'മുഖ്യമന്ത്രി ആരാണെന്ന് യുഡിഎഫിന് പോലും അറിയില്ല'; എൽഡിഎഫിന്റെ തുടർ ഭരണത്തിനായി കാത്തിരിപ്പ്; പിണറായി സർക്കാരിനെ പുകഴ്ത്തി സോഹൻ സീനുലാൽ; ബിജെപിയെ കേരളം അംഗീകരിക്കില്ലെന്നും താരം
കൊച്ചി: കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തുടർച്ചയ്ക്കായി ജനങ്ങൾ കാത്തിരിക്കുകയാണെന്ന് സംവിധായകനും നടനുമായ സോഹൻ സീനുലാൽ. ജനങ്ങൾക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്ത സർക്കാർ തുടരണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നതെന്നും തമ്മിലടിക്കുന്നവർ അധികാരത്തിൽ വന്നാൽ ജനങ്ങൾ ബുദ്ധിമുട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരായിരിക്കും മുഖ്യമന്ത്രി എന്ന ചോദ്യത്തിന്, അത് അവർക്ക് തന്നെ അറിയില്ലെന്നായിരുന്നു സോഹന്റെ പരിഹാസം. "ഭരണത്തുടർച്ച സ്വാഭാവികമാണ്. പിണറായി സർക്കാർ തുടങ്ങിവെച്ച ഒട്ടേറെ കാര്യങ്ങൾ പൂർത്തിയാക്കാൻ അത് ആവശ്യമാണ്. എന്നാൽ തമ്മിലടിക്കുന്ന ഒരു കൂട്ടർ വന്നാലുണ്ടാകുന്ന പ്രത്യാഘാതം നമുക്കറിയാം. യുഡിഎഫിന് അവരുടെ മുഖ്യമന്ത്രി ആരാണെന്ന് പോലും നിശ്ചയമില്ല, പിന്നെ ഞാനെങ്ങനെ പറയാനാണ്"- സോഹൻ ചോദിച്ചു.
കേരളത്തിന്റേത് മതനിരപേക്ഷ മനസ്സാണെന്നും അതിനാൽ വർഗീയതയോ ഫാസിസമോ ഉയർത്തിപ്പിടിക്കുന്നവരെ ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് കേരളത്തിൽ ഭരണസാധ്യതയുണ്ടോ എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹിന്ദുത്വമെന്നോ വർഗീയതയെന്നോ പറഞ്ഞ് വരുന്നത് ഏത് മതക്കാരായാലും കേരളത്തിലെ പൊതുമനസ്സ് അവരെ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറുകയാണ്. ആകെ 890 സ്ഥാനാർഥികളാണ് ഇക്കുറി ജനവിധി തേടുന്നത്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത് കൊടുവള്ളി മണ്ഡലത്തിലാണ്; 13 പേർ. പേരാവൂർ, മഞ്ചേശ്വരം, തിരുവനന്തപുരം മണ്ഡലങ്ങളിൽ 11 സ്ഥാനാർഥികൾ വീതം മത്സരരംഗത്തുണ്ട്.