പോസ്റ്റര്‍ വരെ അടിച്ചിറക്കിയപ്പോള്‍, ദാ ഫുട്‌ബോളില്ല; കെ.കെ.രമയ്ക്ക് പകരം ചിഹ്നം ടിവി; വടകരയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന് ആര്‍എംപി; പോസ്റ്ററുകള്‍ മാറ്റാന്‍ ഓട്ടപ്പാച്ചില്‍; നിയമപോരാട്ടം തുടരും

കെ.കെ.രമയ്ക്ക് ചിഹ്നം ടിവി

Update: 2026-03-26 15:26 GMT

വടകര: വടകര  മണ്ഡലത്തില്‍ യു.ഡി.എഫ്. പിന്തുണയോടെ മത്സരിക്കുന്ന ആര്‍.എം.പി.ഐ. സ്ഥാനാര്‍ഥി കെ.കെ. രമയ്ക്ക് ഫുട്ബോള്‍ ചിഹ്നം നിഷേധിച്ചു. ഗോവയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമാണ് ഫുട്ബോള്‍ എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് ചൂണ്ടിക്കാട്ടിയാണ് വരണാധികാരിയുടെ നടപടി. ഈ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്ന് ആരോപിച്ച് ആര്‍.എം.പി.ഐ. നിയമനടപടിക്ക് ഒരുങ്ങുകയാണ്. താത്കാലികമായി ടെലിവിഷന്‍ ചിഹ്നത്തിലാണ് കെ.കെ. രമ മത്സരിക്കുക.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം ആര്‍.എം.പി.ഐ. സ്ഥാനാര്‍ഥികള്‍ സ്ഥിരമായി മത്സരിച്ചിരുന്നത് ഫുട്ബോള്‍ ചിഹ്നത്തിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിലും ഇതേ ചിഹ്നം ഉപയോഗിച്ചിരുന്നു. 2024-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചാര്‍ട്ടില്‍ ആര്‍.എം.പി.ഐ.യുടെ ചിഹ്നമായി ഫുട്ബോള്‍ രേഖപ്പെടുത്തിയിരുന്നതായും പാര്‍ട്ടി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ചിഹ്നം നിഷേധിച്ചത് സംബന്ധിച്ച അറിയിപ്പ് ബുധനാഴ്ച വൈകുന്നേരമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും അവര്‍ പറഞ്ഞു.

വര്‍ഷങ്ങളായി തങ്ങള്‍ക്ക് അനുവദിച്ചിരുന്ന ചിഹ്നം ഏകപക്ഷീയമായി റദ്ദാക്കിയെന്നും, തങ്ങളെ കേള്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടായിരുന്നെന്നും ആര്‍.എം.പി.ഐ. നേതാക്കള്‍ ആരോപിച്ചു. ജനാധിപത്യവിരുദ്ധമായ ഈ നടപടിക്ക് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടോ എന്ന് സംശയിക്കുന്നതായും അവര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫുട്ബോള്‍ ചിഹ്നത്തിലുള്ള പോസ്റ്ററുകള്‍ അടിക്കുകയും പലയിടങ്ങളിലും സ്ഥാപിക്കുകയും ചെയ്ത ശേഷമാണ് ഈ നടപടിയുണ്ടായതെന്നും ആര്‍.എം.പി.ഐ. പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി താത്കാലികമായി അംഗീകരിച്ച്, ടെലിവിഷന്‍ ചിഹ്നത്തില്‍ മത്സരത്തില്‍ ഉറച്ചുനിന്ന് മുന്നോട്ട് പോകാനാണ് യു.ഡി.എഫ്.-ആര്‍.എം.പി.ഐ. സഖ്യം തീരുമാനിച്ചിരിക്കുന്നത്. എന്നിരുന്നാലും, ചിഹ്നം നിഷേധിച്ചതിനെതിരെ നിയമപരമായ പോരാട്ടം തുടരുമെന്ന് ആര്‍.എം.പി.ഐ. നേതൃത്വം അറിയിച്ചു. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News