മുഖ്യമന്ത്രിയുടെ പ്രസംഗം കത്തിക്കയറുന്നതിനിടെ ആവേശപൂര്‍വ്വം ആര്‍പ്പ് വിളിച്ച് പ്രവര്‍ത്തകര്‍; ശബ്ദം നിയന്ത്രണാതീതമായതോടെ കലിപ്പുമായി മുഖ്യമന്ത്രി; 'കൂടുതല്‍ ഒച്ചവെച്ചാല്‍ പ്രസംഗം നിര്‍ത്തു'മെന്ന് പിണറായിയുടെ ശാസന; വണ്ടിപ്പെരിയാര്‍ മിനിസ്റ്റേഡിയത്തിലും പിണറായീ കോപം!
മുഖ്യമന്ത്രിയുടെ പ്രസംഗം കത്തിക്കയറുന്നതിനിടെ ആവേശപൂര്‍വ്വം ആര്‍പ്പ് വിളിച്ച് പ്രവര്‍ത്തകര്‍
വണ്ടിപ്പെരിയാര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയുടെ പ്രസംഗം കത്തിക്കയറുന്നതിനിടെ ആവേശപൂര്‍വ്വം ആര്‍പ്പ് വിളിച്ച് പ്രവര്‍ത്തകര്‍. ശബ്ദം നിയന്ത്രണാതീതമായതോടെ, കൂടുതല്‍ ഒച്ചവെച്ചാല്‍ പ്രസംഗം നിര്‍ത്തുമെന്ന് മുഖ്യമന്ത്രിയുടെ ശാസന. വണ്ടിപ്പെരിയാര്‍ മിനിസ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തിലാണ് സംഭവം.
ജില്ലയിലെ ഭൂപ്രശ്നം ശാശ്വതമായി പരിഹരിച്ചു. ഭൂമി തരം മാറ്റുന്നതിന് പ്രത്യേക ഫീസ് ഈടാക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി, ലോകം അത്ഭുതത്തോടെ കേട്ടു. ഇത്തരം കാര്യങ്ങള്‍ മുഖ്യമന്ത്രി പ്രസംഗത്തില്‍ ഉന്നയിച്ചപ്പോളാണ് സദസ്സില്‍ നിറഞ്ഞുകൂടിയ കാണികള്‍ കൈയടിച്ച് ആര്‍പ്പ് വിളിച്ചത്. പ്രസംഗം നിര്‍ത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ എല്ലാവരും നിശബ്ദരായി. പിണറായിക്ക് കൈയടി ഇഷ്ടമായില്ലെന്ന മനസ്സിലാക്കിയാണ് സദസ്സ് ഇക്കാര്യം നിശബ്ദമായത്.
രണ്ട് ദിവസം മുമ്പ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കോന്നി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയായിരുന്നു സംഭവം പ്രസംഗത്തിനിടെ കേരളത്തിന്റെ അടിസ്ഥാന വികസനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ ആവശ്യം വളരെ കൂടുതലാണ്. അതിനിടെയാണ് സദസ്സില്‍ നിന്ന് ഒരാള്‍ സിഎമ്മേ ഒരു ചോദ്യം എന്ന് പറഞ്ഞത്. അത് വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം സംഭവം വിവാദമായപ്പോഴും മുഖ്യമന്ത്രി സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. ചോദ്യം ചോദിച്ചയാളോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ കാര്യത്തിലും പാലിക്കേണ്ട ചില മര്യാദകളുണ്ട്. ആ മര്യാദകള്‍ പാലിക്കാതിരുന്നാല്‍ പ്രതികരണം സ്വാഭാവികമായും അതിനനുസരിച്ചാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യങ്ങള്‍ ചോദിക്കേണ്ടത് പൊതുയോഗത്തില്‍ അല്ലെന്നും പത്രസമ്മേളനത്തിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
'പൊതുയോഗം എന്ന് പറഞ്ഞാല്‍ പത്രസമ്മേളനമല്ലല്ലോ. പത്രസമ്മേളനത്തിലാണ് ചോദ്യം ചോദിക്കേണ്ടത്. നിങ്ങള്‍ എല്ലാവരും നാളെ എന്റെ പൊതുയോഗത്തില്‍ വന്ന് ചോദ്യം ചോദിക്കുമോ? അങ്ങനെ ചോദിച്ചാല്‍ കിട്ടുന്ന മറുപടി അതുതന്നെയാകും. അത് സ്വാഭാവികമല്ലേ. പൊതുയോഗത്തിന് പൊതുയോഗത്തിന്റേതായ മര്യാദയില്ലേ? പൊതുയോഗത്തില്‍ സംസാരിക്കുന്നത് ഇഷ്ടമല്ലാത്തവര്‍ക്ക് കേള്‍ക്കാതെ പോകാം. ഇഷ്ടമുള്ളവര്‍ കേട്ടാല്‍ മതിയല്ലോ. അതല്ലെ അതിന്റെ രീതി. അത് കലക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലായിരുന്നു'- മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കോന്നിയില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുന്നതിനിടെയാണ് സദസിലിരുന്ന ഒരാള്‍ 'ഒരു ചോദ്യം' എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത്. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു ചോദ്യമെത്തിയത്. ചോദ്യം ചോദിച്ചയാള്‍ക്ക് അത് തെറ്റായി തോന്നിയിട്ടുണ്ടല്ലോ എന്നും അത് തെറ്റ് മനസിലായതുകൊണ്ടല്ലേ എന്നും മുഖ്യമന്ത്രി പറഞ്ഞു.
