പൂഞ്ഞാറിൽ വനിതാ റാലിക്ക് സാരി വാഗ്ദാനം: ബിജെപി നേതാവിൻ്റെ ശബ്ദരേഖ പുറത്ത്; ചട്ടലംഘനമെന്ന് യുഡിഎഫും എൽഡിഎഫും; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
കോട്ടയം: പൂഞ്ഞാറിൽ വനിതാ റാലിയിൽ പങ്കെടുക്കുന്നവർക്ക് സാരി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റും പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റുമായ മിനർവ മോഹനൻ്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. പൂഞ്ഞാർ മണ്ഡലത്തിലെ തിടനാട് നടക്കുന്ന വനിതാ റാലിക്ക് എത്തുന്നവർക്കാണ് സാരി വാഗ്ദാനം ചെയ്തത്.
പഞ്ചായത്ത് അംഗങ്ങളുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് മിനർവയുടെ ഓഡിയോ സന്ദേശമെത്തിയത്. ബിജെപി പ്രവർത്തകർക്കുള്ള ഗ്രൂപ്പിന് പകരം ഔദ്യോഗിക ഗ്രൂപ്പിലേക്ക് സന്ദേശം മാറിയെത്തുകയായിരുന്നു. അബദ്ധം പറ്റിയെന്ന് മനസ്സിലായതോടെ സന്ദേശം ഉടൻ തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു.
സംഭവം ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് എൽഡിഎഫും യുഡിഎഫും ആരോപിച്ചു. വോട്ടർമാരെ സ്വാധീനിക്കാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത നേതാവിനെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. മിനർവ മോഹനനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് ഇരു മുന്നണികളുടെയും തീരുമാനം. ഇതോടെ പൂഞ്ഞാറിൽ തിരഞ്ഞെടുപ്പ് ഗോദയിൽ രാഷ്ട്രീയ പോര് മുറുകുകയാണ്.