'യേശുദാസിനെ ഡോക്ടറാക്കിയാൽ രോഗി മരിക്കും, സച്ചിന് നൽകേണ്ടത് ബാറ്റ്'; കൃത്യമായ ഒരു സിസ്റ്റം അധ്യാപകരിലേക്ക് എത്തിക്കണം; വിദ്യാഭ്യാസ വകുപ്പിൽ കണ്ണുവെച്ച് എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ

Update: 2026-04-05 12:05 GMT

കൊച്ചി: ഭാവിയിൽ മന്ത്രിയാകാൻ അവസരം ലഭിച്ചാൽ തനിക്ക് താൽപ്പര്യം വിദ്യാഭ്യാസ വകുപ്പിനോടാണെന്ന് തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയും സിനിമാ സംവിധായകനുമായ അഖിൽ മാരാർ. ആഭ്യന്തരം, പൊതുഭരണം, ഗതാഗതം തുടങ്ങിയ വകുപ്പുകളേക്കാൾ ഉപരി ഒരു നാടിനെ മാറ്റിമറിക്കാൻ ശേഷിയുള്ളത് വിദ്യാഭ്യാസ വകുപ്പിനാണെന്ന് അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

നിലവിലെ വിദ്യാഭ്യാസ രീതികൾ കാലഹരണപ്പെട്ടതാണെന്ന് അഖിൽ മാരാർ വിമർശിച്ചു. ഭാവിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ തിരിച്ചറിയാതെ പഴയ സിസ്റ്റങ്ങൾ കുട്ടികളുടെ തലയിൽ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. "സ്കൂളിൽ ഫസ്റ്റ് മാർക്ക് വാങ്ങി പാസായ ഒരാളാണ് ഞാൻ. എന്നാൽ അന്ന് പഠിച്ച കാര്യങ്ങളൊന്നും ഇന്നത്തെ ജീവിതത്തിൽ എനിക്ക് പ്രയോജനപ്പെട്ടിട്ടില്ല. ഫേസ്ബുക്കിൽ നിന്നോ യൂട്യൂബിൽ നിന്നോ എങ്ങനെ വരുമാനം നേടാമെന്ന് 2000-2003 കാലഘട്ടത്തിൽ ആരും പഠിപ്പിച്ചു തന്നിട്ടില്ല. വരാനിരിക്കുന്ന കാലത്തെ മുൻകൂട്ടി കണ്ട് കുട്ടികളെ ജീവിതത്തിന് പ്രാപ്തരാക്കുന്ന ഒരു സിസ്റ്റമാണ് നമുക്ക് വേണ്ടത്," അഖിൽ പറഞ്ഞു.

ഓരോ കുട്ടിയുടെയും സർഗ്ഗാത്മകതയും അഭിരുചിയും തിരിച്ചറിഞ്ഞുള്ള വിദ്യാഭ്യാസ രീതിയാണ് നടപ്പിലാക്കേണ്ടതെന്ന് അഖിൽ മാരാർ ചൂണ്ടിക്കാട്ടി. പ്രശസ്തരായ വ്യക്തികളെ ഉദാഹരണമാക്കിയാണ് അദ്ദേഹം ഇത് വിശദീകരിച്ചത്. സംഗീതത്തിൽ താല്പര്യമുള്ള യേശുദാസിനെ ഡോക്ടറാക്കിയാൽ അദ്ദേഹം നടത്തുന്ന ശസ്ത്രക്രിയയിൽ രോഗി മരിക്കാൻ സാധ്യതയുണ്ടെന്നും, സച്ചിൻ ടെണ്ടുൽക്കറെ എൻജിനീയറാക്കിയാൽ അദ്ദേഹം നിർമ്മിക്കുന്ന കെട്ടിടങ്ങൾ തകർന്നു വീഴുമെന്നും അഖിൽ പറഞ്ഞു. യേശുദാസിന് പാടാനുള്ള സാഹചര്യവും സച്ചിന് ബാറ്റുമാണ് നൽകേണ്ടത്. കുട്ടികളുടെ ഇത്തരം കഴിവുകൾ തിരിച്ചറിയാനുള്ള ബോധം അധ്യാപകർക്കുണ്ടാകണമെന്നും, അതിനായി കൃത്യമായ ഒരു സിസ്റ്റം അധ്യാപകരിലേക്ക് എത്തിക്കണമെന്നും അഖിൽ കൂട്ടിച്ചേർത്തു.

Tags:    

Similar News