ക്രൈസ്തവര്‍ക്കെതിരെ തീവ്രവാദ കേസുകളില്ല; എഫ്സിആര്‍എ കണ്ട് ഭയക്കേണ്ടതില്ലെന്ന് വി. മുരളീധരന്‍; പ്രതിപക്ഷത്തിന്റേത് തിരഞ്ഞെടുപ്പ് മുതലെടുപ്പെന്നും ആരോപണം

Update: 2026-04-05 06:55 GMT

തിരുവനന്തപുരം: രാജ്യത്ത് ഒരിടത്തും ക്രൈസ്തവ സമൂഹത്തിനെതിരെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളോ തീവ്രവാദ പ്രവര്‍ത്തനങ്ങളോ ഉള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അതിനാല്‍ വിദേശ സംഭാവന നിയന്ത്രണ നിയമം അവരെ ഒരു തരത്തിലും ബാധിക്കില്ലെന്നും മുന്‍ കേന്ദ്രമന്ത്രിയും കഴക്കൂട്ടത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ വി. മുരളീധരന്‍. ക്രിസ്ത്യന്‍ സമൂഹം എഫ്സിആര്‍എയുടെ റഡാറില്‍ വരുന്നവരല്ലെന്നും ഈ നിയമഭേദഗതിയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ചിലര്‍ എഫ്സിആര്‍എ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അത്തരക്കാരെ തടയാനാണ് നിയമഭേദഗതി കൊണ്ടുവന്നതെന്നും മുരളീധരന്‍ പറഞ്ഞു. വിദേശത്തുനിന്ന് ലഭിക്കുന്ന പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നത് തടയുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍, ക്രിസ്ത്യന്‍ സഭകളോ വിശ്വാസികളോ ഇത്തരം തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ഒരിടത്തും കണ്ടെത്താത്ത സാഹചര്യത്തില്‍ അവര്‍ക്ക് ഈ നിയമം ഭീഷണിയല്ല.

കേരളം, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു. കേരളത്തിലെ ക്രൈസ്തവ സഭകള്‍ മുഴുവന്‍ വിദേശപ്പണം സ്വീകരിക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സഭകളെയും വിശ്വാസികളെയും തെറ്റിദ്ധരിപ്പിച്ച് വോട്ട് തട്ടാനുള്ള തന്ത്രമാണ് പ്രതിപക്ഷം പയറ്റുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിദേശ സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മേല്‍ നിയന്ത്രണം കടുപ്പിക്കുന്നത് സഭകളെ ബാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് മുരളീധരന്റെ ഈ പ്രസ്താവന. കേന്ദ്ര സര്‍ക്കാരിന് ക്രൈസ്തവ സമൂഹത്തോട് വിരോധമില്ലെന്നും നിയമം പാലിക്കുന്നവര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ഉറപ്പ് നല്‍കുന്നതിലൂടെ ക്രിസ്ത്യന്‍ വോട്ടുകളെ ആകര്‍ഷിക്കാനാണ് എന്‍.ഡി.എ ലക്ഷ്യമിടുന്നത്.

Similar News