ബാലറ്റ് പെട്ടിയിലെ 'വലിയ ദ്വാരം' വിവാദത്തില്‍; പേരാവൂരില്‍ തിരഞ്ഞെടുപ്പ് അട്ടിമറി നീക്കമെന്ന് സണ്ണി ജോസഫ് എം.എല്‍.എ; കളക്ടര്‍ക്കെതിരെയും വിമര്‍ശനം
കണ്ണൂര്‍: ജില്ലയില്‍ സജ്ജീകരിച്ചിട്ടുള്ള 'വീട്ടിലെ വോട്ട്' സംവിധാനത്തിലെ ബാലറ്റ് പെട്ടികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി പേരാവൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ സണ്ണി ജോസഫ്. ബാലറ്റ് പെട്ടികളിലെ ദ്വാരത്തിന് അമിത വലിപ്പമുണ്ടെന്നും ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നുമാണ് എം.എല്‍.എയുടെ ആരോപണം. വിഷയത്തില്‍ ജില്ലാ വരണാധികാരി കൂടിയായ കളക്ടറുടെ സമീപനം തൃപ്തികരമല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബാലറ്റ് പേപ്പറുകള്‍ നിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന പെട്ടിയുടെ ദ്വാരത്തിന് വിരലുകള്‍ കടക്കാന്‍ പാകത്തിലുള്ള വലിപ്പമുണ്ടെന്നാണ് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടുന്നത്. ഇത്രയും വലിയ ദ്വാരം പെട്ടിയില്‍ എന്തിനാണ് നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കണം. ഇത് സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുമെന്നും ബാലറ്റുകളില്‍ കൃത്രിമം നടത്താന്‍ ഇത്തരം പഴുതുകള്‍ കാരണമാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ബാലറ്റ് പെട്ടിയിലെ ദ്വാരത്തിന്റെ ചിത്രം സഹിതം ജില്ലാ കളക്ടറെ കണ്ട് പരാതിപ്പെട്ടെങ്കിലും പരിഹാരം കാണുന്നതിന് പകരം തട്ടിക്കയറുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചതെന്ന് സണ്ണി ജോസഫ് ആരോപിച്ചു. ദ്വാരം അധികമായിപ്പോയി എന്ന കാര്യത്തില്‍ കളക്ടര്‍ക്ക് മറുപടിയില്ല. ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായി പെരുമാറുന്നത് തിരഞ്ഞെടുപ്പിന്റെ നിഷ്പക്ഷത തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ തിരഞ്ഞെടുപ്പ് നീതിപൂര്‍വമാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനോ അടിയന്തരമായി ഇടപെടണമെന്നാണ് സണ്ണി ജോസഫിന്റെ ആവശ്യം. വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.