'കോട്ടിട്ട നേതാവും 'മുണ്ടണിഞ്ഞ നേതാവും' ഒരുപോലെ കള്ളം പറയുന്നു; സംസ്ഥാനത്ത് സിപിഎം ബിജെപി 'ഒത്തുകളി'; തൊഴില്‍ വാഗ്ദാനങ്ങള്‍ നുണ; ബിജെപി അന്യഗ്രഹജീവികളെപ്പോലെ: മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുഡിഎഫ് റാലിയില്‍

'കോട്ടിട്ട നേതാവും 'മുണ്ടണിഞ്ഞ നേതാവും' ഒരുപോലെ കള്ളം പറയുന്നു

Update: 2026-03-25 17:40 GMT

കോഴിക്കോട്: കേരളത്തില്‍ ഭരണകക്ഷിയായ സിപിഎമ്മും ബിജെപിയും തമ്മില്‍ ഒത്തുകളി നടക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. ഇരുപാര്‍ട്ടികളും ജനങ്ങള്‍ക്ക് നല്‍കിയ തൊഴില്‍ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടെ നുണകളാണെന്നും കേരളത്തില്‍ ബിജെപി അന്യഗ്രഹജീവികളെപ്പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. കോഴിക്കോട് യുഡിഎഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.

സിപിഎം-ബിജെപി കൂട്ടുകെട്ടിനെ 'സിജെപി' എന്ന് വിശേഷിപ്പിച്ച ഖാര്‍ഗെ, കരുത്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്താതെയും വോട്ടുകള്‍ പരസ്പരം പങ്കിട്ടും ഇരുപാര്‍ട്ടികളും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചു. ഈ മലയാളക്കരയെക്കുറിച്ച് ബിജെപിക്ക് ഒരു എത്തുംപിടിയും കിട്ടുന്നില്ലെന്നും അതുകൊണ്ട് അവര്‍ ഇവിടെ അന്യഗ്രഹജീവികളെപ്പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴില്‍ വാഗ്ദാനങ്ങളെക്കുറിച്ച് സംസാരിച്ച ഖാര്‍ഗെ, വര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന 'കോട്ടിട്ട നേതാവും' 46 ലക്ഷം തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന 'മുണ്ടണിഞ്ഞ നേതാവും' ഒരുപോലെ കള്ളം പറയുകയാണെന്ന് വിമര്‍ശിച്ചു. യഥാര്‍ത്ഥത്തില്‍ എവിടെയാണ് ഈ ജോലികളെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഖാര്‍ഗെ ഉന്നയിച്ചത്. ദൈവത്തെപ്പോലും വെറുതെ വിടാത്തവരാണ് കേരളത്തിലെ ഭരണകൂടമെന്നും ചായക്കടകളെക്കാള്‍ കൂടുതല്‍ ബാറുകളും വൈന്‍ പാര്‍ലറുകളും സംസ്ഥാനത്ത് തുറന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ താല്‍പര്യത്തിനപ്പുറം ബിജെപിയുടെ താല്‍പര്യങ്ങള്‍ക്കൊപ്പമാണ് സിപിഎം നില്‍ക്കുന്നതെന്നും സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെട്ട ഉന്നതരെ രക്ഷപ്പെടുത്തുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും ഖാര്‍ഗെ ആരോപിച്ചു.

ഈ തിരഞ്ഞെടുപ്പില്‍ വര്‍ഗീയതയ്‌ക്കെതിരെ വോട്ട് ചെയ്യാനും അതിനെ പുല്‍ക്കുന്നവരെ തോല്‍പ്പിക്കാനും വോട്ടര്‍മാരോട് ആഹ്വാനം ചെയ്ത ഖാര്‍ഗെ, കേരളം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അതിനായി എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും ഊന്നിപ്പറഞ്ഞു.

Tags:    

Similar News