'ഞാനും ഭര്‍ത്താവും ഒത്തൊരുമിച്ചാണ് യാത്ര; ടീച്ചര്‍ക്ക് സംശയം ഉണ്ടെങ്കില്‍ വീട്ടില്‍ വന്നാല്‍ ബോധ്യപ്പെടും; സ്വന്തം അനുഭവംവെച്ച് എന്നെ അളക്കേണ്ട; നിങ്ങളൊക്കെ വലിയ അഖിലേന്ത്യാ നേതാവല്ലേ; ഇരിക്കുന്ന സ്ഥാനത്തിന്റെ അന്തസ്സ് കാത്തു സൂക്ഷിക്കണം'; പി കെ ശ്രീമതിക്ക് മറുപടിയുമായി കുഞ്ഞികൃഷ്ണന്റെ ഭാര്യ
പയ്യന്നൂര്‍: സി.പി.എമ്മിലെ അഴിമതിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി പുറത്തുപോയ വി. കുഞ്ഞികൃഷ്ണനെതിരായ പരാമര്‍ശത്തിന് പി.കെ. ശ്രീമതി ടീച്ചര്‍ക്ക് കൃത്യമായ മറുപടിയുമായി കുഞ്ഞികൃഷ്ണന്റെ ഭാര്യ പി.പി. കോമളവല്ലി. കുഞ്ഞികൃഷ്ണന്‍ മത്സരിക്കുന്നത് ഭാര്യയുടെ സമ്മതമില്ലാതെയാണെന്ന ശ്രീമതി ടീച്ചറുടെ പ്രസംഗത്തിനാണ് മക്കളുടേയും കുടുംബത്തിന്റേയും പിന്തുണയോടെ കോമളവല്ലി മറുപടി നല്‍കിയിരിക്കുന്നത്. വി കുഞ്ഞികൃഷ്ണന്‍ പയ്യന്നൂര്‍ അസംബ്ലി നിയോജക മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സ്വന്തം ഭാര്യയുടെ പോലും സമ്മതമില്ലാതെ ആണെന്ന് ശ്രീമതി ടീച്ചര്‍ പറഞ്ഞിരുന്നു. ഇതിന് കുഞ്ഞികൃഷ്ണന്റെ ഭാര്യ പിപി കോമളവല്ലി നല്‍കിയ മറുപടിയാണ് തുറന്ന കത്തെന്ന രൂപത്തില്‍ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
പയ്യന്നൂരിലെ പാര്‍ട്ടി കോട്ടകളില്‍ വി. കുഞ്ഞികൃഷ്ണന്‍ ഉണ്ടാക്കുന്ന വിള്ളല്‍ സി.പി.എമ്മിനെ എത്രത്തോളം ഭയപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇത്തരം തരംതാഴ്ന്ന ആരോപണങ്ങളുമായി രംഗത്തിറങ്ങുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പ്രിയപ്പെട്ട ശ്രീമതി ടീച്ചര്‍ക്ക് ഒരു തുറന്ന കത്ത്.
ടീച്ചറെ, നിങ്ങള്‍ എന്തിനാണ് ഇങ്ങനെ പച്ചക്കള്ളം വിളിച്ചു പറഞ്ഞ് ജനങ്ങളുടെ മുന്നില്‍ അപഹാസ്യ കഥാപാത്രമാകുന്നത് എന്റെ ഭര്‍ത്താവ് സഖാവ് വി കുഞ്ഞികൃഷ്ണന്‍ പയ്യന്നൂര്‍ അസംബ്ലി നിയോജക മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സ്വന്തം ഭാര്യയുടെ പോലും സമ്മതമില്ലാതെ ആണെന്നാണ് ടീച്ചര്‍ വെള്ളൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പറഞ്ഞത്. എന്റെ ടീച്ചറെ, ഞങ്ങളുടെ കുടുംബം ഒന്നായി എടുത്ത തീരുമാനത്തിന്റെ ഭാഗമായി കൂടിയാണ് സഖാവ് വി കുഞ്ഞികൃഷ്ണന്‍ മത്സരത്തിനിറങ്ങിയത്. ഒരു നിലയ്ക്കും മത്സരിക്കുന്നില്ല എന്ന നിലപാടായിരുന്നു ആദ്യം മുതല്‍ക്ക് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പാര്‍ട്ടിക്ക് അകത്തു നിന്നും പുറത്തു നിന്നുമുള്ള നിരവധി ആളുകള്‍ വീട്ടില്‍ വന്ന് സമ്മര്‍ദ്ദം ചെലുത്തിയിട്ടും അദ്ദേഹത്തിന്റെ തീരുമാനത്തില്‍ ഒരു മാറ്റവും ഉണ്ടായിരുന്നില്ല.
എന്നാല്‍ രക്തസാക്ഷി ഫണ്ട് ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഫണ്ടുകള്‍ വെട്ടിപ്പ് നടത്തിയ ആളെ തന്നെ, ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് സ്ഥാനാര്‍ത്ഥി ആക്കിയപ്പോള്‍ അദ്ദേഹം തുടങ്ങി വച്ച സമരത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ ഞങ്ങളോട് എല്ലാവരോടും ആലോചിച്ചു കൊണ്ട് തന്നെയാണ് അദ്ദേഹം മത്സര രംഗത്തേക്ക് വന്നിട്ടുള്ളത്. ഞാന്‍ വെള്ളൂര്‍ ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു. ഇതുപോലെ അഴിമതിക്കാരനായ ഒരാളെ സംരക്ഷിക്കാന്‍ തയ്യാറാകുന്ന പാര്‍ട്ടിയില്‍ ഇനിയും തുടരാന്‍ എനിക്ക് കഴിയില്ല എന്ന നിലപാട് ഞാന്‍ എടുത്തത് എന്റെ മക്കളുടെ കൂടെ അഭിപ്രായത്തെ പരിഗണിച്ചു കൊണ്ടാണ്.
ഞാന്‍ വി കുഞ്ഞികൃഷ്ണന്‍ എന്ന മനുഷ്യനെ കല്യാണം കഴിച്ചത് മുതല്‍ അദ്ദേഹത്തോട് ചേര്‍ന്ന്, എന്നെ കൊണ്ട് കഴിയുന്ന രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളാണെന്നും, ഞങ്ങളുടേത് അക്ഷരാര്‍ത്ഥത്തില്‍ ഒരു പാര്‍ട്ടി കുടുംബമാണെന്നും ടീച്ചര്‍ക്ക് വളരെ നന്നായി അറിയാമല്ലോ. പാര്‍ട്ടിക്കെതിരെ പല വിമര്‍ശനങ്ങളും ഞങ്ങള്‍ക്കുണ്ടെങ്കിലും ഒരിക്കലും ഇങ്ങനെ ഒരവസ്ഥയിലേക്ക് ഈ പാര്‍ട്ടി എത്തുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. ഇത് തീക്കട്ടെയെ ഉറുമ്പരിക്കുന്ന അവസ്ഥ ആയി പോയി. അത് കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയിട്ട് ഇതിനെ ഇപ്പോള്‍ കാണാന്‍ എനിക്ക് വിഷമമുണ്ട്.
ടീച്ചര്‍ ഇതിന് മുമ്പും എന്റെ ഭര്‍ത്താവിനെ കുറിച്ച് നട്ടാല്‍ മുളയ്ക്കാത്ത കളവ് പറഞ്ഞതായി അദ്ദേഹം പറഞ്ഞെനിക്കറിയാം. സാഹിത്യകാരന്‍ ടി പത്മനാഭനെ കാണാന്‍ വി കുഞ്ഞികൃഷ്ണന്‍ പോയി എന്നതായിരുന്നു അത്. ഇങ്ങനെയൊക്കെ കള്ളം പറയാന്‍ ടീച്ചര്‍ക്ക് കഴിയും എന്ന് മനസ്സിലാക്കുമ്പോള്‍ ഞാന്‍ നിങ്ങളോട് സഹതപിക്കുകയാണ്. നിങ്ങളൊക്കെ വലിയ അഖിലേന്ത്യാ നേതാവല്ലേ ഇരിക്കുന്ന സ്ഥാനത്തിന്റെ അന്തസ്സ് കാത്തു സൂക്ഷിക്കാന്‍ എങ്കിലും ടീച്ചര്‍ തയ്യാറാവണം എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്.
ഞാനും എന്റെ ഭര്‍ത്താവും ഒന്നിച്ചും ഒത്തൊരുമിച്ചും തന്നെയാണ് മുന്നോട്ട് പോകുന്നത്. അത് ഏത് പ്രതിസന്ധി ഘട്ടത്തിലും അങ്ങനെ ആയിരിക്കുകയും ചെയ്യും. അതില്‍ ടീച്ചര്‍ക്ക് സംശയം ഉണ്ടെങ്കില്‍ ഞങ്ങളുടെ വീടറിയാല്ലോ, ഇവിടെ വന്നാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടും. ടീച്ചറുടെ അനുഭവം വെച്ചായിരിക്കുമല്ലോ മറ്റുള്ളവരെ അളക്കുന്നത് അത് ശരിയാണോ എന്ന് താങ്കള്‍ തന്നെ ആലോചിക്കുക. കൂടുതലൊന്നും ഞാന്‍ പറയുന്നില്ല
ഒരഭ്യര്‍ത്ഥന മാത്രം.
ജനങ്ങള്‍ക്ക് മുന്നില്‍ കളവ് പറഞ്ഞ് ടീച്ചര്‍ അപഹാസ്യയാകുന്നതില്‍ എനിക്ക് പ്രയാസമില്ല. പക്ഷെ പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗവും, ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ ഒരാള്‍ ഇങ്ങനെ പരിഹാസ്യയാകുന്നതില്‍ എനിക്ക് വിഷമമുണ്ട്.
സ്‌നേഹപൂര്‍വ്വം,
പിപി കോമളവല്ലി.
