2021ലെ തോല്‍വിക്ക് പകരം വീട്ടാന്‍ പിസി; പൂഞ്ഞാറിലെ വോട്ടുകണക്കുകള്‍ കൂട്ടിയും കിഴിച്ചും നോക്കിയപ്പോള്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ബിജെപി സ്ഥാനാര്‍ഥിയുടെ അവകാശവാദം; എല്‍ഡിഎഫിന് ഭരണം നിലനിര്‍ത്തണം, യുഡിഎഫിന് മാനം കാക്കണം; തദ്ദേശത്തിലെ ലീഡ് ഉയര്‍ത്തിക്കാട്ടി മുന്നണികള്‍

2021ലെ തോല്‍വിക്ക് പകരം വീട്ടാന്‍ പിസി

Update: 2026-03-27 07:25 GMT

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി പി.സി. ജോര്‍ജ് അവകാശപ്പെട്ടു. മണ്ഡലം നിലനിര്‍ത്താന്‍ ഭരണകക്ഷിയായ എല്‍.ഡി.എഫ് ശ്രമിക്കുമ്പോള്‍, കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പോയ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.

ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം പി.സി. ജോര്‍ജ് നേരിടുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. 2021-ലെ തിരഞ്ഞെടുപ്പില്‍ 41,851 വോട്ടുകള്‍ നേടി രണ്ടാമതെത്തിയ അദ്ദേഹം ഇത്തവണ മികച്ച വിജയം നേടുമെന്നാണ് പ്രവചിക്കുന്നത്. 2021-ല്‍ ബി.ഡി.ജെ.എസിന് 2965 വോട്ടുകള്‍ ലഭിച്ചിരുന്നത് ഇത്തവണ പി.സി. ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ബി.ജെ.പിക്ക് അനുകൂലമാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു. സമീപകാല തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം ബി.ജെ.പി പിടിച്ചെടുക്കുകയും, മണ്ഡലത്തില്‍ ബി.ജെ.പിക്ക് 24 പഞ്ചായത്ത് അംഗങ്ങളുണ്ടെന്നതും അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന് പിന്നിലുണ്ട്.

നിലവിലെ സിറ്റിങ് എം.എല്‍.എയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 16,817 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. വികസനനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് എല്‍.ഡി.എഫ് മണ്ഡലം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തിരിച്ചടിയുണ്ടായെങ്കിലും, തന്റെ വോട്ടുകള്‍ കുറയില്ലെന്നും പി.സി. ജോര്‍ജ് വലിയ നേട്ടമുണ്ടാക്കില്ലെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വ്യക്തമാക്കി.

യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ജെ. സെബാസ്റ്റ്യനാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും, മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഭൂരിപക്ഷം പഞ്ചായത്തുകളും യു.ഡി.എഫ് ആണ് ഭരിക്കുന്നതെന്നും, തദ്ദേശതിരഞ്ഞെടുപ്പില്‍ 4321 വോട്ടിന്റെ ലീഡ് തങ്ങള്‍ക്ക് ലഭിച്ചുവെന്നും യു.ഡി.എഫ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News