ത് എംഎല്‍എയാണ് ഡയസിലേക്ക് ചാടി കയറി. ഇതോടെയാണ് സഭ ആദ്യം നിര്‍ത്തിയത്. പിന്നീട് പത്തു മണിക്ക് സ്ഭ വീണ്ടും ചേര്‍ന്നു. അപ്പോഴും ബഹളം തുടര്‍ന്നു. ഇതോടെ വീണ്ടും സഭ നിര്‍ത്തി.