'ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ, പ്രതിപക്ഷ നേതാവ് വരുമ്പോള്‍ ചോദിച്ചോളൂ'; കാസര്‍കോട് ഡീല്‍ ആരോപണം: സതീശനോട് ചോദിക്കാന്‍ രമേശ് ചെന്നിത്തല; ഇരുമണ്ഡലത്തിലും മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും മുതിര്‍ന്ന നേതാവ്
കാസര്‍കോട് ഡീല്‍ ആരോപണം: സതീശനോട് ചോദിക്കാന്‍ രമേശ് ചെന്നിത്തല
കാസര്‍കോട്: കാസര്‍കോടും മഞ്ചേശ്വരത്തും നടന്നുവെന്ന് ആരോപിക്കപ്പെടുന്ന രാഷ്ട്രീയ 'ഡീല്‍' സംബന്ധിച്ച് തനിക്ക് വിവരങ്ങളൊന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഈ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് തന്നെ വിഷയത്തില്‍ വ്യക്തത തേടാനാണ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി, താന്‍ അങ്ങനെയൊരു 'ഡീലി'നെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും, ഈ വിഷയത്തില്‍ സതീശനോട് തന്നെ ചോദിക്കണമെന്നും ചെന്നിത്തല ആവര്‍ത്തിച്ചു. കാസര്‍കോടും മഞ്ചേശ്വരത്തും യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോഴും 'ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ, പ്രതിപക്ഷ നേതാവ് വരുമ്പോള്‍ ചോദിച്ചോളൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സി.പി.എം-ബി.ജെ.പി 'ഡീല്‍' ആരോപണം നേരത്തെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനെതിരെ യു.ഡി.എഫ് പ്രധാന പ്രചാരണ വിഷയമാക്കിയിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെ, കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചാണെന്നും യു.ഡി.എഫിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും 'ഡീല്‍' ആരോപണം ഉന്നയിച്ചത്. ആദ്യഘട്ടത്തില്‍ പാലക്കാട് മണ്ഡലത്തിലാണ് ഡീല്‍ നടന്നതെന്നായിരുന്നു സതീശന്റെ ആരോപണം.