എസ് ഡി പി ഐ ബന്ധം 'കനഗോലു ക്യാപ്‌സൂള്‍'; വോട്ട് ചോദിക്കുന്നത് പാകിസ്ഥാനോടല്ല; വര്‍ഗീയത തിരുത്തട്ടെയെന്ന് എം.എ. ബേബി; മങ്കടയില്‍ ആത്മവിശ്വാസത്തോടെ കുന്നത്തു മുഹമ്മദ്

Update: 2026-03-29 06:03 GMT

മലപ്പുറം: സിപിഎം-എസ്ഡിപിഐ ബന്ധം വെറും അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ഇത് പ്രതിപക്ഷത്തിന്റെ 'കനഗോലു ക്യാപ്സൂള്‍' ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.എ. ബേബി. ആദ്യം സിപിഎം-ബിജെപി ഡീല്‍ എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ തരാതരം പോലെ മാറ്റിപ്പറയുകയാണെന്നും അദ്ദേഹം പരിഹസിച്ചു. മങ്കടയില്‍ എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി കുന്നത്തു മുഹമ്മദും വോട്ട് രാഷ്ട്രീയത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

എസ്ഡിപിഐയോട് തങ്ങളുടെ വര്‍ഗീയ നിലപാട് തിരുത്താനാണ് പറയാനുള്ളതെന്ന് എം.എ. ബേബി വ്യക്തമാക്കി. വര്‍ഗീയ ശക്തികളോട് സിപിഎം ചര്‍ച്ച നടത്താറില്ല. എന്നാല്‍ വോട്ടെടുപ്പ് ദിവസം ഒരാളോട് പോളിങ് ബൂത്തില്‍ പോയി വോട്ട് ചെയ്യരുതെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല. എസ്ഡിപിഐ പിന്തുണയ്ക്കുന്നു എന്ന് പറയുന്നത് അവരുടെ അനുഭവത്തില്‍ നിന്നുള്ള പ്രതികരണമാകാം. അവരുടെ നിലപാടുകള്‍ അവര്‍ തന്നെ വ്യക്തമാക്കട്ടെ എന്നും ബേബി കൂട്ടിചേര്‍ത്തു.

സ്ത്രീകളെ ജനറല്‍ സീറ്റില്‍ മത്സരിപ്പിക്കരുതെന്ന ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവനയെ എം.എ. ബേബി തള്ളിക്കളഞ്ഞു. അത്തരം നിലപാടുകളോട് സിപിഎമ്മിന് യോജിപ്പില്ല. കേരള സമൂഹത്തില്‍ ഇനിയും സ്ത്രീ തുല്യതാ ബോധം വരേണ്ടതുണ്ട്. സിപിഎമ്മില്‍ നിന്ന് കൂടുതല്‍ സ്ത്രീകള്‍ സ്ഥാനാര്‍ത്ഥികളാകണമെന്നതാണ് പാര്‍ട്ടിയുടെ ആഗ്രഹം. പി.കെ. ശ്യാമള സ്ഥാനാര്‍ത്ഥിയായപ്പോള്‍ അവരെ വെറും 'നേതാവിന്റെ ഭാര്യ' എന്ന് വിളിച്ച് ആക്ഷേപിച്ചവര്‍ ഇപ്പോള്‍ സ്ത്രീനീതിയെക്കുറിച്ച് സംസാരിക്കുന്നത് വൈരുദ്ധ്യമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

മങ്കടയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കുന്നത്തു മുഹമ്മദ് തന്റെ നിലപാട് വിട്ടുവീഴ്ചയില്ലാതെ വ്യക്തമാക്കി. 'എല്ലാവരോടും വോട്ട് ചോദിച്ചിട്ടുണ്ട്. നല്ല വോട്ട്, ചീത്ത വോട്ട് എന്നൊന്നില്ല. എല്ലാ ജനാധിപത്യ വിശ്വാസികളുടെയും വോട്ട് എനിക്ക് വേണം. അല്ലാതെ പാകിസ്ഥാന്റെയോ അമേരിക്കയുടെയോ വോട്ട് പോയി സ്വീകരിക്കാന്‍ കഴിയില്ലല്ലോ,' എന്നായിരുന്നു എസ്ഡിപിഐ പിന്തുണയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.

മങ്കടയില്‍ ഇടതുപക്ഷം തന്നെ പിന്തുണച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും അണികള്‍ക്കിടയിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങള്‍ മാറിയെന്നാണ് കരുതുന്നതെന്നും കുന്നത്തു മുഹമ്മദ് പറഞ്ഞു. മുസ്ലിം ലീഗില്‍ നിന്ന് ഇത്തവണ വലിയ രീതിയിലുള്ള അടിയൊഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എല്‍ഡിഎഫ് അണികള്‍ക്കൊപ്പം ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News