അധിക്ഷേപ പരാമര്‍ശം: ലീഗ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഇര്‍ഷാദിനെ നീക്കം ചെയ്തത് സന്തോഷകരം; അത്തരത്തിലുള്ള പ്രവണതകളെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും വെച്ചുപൊറുപ്പിക്കാന്‍ പാടില്ല; നടപടി എടുത്തിട്ടുണ്ടെങ്കില്‍ അത് നല്ല കാര്യം: യു പ്രതിഭ

അധിക്ഷേപ പരാമര്‍ശം: ലീഗ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഇര്‍ഷാദിനെ നീക്കം ചെയ്തത് സന്തോഷകരം

Update: 2026-03-26 06:30 GMT

കായംകുളം: തന്നെ അധിക്ഷേപിച്ച യു.ഡി.എഫ് മണ്ഡലം ചെയര്‍മാനും മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റുമായ എ. ഇര്‍ഷാദിനെ സസ്‌പെന്‍ഡ് ചെയ്ത മുസ്‌ലിം ലീഗ് നടപടി സന്തോഷകരവും നല്ല കാര്യവുമാണെന്ന് കായംകുളത്തെ ഇടതുസ്ഥാനാര്‍ഥി യു. പ്രതിഭ. യു.ഡി.എഫ് സ്ഥാനാര്‍ഥി എം. ലിജുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് പ്രതിഭക്കെതിരെ ഇര്‍ഷാദ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതില്‍ അതിവേഗം ലീഗ് നടപടി കൈക്കൊള്ളുകയായിരുന്നു. ഇതിലാണ് പ്രതികരണം നടത്തിയത്.

'തെരഞ്ഞെടുപ്പ് ചുമതലകളില്‍നിന്നും ലീഗ് പ്രാഥമിക അംഗത്വത്തില്‍നിന്ന് ഇര്‍ഷാദിനെ നീക്കം ചെയ്തത് സന്തോഷകരമാണ്. അത്തരത്തിലുള്ള പ്രവണതകളെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും വെച്ചുപൊറുപ്പിക്കാന്‍ പാടില്ല. അത്തരം ഒരു നടപടി എടുത്തിട്ടുണ്ടെങ്കില്‍ അത് നല്ല കാര്യം' -പ്രതിഭ പറഞ്ഞു.

അതേസമയം, മുമ്പ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ താന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ പ്രതിഭ ന്യായീകരിച്ചു. തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് വളച്ചൊടിച്ചതാണെന്ന് അവര്‍പറഞ്ഞു. ഞാന്‍ അത്തരത്തില്‍ അനാവശ്യ പരാമര്‍ശം നടത്തിയിട്ടില്ലെന്നും ആ വിഡിയോ മൊത്തം കണ്ടാല്‍ എല്ലാവര്‍ക്കും ബോധ്യമാകുമെന്നും അവര്‍ പറഞ്ഞു.

'തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പരാതിയുമായി പാര്‍ട്ടിയാണ് മുന്നോട്ടുപോവുക. സ്ഥാനാര്‍ഥി എന്ന നിലയില്‍ തിരക്കുള്ളതിനാല്‍ അതിന്റെ പിന്നാലെ നടക്കാന്‍ പ്രയാസമുണ്ട്. മണ്ഡലം കമ്മിറ്റിയാണ് തെര?ഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ പരാതി കൈകാര്യം ചെയ്യുന്നത്. മഹിളാ അസോസിയേഷന്‍ നേതാവ് പൊലീസില്‍ പരാതി നല്‍കും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പിന്തുണ അറിയിച്ച് വിളിച്ചിരുന്നു. കാര്യങ്ങള്‍ ധൈര്യസമേതം പറഞ്ഞ് വോട്ടുചോദിക്കുന്ന ആളാണ് ഞാന്‍. എതിര്‍സ്ഥാനാര്‍ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒന്നും ഞാന്‍ പറയാറില്ല. ആശയങ്ങളെ എതിര്‍ക്കാറുണ്ട്. ഒരാളുടെയും രൂപമല്ല, കാര്യക്ഷമതയാണ് ചര്‍ച്ച ചെയ്യേണ്ടത്' -പ്രതിഭ പറഞ്ഞു.

കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം. ലിജുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അധ്യക്ഷപ്രസംഗത്തിനിടെയാണ് ഇടത് സ്ഥാനാര്‍ഥി യു. പ്രതിഭക്കെതിരെ ഇര്‍ഷാദ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതിനുപിന്നാലെ ഇര്‍ഷാദിനെ അന്വേഷണ വിധേയമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസ് വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

''ജനപ്രതിനിധിയെന്ന നിലയില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന യാഥാര്‍ഥ്യം മുന്നില്‍ നില്‍ക്കെയാണ് വാക്ചാതുര്യംകൊണ്ടും ശരീര അഴക് കൊണ്ടും അതൊക്കെ തന്നെ വില്‍പ്പനക്ക് വെച്ച് വീണ്ടും അവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്'' എന്നായിരുന്നു വിവാദ പരാമര്‍ശം. എം.എല്‍.എയുടെ കുടുംബ വിഷയങ്ങളും മകനുമായി ബന്ധപ്പെട്ട കേസും പ്രസംഗത്തിലുണ്ടായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിവാദമായത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പിയായിരുന്നു കണ്‍വെന്‍ഷന്‍ ഉദ്ഘാടകന്‍.

അതേസമയം, യു. പ്രതിഭക്കെതിരെ രാഷ്ട്രീയ വിമര്‍ശനമാണ് താന്‍ നടത്തിയതെന്നും എന്നാല്‍, ചില പ്രയോഗങ്ങള്‍ വ്യക്തിപരമായ തരത്തില്‍ സംഭവിച്ചതില്‍ ഖേദിക്കുന്നുവെന്നും ഇര്‍ഷാദ് പറഞ്ഞു. എം.എല്‍.എയെന്ന നിലയില്‍ കഴിഞ്ഞ 10 വര്‍ഷത്തെ സ്ഥാനാര്‍ഥിയുടെ പ്രവര്‍ത്തനങ്ങളെയും തെറ്റായ നയങ്ങളെയും സംബന്ധിച്ച വിമര്‍ശനമാണ് പ്രസംഗത്തിലൂടെ ലക്ഷ്യമിട്ടത്. ഇതിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ചിലര്‍ വിവാദമുണ്ടാക്കുകയായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ട് കാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ ആരെയും വ്യക്തിഹത്യ നടത്തുകയോ, മാനസിക പ്രയാസമുണ്ടാക്കുംവിധം പെരുമാറുകയോ ചെയ്തിട്ടില്ല. തന്റെ പ്രസംഗത്തില്‍ ആര്‍ക്കെങ്കിലും മാനസിക ബുദ്ധിമുട്ടുണ്ടായെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും ഇര്‍ഷാദ് പറഞ്ഞു.

ഖേദപ്രകടനം അംഗീകരിക്കാന്‍ കഴിയില്ലെന്നും തന്നെയും കുടുംബത്തെയും ബോധപൂര്‍വം അവഹേളിക്കുകയായിരുന്നുവെന്നുമാണ് പ്രതിഭ പ്രതികരിച്ചത്. സ്ത്രീകളോടുള്ള യു.ഡി.എഫ് നേതാവിന്റെ സമീപനമാണ് ഇതിലൂടെ വെളിച്ചത്തുവന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ. കെ.എച്ച്. ബാബുജാന്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും ബാബുജാന്‍ പറഞ്ഞു.

Tags:    

Similar News