കോഴിക്കോട്ടെ യുഡിഎഫ് പ്രചരണ റാലിയില്‍ രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കില്ല; സോണിയ ഗാന്ധിക്കൊപ്പം ആശുപത്രിയില്‍ തുടരും; പകരം മല്ലികാര്‍ജുന്‍ ഖാര്‍ഗെ മഹാറാലിയില്‍ പങ്കെടുക്കും

കോഴിക്കോട്ടെ യുഡിഎഫ് പ്രചരണ റാലിയില്‍ രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കില്ല

Update: 2026-03-25 08:28 GMT

കോഴിക്കോട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തില്ല. എഐസിസി അധ്യക്ഷന്‍ മല്ലാര്‍ജുന്‍ ഖാര്‍ഗെ പകരമെത്തും. ഇന്നലെ രാത്രിയില്‍ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.

ഇന്നു വൈകിട്ട് 4.30ന് കോഴിക്കോട്ടെ കടപ്പുറത്തെ മഹാറാലിയിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുകയെന്ന് അറിയിച്ചിരുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് മഹാറാലി നടക്കുക.

സംസ്ഥാനത്ത് യുഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ പരിപാടികളുടെ തുടക്കമാണിത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ അടങ്ങിയ ഗ്യാരണ്ടി കാര്‍ഡും റാലിയില്‍ അവതരിപ്പിക്കും.യുഡിഎഫിന്റെ സംസ്ഥാനതല പ്രചാരണത്തിനു തയാറാക്കിയ ബസും ഫ്‌ലാഗ് ഓഫ് ചെയ്യും. രാഹുല്‍ ഗാന്ധിക്ക് പകരം മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരിപാടി ഉദ്ഘാടനം ചെയ്യും.

ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലുണ്ട്. കാലാവസ്ഥയില്‍ പെട്ടന്നുണ്ടായ മാറ്റമാണ് ശാരീരിക ബുദ്ധിമുട്ട് നേരിടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സോണിയാ ഗാന്ധി വൈദ്യ സഹായം തേടിയത്.ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Tags:    

Similar News