സതീശന്‍ അന്ന് കൊളുത്തിയത് ഏത് 'ഡീലിന്റെ' വിളക്ക്? ഗോള്‍വാള്‍ക്കറെ വണങ്ങിയത് വോട്ട് പിടിക്കാനോ? 2006-ലെ പറവൂര്‍ 'ജന്മശതാബ്ദി ആഘോഷ ചടങ്ങ്' കുത്തിപ്പൊക്കി പിണറായി; പ്രതിപക്ഷ നേതാവിനെതിരെ ആര്‍എസ്എസ് ബന്ധം ആയുധമാക്കി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്! ഡീല്‍ ആരോപണത്തില്‍ പയറ്റുന്നത് മറുതന്ത്രം

സതീശന്‍ അന്ന് കൊളുത്തിയത് ഏത് 'ഡീലിന്റെ' വിളക്ക്?

Update: 2026-03-26 10:16 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കത്തി നില്‍ക്കുന്ന ഡീല്‍ ആരോപണത്തില്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2006-ല്‍ പറവൂരില്‍ നടന്ന ആര്‍എസ്എസ് ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷച്ചടങ്ങില്‍ വിളക്ക് കൊളുത്തിയതിനെക്കുറിച്ചാണ് മുഖ്യമന്ത്രിയുടെ ചോദ്യം. ഇത് 'ഏത് ഡീലായിരുന്നെന്ന്' വ്യക്തമാക്കാന്‍ സതീശന്‍ തയ്യാറാകണമെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ആര്‍എസ്എസിന്റെ രണ്ടാം സര്‍സംഘചാലകും ഏറ്റവും കൂടുതല്‍ കാലം ആ പദവിയിലിരുന്ന വ്യക്തിയുമായ എം.എസ്. ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദി ആഘോഷം നടന്നത് 2006 ഫെബ്രുവരിയില്‍ പറവൂര്‍ മനക്കപ്പടി സ്‌കൂളിലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഈ പരിപാടി. അന്നത്തെ ചടങ്ങില്‍ ഉദ്ഘാടകനായി പങ്കെടുത്ത വി.ഡി. സതീശന്‍ ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ താണുവണങ്ങി വിളക്ക് കൊളുത്തിയതിനെക്കുറിച്ചാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്.

2001-ലെയും 2006-ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വി.ഡി. സതീശന്‍ ആര്‍എസ്എസ് പിന്തുണ അഭ്യര്‍ത്ഥിച്ചുവെന്ന് 2022-ല്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി, ആര്‍എസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോള്‍വാള്‍ക്കര്‍ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി തന്റെ കുറിപ്പില്‍ വ്യക്തമാക്കി. ഈ വിഷയത്തിലും സതീശന്‍ ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

2006-ലെ ഈ പരിപാടിയെക്കുറിച്ച് ചോദിക്കുമ്പോള്‍, 2013-ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞ് പ്രതിപക്ഷ നേതാവ് സ്ഥിരമായി രക്ഷപ്പെടുകയാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. മതനിരപേക്ഷ കേരളത്തിലെ ജനങ്ങള്‍ക്ക് ഈ വിഷയത്തില്‍ വി.ഡി. സതീശന്റെ മറുപടി അറിയാന്‍ അവകാശമുണ്ടെന്നും 2006-ലെ പറവൂരിലെ 'ഡീല്‍' എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പിണറായി വിജയന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

2006ല്‍ പറവൂരില്‍ ആര്‍എസ്എസ് നടത്തിയ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷ ചടങ്ങില്‍ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്കു മുന്നില്‍ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീല്‍ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കണം. ഈ പരിപാടിയെ പറ്റി ചോദിക്കുമ്പോള്‍ 2013-ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞുകൊണ്ട് സ്ഥിരമായി രക്ഷപ്പെടുകയാണ് അദ്ദേഹം. 2006-ലെ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത വിഷയത്തില്‍ വിഡി സതീശന്റെ മറുപടി എന്താണെന്നറിയാന്‍ മതനിരപേക്ഷ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

ആര്‍എസ്എസിന്റെ രണ്ടാം സര്‍ സംഘചാലകും ആ പദവിയില്‍ ഏറ്റവും കൂടുതല്‍ കാലം ഇരുന്നയാളുമായ ഗോള്‍വാള്‍ക്കറെ പൂവിട്ടു പൂജിക്കാന്‍ വിഡി സതീശന്‍ കണ്ടെത്തിയ സമയവും പ്രധാനമാണ്. 2006 ഫെബ്രുവരിയിലായിരുന്നു പറവൂര്‍ മനക്കപ്പടി സ്‌കൂളില്‍ പ്രസ്തുത പരിപാടി നടന്നത്. അതായത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ്.

2001-ലെയും 2006-ലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഡി സതീശന്‍ ആര്‍എസ്എസ് പിന്തുണ അഭ്യര്‍ത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷന്‍ വെളിപ്പെടുത്തിയത് 2022-ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ആര്‍എസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോള്‍വാള്‍ക്കര്‍ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ല. 2006-ല്‍ പറവൂരിലെ ഡീല്‍ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം.

Full View


Tags:    

Similar News