'പിണറായിയെ മടുക്കാൻ ഇതെന്താ അസംതൃപ്തി നിറഞ്ഞ ഗാർഹിക ബന്ധമാണോ?'; മുടിയും നഖവും ബോഡി വേസ്റ്റാണെന്ന് പറയാൻ അദ്ദേഹത്തിനെ സാധിക്കൂ; ഇടതുപക്ഷം വീണ്ടും വരണമെന്നും ബി. ഉണ്ണികൃഷ്ണൻ

Update: 2026-03-26 10:13 GMT

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹികാന്തരീക്ഷം നിലനിൽക്കണമെങ്കിൽ ഇടതുപക്ഷം ഇവിടെ തുടർഭരണത്തിൽ വരണമെന്ന് താൻ ശക്തമായി വിശ്വസിക്കുന്നതായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള തന്റെ ഇഷ്ടത്തിന് മാറ്റമില്ലെന്നും മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഏറ്റവും കുറച്ച് പരിഗണന ലഭിച്ചിട്ടുള്ള നേതാവാണ് അദ്ദേഹമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഭരണത്തിൽ പത്തു വർഷം പൂർത്തിയാക്കുമ്പോഴും പിണറായി വിജയനോടുള്ള മതിപ്പ് കുറയാത്തതിനെക്കുറിച്ച് ഉണ്ണികൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ: "പത്തു വർഷം കഴിഞ്ഞിട്ടും മടുപ്പ് തോന്നാൻ ഇതെന്താ അസംതൃപ്തി നിറഞ്ഞ ഗാർഹിക ബന്ധമാണോ? ഇതൊരു രാഷ്ട്രീയ വ്യവഹാരമല്ലേ. വ്യക്തിപരമായ താല്പര്യത്തിനപ്പുറം പിണറായിയുടെ നിലപാടുകളാണ് എന്നെ ആകർഷിക്കുന്നത്. മുടിയും നഖവും ബോഡി വേസ്റ്റാണെന്ന് കേരളത്തിൽ തുറന്നുപറയാൻ അദ്ദേഹം കാണിച്ച ആർജ്ജവം മറ്റാരിലും കണ്ടിട്ടില്ല."

അദ്ദേഹം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയെയും ഉണ്ണികൃഷ്ണൻ പ്രശംസിച്ചു. "അദ്ദേഹം നമ്മൾ പറയുന്നത് ശ്രദ്ധയോടെ കേൾക്കും, കുറിപ്പുകളെടുക്കും. നടക്കുന്ന കാര്യം നടക്കുമെന്നും പറ്റാത്തത് പറ്റില്ലെന്നും മുഖത്തുനോക്കി പറയും. പല രാഷ്ട്രീയക്കാർക്കും ഇല്ലാത്ത ഗുണമാണിത്. ലഭ്യമായതിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നതാണല്ലോ ഐഡിയോളജി. എന്നെ സംബന്ധിച്ചിടത്തോളം അത് എപ്പോഴും ഇടതും സെക്യുലറുമായ രാഷ്ട്രീയമാണ്."– അദ്ദേഹം കൂട്ടിച്ചേർത്തു.

ഉമ്മൻ ചാണ്ടിക്കെതിരെയുണ്ടായ ആരോപണങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി എതിർത്തിട്ടുണ്ടെങ്കിലും അദ്ദേഹം ഇത്തരമൊരു അനീതിക്ക് പാത്രമാകേണ്ട ആളാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. രാഷ്ട്രീയ അജണ്ടകൾ നിശ്ചയിക്കുന്നതിൽ സൈബർ ഇടങ്ങൾക്കുള്ള സ്വാധീനത്തെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

"ഇന്ത്യയിലെ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകൾ നടന്നത് സൈബർ സ്പേസിലാണ്. അവിടെ ബോധപൂർവമായ ചില നിർമിതികൾ നടക്കുന്നുണ്ട്. പ്രതീതിയും പ്രതിച്ഛായയുമാണ് ഇന്ന് കാര്യങ്ങൾ തീരുമാനിക്കുന്നത്."

നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന 'പ്രതിച്ഛായ' എന്ന സിനിമയുടെ പശ്ചാത്തലവും ഇത്തരം രാഷ്ട്രീയ ചർച്ചകളാണെന്ന് സംവിധായകൻ വ്യക്തമാക്കി. നിവിൻ പോളി, ബാലചന്ദ്ര മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Tags:    

Similar News