പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഏറ്റുമാനൂരിലെ ഈ സ്ഥാനാർത്ഥിക്ക് വെറും 26 വയസ്സ് മാത്രം പ്രായം; പക്ഷെ പത്രിക സമർപ്പിച്ചതിന് പിന്നാലെ വൻ ട്വിസ്റ്റ്; യുവതിയുടെ 'ആസ്തി' വിവരം അറിഞ്ഞവർക്ക് അമ്പരപ്പ്; ജനങ്ങൾക്കിടിയിൽ വ്യത്യസ്തയായി യുവപോരാളി ആഷ്‌ന
ഏറ്റുമാനൂർ: കോടീശ്വരന്മാരായ സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, വെറും 84 രൂപ മാത്രം ആസ്തിയുമായി മത്സരരംഗത്തിറങ്ങി വിസ്മയമാവുകയാണ് ഏറ്റുമാനൂരിലെ എസ്.യു.സി.ഐ (SUCI) സ്ഥാനാർത്ഥി ആഷ്ന തമ്പി. കേരളത്തിലെ ഏറ്റവും ആസ്തി കുറഞ്ഞ സ്ഥാനാർത്ഥിയായ ഈ 26-കാരിക്ക് സ്വന്തമായി വീടോ, വസ്തുവോ, വാഹനമോ, മറ്റ് വരുമാനമാർഗങ്ങളോ ഒന്നുമില്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ കൈവശം 40 രൂപയും ബാങ്ക് അക്കൗണ്ടിൽ 44 രൂപയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
പ്രചാരണത്തിനുള്ള പണം കണ്ടെത്താൻ കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് പൊതുജനങ്ങളിൽ നിന്ന് പിരിവെടുത്താണ് ആഷ്ന തന്റെ രാഷ്ട്രീയ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. പത്രികയുടെ സൂക്ഷ്മപരിശോധനാ ദിവസം 19 രൂപയ്ക്ക് ഫോൺ റീചാർജ് ചെയ്തതോടെ അക്കൗണ്ട് ബാലൻസ് 25 രൂപയായി ചുരുങ്ങിയെങ്കിലും, ജനങ്ങളെ സേവിക്കാൻ പണമല്ല മറിച്ച് ആർജ്ജവമുള്ള മനസ്സാണ് വേണ്ടതെന്ന ഉറച്ച ബോധ്യത്തിലാണ് ഈ യുവപോരാളി.
സമരമുഖങ്ങളിലെ സജീവ സാന്നിധ്യമായ ആഷ്ന, മുൻപ് ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്വന്തം മുടി മുറിച്ചത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ എ.ഐ.ഡി.എസ്.ഒ പ്രതിനിധിയായി മത്സരിച്ച അനുഭവസമ്പത്തുള്ള ഇവർ ജേണലിസത്തിൽ പി.ജി ഡിപ്ലോമ ബിരുദധാരി കൂടിയാണ്.
നിലവിൽ പാർട്ടിയുടെ മീഡിയ കോഓർഡിനേറ്റർ, ജില്ലാ കമ്മിറ്റി അംഗം, എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടേറിയേറ്റംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ആഷ്ന, സാധാരണക്കാരുടെ ശബ്ദമായി നിയമസഭയിൽ എത്താമെന്ന ആത്മവിശ്വാസത്തിലാണ്. ആഡംബര പ്രചാരണങ്ങളില്ലാതെ, ജനങ്ങൾ നൽകുന്ന ചെറിയ സംഭാവനകൾ സ്വീകരിച്ച് വോട്ട് അഭ്യർത്ഥിക്കുന്ന ആഷ്നയുടെ വേറിട്ട ശൈലി രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.