കുറച്ച് സീറ്റില്‍ ബിജെപി ജയിച്ച് കയറട്ടെയെന്നാണ് സി.പി.എമ്മിന്റെ ആഗ്രഹം; ജി. സുധാകരനോട് ചെറ്റത്തരം കാണിക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ക്കെതിരേ ഒരക്ഷരം ഉരിയാടാന്‍ ഇതുവരേയും തയ്യാറായിട്ടില്ല: ഷാഫി പറമ്പില്‍
കുറച്ച് സീറ്റില്‍ ബിജെപി ജയിച്ച് കയറട്ടെയെന്നാണ് സി.പി.എമ്മിന്റെ ആഗ്രഹം
കായംകുളം: ഡീല്‍ ആരോപണം കടുപ്പിച്ചു കോണ്‍ഗ്രസ്. സംസ്ഥാനത്തെ സി.പി.എം- ബി.ജെ.പി ഡീല്‍ മതേതര സമൂഹം തിരിച്ചറിയുമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പി ആരോപിച്ചു. കായംകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി എം. ലിജുവിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിനെതിരെ സംസ്ഥാനത്ത് സി.പി.എം - ബി.ജെ.പി അവിശുദ്ധ സഖ്യം പ്രവര്‍ത്തിക്കുന്നതിന് നിരവധി തെളിവുകള്‍ ചൂണ്ടിക്കാട്ടാനാകും. യു.ഡി.എഫുമായി സഹകരിക്കുന്ന ജി. സുധാകരനോട് ചെറ്റത്തരം കാണിക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ക്കെതിരേ ഒരക്ഷരം ഉരിയാടാന്‍ ഇതുവരേയും തയ്യാറായിട്ടില്ല. ഇത് ബി.ജെ.പിയോടുള്ള സി.പി.എം സമീപനമാണ് തെളിയിക്കുന്നത്.
കേരളത്തില്‍ വന്ന പ്രധാനമന്ത്രി സകലമാന കാര്യങ്ങള്‍ പറഞ്ഞിട്ടും ശബരിമല സ്വര്‍ണ കൊളളയെ പറ്റി ഒരക്ഷരം മിണ്ടിയില്ല. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പലകാര്യത്തിലും ഒരേ നയമാണ്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസിനേയും യു.ഡി.എഫിനെയുമാണ് ഇരുവരും ശത്രുസ്ഥാനത്ത് കാണുന്നത്.
കുറച്ച് സീറ്റുകളില്‍ ബി.ജെ.പി ജയിച്ച് കയറട്ടെയെന്നാണ് സി.പി.എമ്മിന്റെ ആഗ്രഹം. എന്നാല്‍, ജനങ്ങളുമായി ഡീല്‍ ഉറപ്പിച്ച യു.ഡി.എഫ് ഇതനുവദിക്കില്ലെന്നും ഷാഫി പറഞ്ഞു. എരുവയില്‍ നിന്ന് നഗരം വഴി പുല്ലുകുളങ്ങര വരെ നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാ ആവേശം വിതറിയായിരുന്നു ഷാഫി പറമ്പില്‍ എം.പിയുടെ റോഡ് ഷോ.