ഇടതുപക്ഷവും സംഘപരിവാറും ഒരേ തൂവല്‍ പക്ഷികള്‍; പ്രവൃത്തിയില്‍ മതേതരത്വവും മനുഷ്യത്വവും സൂക്ഷിക്കുന്നത് മുസ്ലീം ലീഗ്; ലീഗില്‍ ചേര്‍ന്ന് സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍

ഞരളത്ത് ഹരിഗോവിന്ദന്‍ ലീഗില്‍ ചേര്‍ന്നു

Update: 2026-03-27 06:31 GMT

മലപ്പുറം: പ്രമുഖ സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗില്‍ (ഐ.യു.എം.എല്‍) ചേര്‍ന്നു. മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. വാക്കുകളിലല്ല, പ്രവൃത്തിയില്‍ മതേതരത്വവും മനുഷ്യത്വവും നിലനിര്‍ത്തുന്നതുകൊണ്ടാണ് ലീഗിനെ തിരഞ്ഞെടുത്തതെന്ന് ഹരിഗോവിന്ദന്‍ ഈ സന്ദര്‍ഭത്തില്‍ പ്രതികരിച്ചു.

ഇടതുപക്ഷവും സംഘപരിവാറും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഹരിഗോവിന്ദന്‍ ആരോപിച്ചു. സാമുദായിക ധ്രുവീകരണത്തിന് പ്രതിരോധം സൃഷ്ടിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്ന സംവിധാനമായിരുന്നു ഇടതുപക്ഷമെന്നും, അവരുമായി നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍, നിലവില്‍ അവരും സംഘപരിവാറിന് സമാനമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതെന്നും ഹരിഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ക്ക് ഇടതുപക്ഷം പിന്തുണ നല്‍കിയത് ഒരു കലാകാരനെന്ന നിലയില്‍ തന്നെ ഭയപ്പെടുത്തുന്ന സമീപനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുകയാണെങ്കില്‍ അത് മുസ്ലിം ലീഗിലായിരിക്കുമെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പേ താന്‍ പറഞ്ഞിട്ടുണ്ടെന്നും, വാക്കിലല്ല പ്രവൃത്തിയില്‍ മതേതരത്വവും മനുഷ്യത്വവും സൂക്ഷിക്കുന്നവരായതുകൊണ്ടാണ് ലീഗില്‍ ചേര്‍ന്നതെന്നും ഹരിഗോവിന്ദന്‍ ഊന്നിപ്പറഞ്ഞു. വാക്കും പ്രവൃത്തിയും രണ്ടാകുന്ന ഈ കാലഘട്ടത്തില്‍ ലീഗിന്റെ നിലപാടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News