തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം; ഡോക്ടറിന്റേത് ഗുരുതര വീഴ്ച; കടുത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയതില്‍ പിഴവ് സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡോക്ടറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണ്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി സഭയില്‍ അറിയിച്ചു. രണ്ടര വര്‍ഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്.
ചികിത്സ പിഴവ് ഗൗരവമായി കാണുന്നു. വീഴ്ചയുള്ള കേസുകളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു. ശസ്ത്രക്രിയ പിഴവ് വിഷയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സബ്മിഷനായി ചൂണ്ടിക്കാട്ടുകയായിരുന്നു. സുമ്മയ്യ അനുഭവിക്കുന്നത് കഠിനമായ ആരോഗ്യപ്രശ്‌നമാണെന്നും നഷ്ടപരിഹാരത്തിന് അനുകൂല നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ ആവശ്യപ്പെട്ടു.
ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. രോഗിയുടെ ബന്ധുവിനോടാണ് ഡോ. രാജീവ് കുമാര്‍ തെറ്റ് പറ്റിയെന്ന് വെളിപ്പെടുത്തിയത്. ശ്രീചിത്രയില്‍ നടത്തിയ പരിശോധനയിലാണ് ഗൈഡ് വയറാണെന്ന് മനസിലാകുന്നത്. വയറ് കുടുങ്ങിയത് അറിഞ്ഞിട്ടും ഡോ.രാജീവ് കുമാര്‍ മറച്ചുവെക്കുകയായിരുന്നു.
2023 മാര്‍ച്ച് 22നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുമയ്യ ചികിത്സ തേടിയത്. റോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത് ഡോ. രാജീവ് കുമാറാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോള്‍ രക്തവും മരുന്നുകളും നല്‍കാനായി സെന്‍ട്രല്‍ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചില്‍ കുടുങ്ങി കിടക്കുന്നത്.