'രാവിലെ ഒരു കൊടിയും ഉച്ചയ്ക്ക് മറ്റൊരു കൊടിയും വൈകുന്നേരം വേറൊരു കൊടിയും പിടിച്ചുനടക്കുന്ന കപട വിശ്വാസി'; കാസര്‍കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വിദ്വേഷ പരാമര്‍ശം; വനിതാലീഗ് നേതാവിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

Update: 2026-04-05 06:19 GMT

കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഷാനവാസ് പാദൂരിനെ ലക്ഷ്യമിട്ട് വനിതാ ലീഗ് നേതാവ് നടത്തിയ വിദ്വേഷ പരാമര്‍ശം വിവാദത്തില്‍. മുല്ലേരിയില്‍ സംഘടിപ്പിച്ച കുടുംബയോഗത്തിനിടെ വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫര്‍സാന നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സ്ഥാനാര്‍ഥിയെ 'മുനാഫിഖ്' (കപട വിശ്വാസി) എന്ന് വിളിച്ച ആക്ഷേപിച്ചു എന്നതാണ് പ്രധാന ആരോപണം.

രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഓരോ കൊടികള്‍ മാറിമാറി പിടിച്ചുനടക്കുന്ന കപടവിശ്വാസിയുടെ പണിയെടുത്താണ് സ്ഥാനാര്‍ഥി എത്തുന്നതെന്ന് ആയിഷത്ത് ഫര്‍സാന പ്രസംഗത്തില്‍ പരാമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രശസ്തമായ 'കടക്ക് പുറത്ത്' എന്ന പ്രയോഗം കടമെടുത്തുകൊണ്ട്, ഇത്തരക്കാരോട് പുറത്തുപോകാന്‍ പറയാന്‍ കാസര്‍കോടിന് അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മതപരമായ പദാവലികള്‍ ഉപയോഗിച്ചുള്ള ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വിവാദ പരാമര്‍ശത്തോട് വളരെ സംയമനത്തോടെയാണ് ഷാനവാസ് പാദൂര്‍ പ്രതികരിച്ചത്. സ്ത്രീകള്‍ക്ക് താന്‍ നല്‍കുന്ന ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ, ഇത് ആവേശം മൂത്ത് സംഭവിച്ച ഒരു നാവുപിഴയാകാം എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, മുസ്ലിം സ്ത്രീകളെ വൈകാരികമായി വഴിതിരിച്ചുവിടാനും ബ്രെയിന്‍വാഷ് ചെയ്യാനും ചില മുന്നണികള്‍ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ പതിവാക്കാറുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ്. നേതൃത്വം ഇതിനകം തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.

സ്ഥാനാര്‍ഥി പ്രഖ്യാപനം വന്ന സമയം മുതല്‍ താന്‍ ബി.ജെ.പിയുടെ ഏജന്റാണെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഷാനവാസ് പാദൂര്‍ ചൂണ്ടിക്കാട്ടി. സാധാരണഗതിയില്‍ വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളില്‍ ഉയര്‍ത്താറുള്ള ഇത്തരം ആരോപണങ്ങള്‍ ഇത്ര നേരത്തെ തന്നെ പുറത്തെടുക്കുന്നത് എതിരാളികളുടെ പരിഭ്രാന്തിയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി എല്‍.ഡി.എഫ് സജീവമായി രംഗത്തുണ്ട്.

Similar News