കണ്ടാൽ തന്നെ അറിയാം..ഇത് മനപ്പൂർവ്വം; ആളുകൾക്കിടയിൽ ഭിന്നത ഉണ്ടാക്കാനും ശ്രമം; കെഎം ഷാജിയുടെ ഫ്ലക്സ് ബോർഡിന് തീയിട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്

Update: 2026-04-06 04:44 GMT

മലപ്പുറം: മലപ്പുറം ജില്ലയിലെ വേങ്ങര നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.എം. ഷാജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡിന് തീയിട്ട സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്തു. ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടിയിൽ സ്ഥാപിച്ചിരുന്ന ബോർഡിനാണ് കഴിഞ്ഞ രാത്രി തീയിട്ടത്. കലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം ഉണ്ടാക്കൽ, മനഃപൂർവമുള്ള നാശനഷ്ടം വരുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ രാത്രി ഒൻപതരയോടെയാണ് ബോർഡിന് തീയിട്ടതെന്ന് പോലീസ് അറിയിച്ചു. രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സാമൂഹ്യവിരുദ്ധർ ഈ പ്രവൃത്തി ചെയ്തതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വേങ്ങര മണ്ഡലത്തിലെ നിർണായകമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെയാണ് ഈ അക്രമസംഭവം. 2011-ൽ മണ്ഡലം രൂപീകൃതമായതുമുതൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ സ്വാധീനത്തിലായിരുന്നു വേങ്ങര.

എന്നാൽ, ഇത്തവണ മുസ്ലിം ലീഗ് സ്ഥാനാർത്ഥി മാറ്റത്തിന് ഒരുങ്ങുകയാണ്. മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായി കെ.എം. ഷാജിയാണ് ഇത്തവണ യു.ഡി.എഫ്. സ്ഥാനാർത്ഥി. കെ.എം. ഷാജിയുടെ തീപ്പൊരി പ്രസംഗങ്ങളിലൂടെയും യുവജനങ്ങൾക്കിടയിലെ സ്വീകാര്യതയിലൂടെയും വോട്ടുകൾ സമാഹരിക്കാനാണ് ലീഗിന്റെ ശ്രമം. കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച സബാഹ് കുണ്ടുപുഴക്കലിനെയാണ് ഇടതുമുന്നണി ഇത്തവണ ഔദ്യോഗികമായി രംഗത്തിറക്കിയിരിക്കുന്നത്. ബി.ജെ.പിക്ക് വേണ്ടി വി.എൻ. ജയകൃഷ്ണനാണ് മത്സരിക്കുന്നത്.

Tags:    

Similar News