ഇവിടെ ഒരു ഡീലിങ്ങും ഇല്ല; ശിവൻകുട്ടി ജയിക്കാൻ വേണ്ടി തന്ത്രങ്ങൾ ഇറക്കുന്നുണ്ട്; ഓരോ വിവാദങ്ങൾ സൃഷ്ടിക്കാൻ 'നുണ' പറയുന്നു; രണ്ടുംകല്പിച്ച് വെല്ലുവിളിയുമായി രാജീവ് ചന്ദ്രശേഖര്‍

Update: 2026-03-27 07:34 GMT

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ തന്ത്രങ്ങൾ മെനയുകയാണെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട് വി. ശിവൻകുട്ടിയുമായി തുറന്ന സംവാദത്തിന് താൻ തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം അംഗമായ 'രാജീവ്' എന്ന വ്യക്തിയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ചിത്രീകരിച്ച് വിവാദമുണ്ടാക്കാൻ ശിവൻകുട്ടി നുണപ്രചാരണം നടത്തുകയാണെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. തൊഴിൽ വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഭാഗമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസാണ് ലജ്ജയില്ലാത്ത പാർട്ടിയെന്ന് കരുതിയതെന്നും, എന്നാൽ സിപിഎമ്മും വി. ശിവൻകുട്ടിയും അതിന് വെല്ലുവിളിയാവുകയാണെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. സംസ്ഥാനത്ത് യാതൊരു 'ഡീലും' ഇല്ലെന്നും, വികസനം പറയാനില്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള നുണകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ധനവിലവർധനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ തീരുമാനം ജനങ്ങൾക്ക് ഗുണകരമാണെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തി. സംസ്ഥാന സർക്കാർ വാറ്റ് നികുതി കുറയ്ക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. 

Tags:    

Similar News